/sathyam/media/post_attachments/4L7TntmKsKEFGY1PbhKf.jpg)
ജനമൈത്രി ബീറ്റ് ഓഫീസർമാർ ആഴ്ചയിലൊരിക്കൽ സ്റ്റേഷൻ പരിധിയിലെ വയോജനങ്ങളെ നേരിട്ടെത്തി സന്ദർശിക്കണമെന്ന എഡിജിപി ഡോ.ബി.സന്ധ്യയുടെ പുതിയ ഉത്തരവിനെതിരേ പോലീസ് സേനയിൽത്തന്നെ എതിർപ്പുകൾ പ്രകടമായിരിക്കുന്നു.
ഇന്നലെയാണ് സംസ്ഥാനത്തെ ജനമൈത്രി പോലീസിന്റെ ചുമതലയുള്ള എഡിജിപി ശ്രീമതി ബി സന്ധ്യയുടെ ഈ ഉത്തരവ് എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും ഓൺലൈൻ ആയി ലഭിച്ചത്.
ഉത്തരവിലെ നിർദ്ദേശങ്ങൾ ഇപ്രകാരമാണ് :-
- സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ എല്ലാമാസവും ഓൺലൈനായി വയോജന കൂട്ടായ്മകൾ സംഘടിപ്പിക്കണം.
- ജനമൈത്രി ബീറ്റ് ഓഫീസർമാർ ആഴ്ചയിലൊരിക്കൽ അതാത് സ്റ്റേഷൻ പരിധിയിൽ ഒറ്റയ്ക്കു താമസിക്കുന്നവരും, കിടപ്പു രോഗികളുമായ വയോജനങ്ങളെ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ച് രജിസ്റ്റർ എഴുതുകയും അത് പ്രശാന്തി ഹെൽപ്പ് ലൈനിൽ അപ് ലോഡുചെയ്യുകയും വേണം.
- എല്ലാ ബീറ്റ് ഓഫീസർമാരും ആഴ്ചയിലൊരിക്കൽ വൃദ്ധജനങ്ങളെ അവരുടെ താമസസ്ഥലത്തെത്തി സന്ദർശിക്കുകയും അതിൻ്റെ രജിസ്റ്റർ സൂക്ഷിക്കുകയും എസ്എച്ച്ഒ മാർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യണം.
- പ്രശാന്തി ഹെൽപ്പ് ലൈനിൽ നിന്നുള്ള കോളുകൾക്ക് സത്വര നടപടി സ്വീകരിക്കേണ്ടതാണ്.
- ജില്ലാ പോലീസ് മേധാവിമാർ മേല്പറഞ്ഞ നിർദ്ദേശങ്ങൾ എല്ലാ പോലീസ് സ്റ്റേഷനുകളിലും കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.
പുതിയ ഉത്തരവ് പോലീസ് സേനയിൽ കടുത്ത എതിർപ്പും അതൃപ്‍തിയുമാണുളവാക്കിയിരിക്കുന്നത്. പക്ഷേ എതിരഭിപ്രായങ്ങളോ പ്രതിഷേധങ്ങളോ രേഖപ്പെടുത്താൻ കഴിയാത്ത ഉദ്യോഗസ്ഥ സമൂഹമാണ് പോലീസ്.
/sathyam/media/post_attachments/RKZ4FjlO436pCkrlo8Rz.jpg)
പോലീസുദ്യോഗസ്ഥർക്ക് കേരള പോലീസ് അസോസിയേഷൻ (കെപിഎ), കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ (കെപിഒഎ) എന്നീ സംഘടനകളുണ്ടെങ്കിലും അത്യാവശ്യ സന്ദർഭങ്ങളിൽപ്പോലും ഇവർ മൗനം പാലിക്കുന്നതായി കണ്ടുവരുന്നു.
ഇപ്പോഴത്തെ കോവിഡ് കാലത്ത് ജനങ്ങളുമായി ഏറ്റവും കൂടുതൽ അടുത്തിടപഴകുന്ന ജനമൈത്രി പോലീസുകാർ ഹൈ റിസ്ക്ക് ആയുള്ള വയോജനങ്ങളുമായി നേരിട്ടിട പഴകുന്നത് അപകടകരമല്ലേ എന്നതാണ് ചോദ്യം?
ഇന്നത്തെ സാഹചര്യത്തിൽ പോലീസുകാരിൽ ഭൂരിഭാഗവും കോവിഡ്ബാധ ഭയന്നാണ് ജോലി ചെയ്യുന്നത്. തെരുവിലെ പ്രതിഷേധ സമരക്കാരും, കുറ്റവാളികളും രോഗബാധിതരോ, രോഗ വാഹകരോ ആവാം. അമിത ജോലിഭാരത്തിലും അധികറിസ്‌ക്കിലും ജോലിചെയ്യേണ്ടിവരുന്ന പോലീസുകാർക്ക് പുതിയ ഉത്തരവ് കൂടുതൽ തലവേദനയായിരിക്കുകയാണ്.
ഇതിനിടെ കോവിഡ് ബാധിതരോ, സമ്പർക്കത്തിലായവരോ സ്വന്തം ചെലവിലും, ശമ്പളമില്ലാത്ത അവധിയെടുത്തും ക്വാറൻ റൈനിൽ പോകണമെന്ന് ചില ജില്ലാ പോലീസ് മേധാവിമാർ ഉത്തരവിട്ടിരുന്നു.
ഒരു പോലീസ് സ്റ്റേഷനിൽ രണ്ടു പേരാണ് ജനമൈത്രി ബീറ്റിലുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും, ആശാ വർക്കർമാരും വളരെ കൃത്യമായി നിർവഹിക്കുന്ന ഈ ചുമതലയാണ് അമിത ജോലിഭാരം മൂലം കഷ്ടപ്പെടുന്ന പോലീസുദ്യോഗസ്ഥരുടെ ചുമലിലേൽപ്പിച്ച് പേരെടുക്കുവാൻ ഡോ. ബി സന്ധ്യ ശ്രമിക്കുന്നതെന്നു വേണം പറയാൻ. ഓൺലൈൻ വയോജന കൂട്ടായ്മ എന്നത് എത്രമാത്രം അപ്രായോഗികമാണെന്ന് ഏവർക്കുമറിയാം.
ഫോൺ ചെയ്തു വിവരങ്ങൾ അന്വേഷിക്കാനും തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളിൽ നിന്നും വിവരം ശേഖരിക്കാനും അനായാസം കഴിയുമെന്നിരിക്കേ ഇത്തരം ഒരുത്തരവിന്റെ പ്രസക്തിതന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
പോലീസ് വകുപ്പിലെഉന്നതാധികാരികൾ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ വിഷമതകളും ബുദ്ധിമുട്ടുകളും ഉൾക്കൊള്ളാൻ ശ്രമിക്കാതെ ഇറക്കുന്ന ഇത്തരം അപ്രായോഗികമായ ഉത്തരവുകൾ പലതും പുനഃപരിശോ ധനയ്ക്ക് വിധേയമാക്കേണ്ടവ തന്നെയാണ്.
(അറിവുകൾ പങ്കുവച്ചത് പൊതുപ്രവർത്തകനായ ജോസ് പ്രകാശ് കിടങ്ങൻ ആണ് )
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us