Advertisment

നമ്മുടെ കുഞ്ഞുങ്ങള്‍ അരക്ഷിതരാണ്…

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

-അഡ്വ. ചാര്‍ളിപോള്‍ 

MA, LLB, DSS (ട്രെയ്നര്‍ & മെന്‍റര്‍)

ശരീരം കത്തികൊണ്ട് വരഞ്ഞും മുറിച്ചും മര്‍ദ്ദിച്ചും അഞ്ചുവയസ്സുകാരിയെ രണ്ടാനച്ഛന്‍ കൊന്നു. പത്തനംതിട്ട കുമ്പഴ കളീക്കല്‍ പടിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് രാജപാളയം സ്വദേശികളുടെ കുടുംബത്തിലെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. ശരീരത്തില്‍ അറുപതിലേറെ മുറിവുകളും മര്‍ദ്ദിച്ചതിന്‍റെ പാടുകളുമുണ്ടായിരുന്നു. ആറ് ദിവസം ക്രൂരമായി പീഡിപ്പിച്ചാണ് കൊന്നതെന്ന് പോലീസ് റിപ്പോര്‍ട്ട്. കഴുത്ത്, നെഞ്ച്, അടിവയര്‍ എന്നിവിടങ്ങളില്‍ വലിയ ക്ഷതമേറ്റെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. സംഭവത്തില്‍ രണ്ടാനച്ഛന്‍ അലക്സിനെ (23) പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. വീടുകളില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ അരക്ഷിതരാണ്. വനിത-ശിശു വികസനവകുപ്പ് മുന്‍പ് വീടുകളിലെ സാഹചര്യങ്ങള്‍ കണ്ടെത്താനുള്ള വള്‍നറബിലിറ്റി മാപ്പിങ് നടത്തിയിരുന്നു. അന്ന് സംസ്ഥാനത്ത് അരക്ഷിതരായ സാഹചര്യങ്ങളില്‍ 5.5 ലക്ഷം കുട്ടികള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

വീണ്ടും ഇത്തരത്തിലുള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്ക് വേണ്ട സംരക്ഷണവും കൗണ്‍സിലിംഗും നല്‍കാന്‍ വനിത-ശിശു വികസനവകുപ്പ് തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. അങ്കണവാടി ജീവനക്കാരുടെയും ആശാവര്‍ക്കര്‍മാരുടെയും സഹായത്തോടെ കുട്ടികളെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്.

കുടുംബങ്ങളില്‍ കുട്ടികള്‍ അരക്ഷിതരായി മാറുന്നതിന്‍റെ പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. കുടുംബപ്രശ്നങ്ങളാണ് കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളിലേക്ക് നയിക്കുന്നത്. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ് താമസിക്കുന്ന കുടുംബങ്ങള്‍, സ്ഥിരമായ കലഹങ്ങള്‍, കുട്ടികളോടുള്ള സ്നേഹക്കുറവും അവഗണനയും, ക്രൂരമായ ശിക്ഷാനടപടികള്‍, മാതാപിതാക്കളുടെ പെരുത്തക്കേടുകള്‍, ധാര്‍മിക അധ:പതനം, മാതാപിതാക്കളുടെ രണ്ടാംവിവാഹം, ഒളിച്ചോട്ടം, മദ്യപാനം, മയക്കുമരുന്നുപയോഗം, സാമ്പത്തിക പ്രശ്നങ്ങള്‍

തുടങ്ങി നിരവധിപ്രശ്നങ്ങള്‍ കുട്ടികളെ അരക്ഷിതരാക്കുന്നുണ്ട്.

