ഓണക്കിറ്റിലെ പപ്പടത്തിന് കമ്മീഷനടിച്ച കേസാണെങ്കില്‍ പോട്ടേന്ന് വയ്ക്കുമായിരുന്നു. ഇത് രാജ്യസുരക്ഷയെ ബാധിക്കുന്ന സ്വര്‍ണ്ണക്കള്ളക്കടത്തുകേസാണ് - തലയില്‍ മുണ്ടിട്ട് ചോദ്യം ചെയ്യലിനു വിധേയനായ മന്ത്രി ജലീല്‍ രാജി വയ്ക്കാതെ പോംവഴിയില്ല - അഡ്വ. പിഎംഎ സലാം

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

publive-image

കോഴിക്കോട്: ഔദ്യോഗിക വാഹനമുപേക്ഷിച്ചു വസ്ത്രം മാറി തലയിൽ മുണ്ടിട്ട് മാധ്യമങ്ങളെ കബളിപ്പിച്ചു കള്ളകടത്തു കേസിൽ ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രിയുടെ മടിയിൽ കനം ഇല്ലന്ന് ഇനിയും ജനം വിശ്വസിക്കണോയെന്ന് മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം.

Advertisment

ഏതന്വേഷണത്തേയും സധൈര്യം നേരിടാൻ തയ്യാറെന്ന് വലിയ വായില്‍ വിളിച്ചു പറഞ്ഞവരൊക്കെ തലയില്‍ മുണ്ടിട്ട് എന്‍ഫോഴ്സ്മെന്റ് ഓഫീസുകള്‍ കയറിയിറങ്ങുന്ന കാഴ്ച ഏറെ കൗതുകകരമാണ്.

കേസ് വെറും സ്വർണ്ണ കള്ളക്കടത്തല്ല; രാജ്യസുരക്ഷയെതന്നെ ബാധിക്കുന്ന തരത്തിൽ നയതന്ത്ര സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി നയതന്ത്ര ബാഗേജുകള്‍ വഴി നടത്തിയ കള്ളക്കടത്താണ്.

ഓണക്കിറ്റിലെ പപ്പടത്തിന് കമ്മീഷനടിച്ച കേസിലാണെങ്കില്‍ പോട്ടേന്ന് വെക്കാമായിരുന്നു. കേസില്‍ വിവാദമുയര്‍ന്ന് വന്നപ്പഴേ നാടകങ്ങളും  വിശദീകരണങ്ങളും തുടരെയുണ്ടായി. തന്‍റെ കൈകള്‍ ശുദ്ധമാണെന്ന് സ്ഥാപിക്കാന്‍ ആദ്യം സ്ക്രീന്‍ ഷോട്ടുമായി വന്നു.

റംസാന്‍ കിറ്റ് വിതരണം നടത്താന്‍ മുന്‍കൈയെടുത്തതിന് ക്രൂശിക്കുന്നു എന്നായിരുന്നു പിന്നീട്  പറഞ്ഞത്. യുഎഇയില്‍ നിന്നും വന്ന  ഖുര്‍ആന്‍ കോപ്പികള്‍ വിതരണം ചെയ്തതിനാണോ തന്നെ ആക്രമിക്കുന്നതെന്ന് ചോദിച്ചു കൊണ്ടായിരുന്നു പിന്നീടുളള വരവ്.

യുഎഇയില്‍ നിന്നും വരുത്തിയ ഖുര്‍ആന്‍ കോപ്പികള്‍ എടപ്പാളില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും തിരികെ നല്‍കാമെന്നും പറഞ്ഞ് അവസാനം  തടിയൂരാന്‍ ശ്രമിച്ചു.

കള്ളക്കടത്ത് നടത്തി വിതരണം ചെയ്യേണ്ടുന്ന കൃതിയാണോ പരിശുദ്ധ ഖുർആൻ എന്ന്  തൽക്കാലം ചോദിക്കുന്നില്ല. വിവാദങ്ങളും ആരോപണങ്ങളുണ്ടാകുമ്പോഴെല്ലാം ഹദീസും ഖുര്‍ആനും ഉദ്ധരിച്ചുളള ഗീര്‍വാണങ്ങള്‍ പതിവാക്കിയ മന്ത്രിക്ക് ഇത്തവണ വിനയായതും അത് തന്നെയാണ്.

സ്വര്‍ണ്ണക്കടത്തെന്ന് കേട്ടപ്പഴേ ലീഗ് നേതാക്കളുടെ ജാതകം നോക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ മാളത്തില്‍ നിന്ന് ഇറങ്ങി വരണം. പ്രതികള്‍ക്ക് ലീഗ് നേതാക്കളുമായി അടുത്ത ബന്ധമെന്ന് അച്ച് നിരത്തിയവരും ചോദ്യം ചെയ്യലിന് തലയില്‍ മുണ്ടിട്ട് പോകുന്നവരുടെ ജാതകം കൂടി പരിശോധിക്കാന്‍ തയ്യാറാകണമെന്നും സലാം ആവശ്യപ്പെട്ടു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒരു ലീഗ് നേതാവിനെയോ പ്രവര്‍ത്തകനെയോ സാക്ഷി പട്ടികയില്‍ പോലും ഉള്‍പെടുത്തിയിട്ടില്ലെന്ന് സധൈര്യം പറയാന്‍ ഞങ്ങള്‍ക്ക് സാധിക്കും.

ജലീലിന്‍റെ ഉത്തരങ്ങള്‍ അനേഷണ ഉദ്യോഗസ്ഥരായ ഇ ഡിയുടെ മുന്നില്‍ മാത്രംപറഞ്ഞാല്‍ മതിയാവില്ല. തെരഞ്ഞെടുത്ത ജനങ്ങളുടെ മുന്നില്‍ കൂടി പറയേണ്ടിവരും. ആ ഉത്തരങ്ങള്‍ തൃപ്തികരമാവുകയും വേണമെന്നും സലാം പറഞ്ഞു.

kt jaleel
Advertisment