നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയെ ഇന്ന് വിസ്തരിക്കും

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, March 9, 2021

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ നടനും സംവിധായകനുമായ നാദിര്‍ഷയെ ഇന്ന് വിസ്തരിക്കും. ദിലീപിന്റെ സഹോദരന്‍ അനൂപ്, മാപ്പുസാക്ഷി വിപിന്‍ലാല്‍ എന്നിവരെയും ഇന്ന് വിസ്തരിക്കും.

2017 ഫെബ്രുവരി 17 നാണ് കൊച്ചിയിലേക്ക് ഷൂട്ടിംഗിനു വന്ന യുവനടിയെ ഒന്നാം പ്രതി പള്‍സര്‍ സുനിയടക്കമുള്ള പ്രതികള്‍ ആക്രമിച്ച്‌ അശ്ളീല ദൃശ്യം പകര്‍ത്തിയത്. പിന്നീടു നടത്തിയ തുടരന്വേഷണത്തില്‍ നടന്‍ ദിലീപ് നല്‍കിയ ക്വട്ടേഷനെത്തുടര്‍ന്നാണ് പ്രതികള്‍ കുറ്റകൃത്യം ചെയ്തതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജി വിചാരണക്കോടതി നേരത്തെ തള്ളിയിരുന്നു. സാക്ഷികളെ സ്വാധീനിക്കുന്നെന്നാരോപിച്ചായിരുന്നു പ്രോസിക്യൂഷന്‍ ദിലീപിനെതിരെ ഹര്‍ജി നല്‍കിയത്. ചലച്ചിത്ര താരങ്ങളടക്കമുള്ള ചില പ്രോസിക്യൂഷന്‍ സാക്ഷികള്‍ കൂറുമാറിയിരുന്നു.

×