ക്രൂരമായ ശാരീരിക പീഡനം ഏറ്റുവാങ്ങേണ്ടി വന്നു; എസ്.പി. മൈക്കിളിന്റെ നേതൃത്വത്തില്‍ ക്രൂരമായി പീഡിപ്പിച്ചു; കുറ്റം ഏറ്റാല്‍ വീടും ഭാര്യയ്ക്ക് ജോലിയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തു;സിസ്റ്റര്‍ അഭയ കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അടക്ക രാജു

New Update

തിരുവനന്തപുരം: ഒരു കള്ളന്‍ പറഞ്ഞ നേരില്‍ നിന്നാണ് ആത്മഹത്യയായി എഴുതിത്തള്ളുമായിരുന്ന, അഭയയുടെ കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. അങ്ങനെ രാജ്യത്തെ ക്രിമിനല്‍ കേസുകളുടെ ചരിത്രത്തില്‍ ഏറെ ശ്രദ്ധേയമായ ഒന്നായി സിസ്റ്റര്‍ അഭയ കൊലക്കേസ് മാറുകയായിരുന്നു. എല്ലാ കേസുകളിലും ദൈവം ഒരു തെളിവ് അവശേഷിപ്പിക്കുമെന്ന അന്വേഷണ സംഘത്തിന്റെ വിശ്വാസം ശരിവച്ചത് അടയ്ക്കാ രാജു എന്ന മോഷ്ടാവായിരുന്നു.

Advertisment

publive-image

1992 മാര്‍ച്ച് 27നാണ് അടയ്ക്കാ രാജു പയസ് ടെണ്‍ത് കോണ്‍വെന്റില്‍ മോഷണത്തിനെത്തിയത്. തെളിവുകളില്ലാതെ പോകുമായിരുന്ന കേസില്‍ അതോടെ സുപ്രധാന ദൃക്സാക്ഷിയെയാണ് ലഭിച്ചത്. സംഭവ ദിവസം രാജു മോഷണത്തിന് കയറുമ്പോള്‍ മഠത്തിന്റെ ഗോവണയില്‍ രണ്ട് പുരുഷന്‍മാരെ കണ്ടുവെന്നും അതില്‍ ഒന്ന് ഇപ്പോള്‍ പ്രതിസ്ഥാനത്തുള്ള ഫാ. തോമസ് കോട്ടൂര്‍ ആയിരുന്നു എന്നുമാണ് മൊഴി നല്‍കിയത്.

അന്ന് മോഷണം നടത്താതെ തിരിച്ചുപോയെന്നും പിറ്റേന്നു രാവിലെ മഠത്തിനു പുറത്ത് പൊലീസിനെയും ഫയര്‍ഫോഴ്സിനെയും കണ്ടപ്പോഴാണ് മരണം അറിഞ്ഞതെന്നും അടയ്ക്കാ രാജു മൊഴി നല്‍കിയിരുന്നു. അങ്ങനെയാണ് അഭയയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് വ്യക്തമാകുന്നത്.

അന്വേഷണം നടത്തിയ പൊലീസിനെയും ക്രൈംബ്രാഞ്ചിനേയും പലരും പലവിധത്തില്‍ സ്വാധീനിച്ചെങ്കിലും കള്ളന്റെ മൊഴി മാറിയില്ല, അല്ലെങ്കില്‍ മാറ്റാന്‍ തയാറായില്ല. എല്ലാ ഇടപെടലുകള്‍ക്ക് ഒടുവിലും അവസാനം വരെ കള്ളന്‍ രാജു മൊഴിയില്‍ ഉറച്ചുനിന്നു. ആ മൊഴിയില്‍ നിന്ന് സിസ്റ്റര്‍ സെഫിയിലേക്ക് എത്തിയതോടെ അഭയയുടെ മരണം കൊലപാതകമാണെന്ന് ഉറപ്പിച്ചു.

സത്യം തെളിയുന്നതിന് കള്ളന്‍ രാജു രംഗത്തുവന്നതിന് അനുഭവിച്ച ദുരിതങ്ങള്‍ ഏറെയാണ്. അഭയ കൊല്ലപ്പെട്ട അന്ന് പുലര്‍ച്ചെ പയസ് ടെണ്‍ത്ത് കോണ്‍വെന്റില്‍ മോഷ്ടിക്കാനെത്തിയപ്പോള്‍ പ്രതികളായ തോമസ് കോട്ടൂരിനേയും സിസ്റ്റര്‍ സെഫിയേയും കണ്ടെന്ന് വിധി വരുന്നതിന്റെ തലേ ദിവസമായ ഇന്ന് രാജു ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു. ക്രൈസ്തവ സഭയുടേയും ഭരണകൂടത്തിന്റേയും സ്വാധീനത്തില്‍ അന്വേഷണ ഏജന്‍സിയായ ക്രൈംബ്രാഞ്ച്, അഭയയെ കൊന്നത് താനാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചെന്നുമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലും രാജു നടത്തിയിരിക്കുകയാണ്.

'ക്രൂരമായ ശാരീരിക പീഡനം ഏറ്റുവാങ്ങേണ്ടി വന്നു. എസ്.പി. മൈക്കിളിന്റെ നേതൃത്വത്തില്‍ ക്രൂരമായി പീഡിപ്പിച്ചു. കുറ്റം ഏറ്റാല്‍ വീടും ഭാര്യയ്ക്ക് ജോലിയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തുവെന്നും' രാജു പറയുന്നു.

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് 28 വര്‍ഷത്തിനു ശേഷമാണ് കേസില്‍ വിധി വരുന്നത്. ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്നു പറഞ്ഞ് എഴുതിത്തള്ളിയ കേസില്‍ തെളിവുകളില്ലെന്നും അന്വേഷണം അവസാനിപ്പിക്കണമെന്നും കാണിച്ച് സി.ബി.ഐ മൂന്നുവട്ടം കോടതിയെ സമീപിച്ചിരുന്നു. എന്നിട്ടും അന്വേഷണം ഏറ്റെടുത്ത് 16 വര്‍ഷത്തിനു ശേഷം സി.ബി.ഐ പ്രതികളെ അറസ്റ്റ് ചെയ്തു.

ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ നാര്‍ക്കോ അനാലസിസ്റ്റ് ടെസ്റ്റിന്റ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

sr abhaya sr abhaya murder
Advertisment