കൊച്ചി: നടി ആക്രമണത്തിനിരയായ കേസില്‍ വിചാരണക്കോടതി മാറ്റാനുള്ള ഹര്‍ജി തള്ളിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ഇരയ്ക്കും പ്രോസിക്യൂഷനും വിശ്വാസം ഇല്ലാത്ത കോടതിയില്‍ വിചാരണ നടക്കരുതെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും ഇരയ്ക്ക് നീതി ലഭിക്കാനാവശ്യമായ എല്ലാ നടപടിയും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
/sathyam/media/post_attachments/8KLBehLDJtlcCqOLC76t.jpg)
വിചാരണക്കോടതി മാറ്റണമെന്ന നടിയുടെയും സര്‍ക്കാരിന്റെയും ആവശ്യം വെള്ളിയാഴ്ച തള്ളിയ ഹൈക്കോടതി തിങ്കളാഴ്ച മുതല്‍ വിചാരണ ആരംഭിക്കാമെന്നും നിര്‍ദേശിച്ചിരുന്നു. നേരത്തെ വാദം കേള്‍ക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി വിചാരണയ്ക്ക് സ്‌റ്റേ ഏര്‍പ്പെടുത്തിയിരുന്നു.
വിചാരണ കോടതി മാറ്റുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. കോടതിയും പ്രോസിക്യൂഷനും ഒരുമിച്ച് പോകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
വിചാരണക്കോടതി നടപടികൾക്കെതിരെ ആക്രമണത്തിന് ഇരയായ നടിയും സർക്കാരും രൂക്ഷ വിമർശനമായിരുന്നു ഹൈക്കോടതിയിൽ ഉന്നയിച്ചത്. വിചാരണയുടെ ആദ്യഘട്ടം മുതല്‍ പ്രതികളെ സഹായിക്കുന്ന നിലപാടാണ് വിചാരണക്കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത് എന്ന ഗൗരവമായ ആരോപണമാണ് സര്‍ക്കാരും പരാതിക്കാരിയും കോടതിയില്‍ ഉയര്‍ത്തിയത്.
വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിക്കുമ്പോഴാണ് വിചാരണക്കോടതിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്.