കുമ്പഴയിലെ മരിച്ച കുട്ടിയുടെ കാര്യത്തില്‍ അമ്മയുടെ രണ്ടാംവിവാഹവും രണ്ടാനച്ഛന്‍റെ ലഹരി ഉപയോഗവുമാണ് പ്രശ്നങ്ങളിലേക്ക് നയിച്ചത്. കുടുംബങ്ങളിലെ അരക്ഷിതാവസ്ഥ കുട്ടികളെ ഗുരുതരമായ പ്രശ്നങ്ങളിലേക്കും പ്രതിസന്ധി കളിലേക്കുമാണ് നയിക്കുക. കുട്ടികളുടെ വ്യക്തിത്വരൂപീകരണ പ്രക്രിയ അടിമുടി താളം തെറ്റും.

ചിന്തകനായ ആന്‍ഡേഴ്സ്ണ്‍ പറയുന്നു. "80 ശതമാനം കുട്ടികളും സ്നേഹമില്ലാത്ത കുടുംബങ്ങളില്‍ നിന്നും വരുന്നവരാണ്. സ്നേഹരാഹിത്യം ക്രൂരതകളുടെ മാനങ്ങളിലേക്കാണ് ഒരുവനെ നയിക്കുക" മന:ശാസ്ത്രജ്ഞനായ ലെനോള്‍ട്ടോ പറയുന്നു: "കുടുംബസാഹചര്യം കുട്ടികളെ താന്തോന്നികളും ചട്ടമ്പികളുമാക്കും. പകയുമായി വളരുന്നകുട്ടി ആക്രമണ സ്വഭാവം കാണിക്കും". ശാരീരികവും മാനസിക വുമായ പീഡനങ്ങള്‍ മനസ്സില്‍ വലിയ മുറിവുകള്‍ സൃഷ്ടിക്കും. ഭയവും വെറുപ്പും വൈരാഗ്യവും സംഭ്രമവും അപകര്‍ഷതാബോധവും പ്രതികാരചിന്തയും ആക്രമണവാസനയും കുട്ടികളില്‍ രൂപപ്പെടുന്നത് ക്രൂരതകള്‍ നല്‍കുന്നതിലാണ്.

ക്രൂരതകള്‍ നിറഞ്ഞ ബാല്യം ക്രൂരന്മാരെയാണ് സൃഷ്ടിക്കുക. കടുത്ത മ്ലാനതയിലേക്കോ ഒളിച്ചോട്ടത്തിലേക്കോ മദ്യം, മയക്കുമുരന്ന് എന്നിവയിലേക്കോ ആത്മഹത്യയിലേക്കോ ഒക്കെ ഈ സാഹചര്യം കുട്ടികളെ കൊണ്ടുചെന്നെത്തിക്കും. മാനസികവും ശാരീരികവുമായ ക്രൂരതകള്‍ ഏറ്റുവാങ്ങുന്നവരുടെ തലച്ചോറും ശരീരത്തിലെ സംരക്ഷണ സംവിധാന ങ്ങളും ശരിയായി പ്രവര്‍ത്തിക്കുന്നില്ല എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ഭാവിയില്‍ ഇക്കൂട്ടര്‍ സാമൂഹ്യദ്രോഹികളോ മനോരോഗികളോ ഒക്കെയായി മാറിയേക്കാം.

അതിനാല്‍ കുട്ടികളോടുള്ള ഒരു ക്രൂരതയും വച്ച് പൊറിപ്പിക്കരുത്. ഇത്തരം സംഭവങ്ങള്‍ ഇനി

ആവര്‍ത്തിക്കാനിട വരരുത്. പോലീസും ശിശുക്ഷേമ സമിതി പ്രവര്‍ത്തകരും റസിഡന്‍സ്

അസോസിയേഷനുമെല്ലാം ഉണര്‍ന്ന് ജാഗ്രത പുലര്‍ത്തുക. കുടുംബാംഗങ്ങളുടെയും സമൂഹത്തിന്‍റെയും ജാഗ്രതയുടെ കരവലയത്തിനുള്ളില്‍ സുരക്ഷിതരായി, സന്തോഷത്തോടെ സ്നേഹം അനുഭവിച്ച് നമ്മുടെ കുട്ടികള്‍ വളരട്ടെ. (8075789768)

voices
Advertisment