Advertisment

മോന്റെ ചോര പുരണ്ട ആ ഹാമർ കഴുകിയെടുത്ത് വീണ്ടും മത്സരം നടത്തിയെന്ന് പത്രത്തിൽ കണ്ടപ്പോൾ ഞങ്ങൾക്കു സഹിച്ചില്ല ; ഹാമർ എറിഞ്ഞ കുട്ടിയെ ഞങ്ങൾക്കൊന്ന് കാണണമെന്നുണ്ട് ; ചേർത്ത് പിടിച്ച് അവളോട് പറയണം ഇത് മോളുടെ തെറ്റല്ല,​ എല്ലാം ദൈവത്തിന്റെ തീരുമാനമായിരുന്നെന്ന്'; അഫീലിന്റെ അച്ഛനും അമ്മയും

New Update

കോട്ടയം: പാലായിലെ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ഹാമർ ത്രോ മത്സരത്തിനിടെ ഹാമർ തെറിച്ചുവീണ് മരിച്ച അഫീൽ ജോൺസന്റെ വിയോഗം താങ്ങാൻ സാധിക്കുന്നില്ലെങ്കിലും ജോൺസൺ-ഡാർലി ദമ്പതികൾ ഇപ്പോൾ ആഗ്രഹിക്കുന്നത് ആ ഹാമർ എറിഞ്ഞ കുട്ടിയെ ഒരു നോക്ക് കാണാനും ചേർത്തുപിടിക്കാനുമാണ്.

Advertisment

publive-image

ഹാമർ എറിഞ്ഞ കുട്ടിയെ കാണണമെന്ന ആഗ്രഹം ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അഫീലിന്റെ അമ്മ പങ്കുവച്ചത്. 'ആ മോളെ ഞങ്ങൾക്കൊന്ന് കാണണമെന്നുണ്ട്. ചേർത്ത് പിടിച്ച് അവളോട് പറയണം ഇത് മോളുടെ തെറ്റല്ല,​ എല്ലാം ദൈവത്തിന്റെ തീരുമാനമായിരുന്നെന്ന്.

ഇനിയും മിടുക്കിയായി സ്കൂളിൽ പോണം,​ വീണ്ടും മത്സരങ്ങളിൽ പങ്കെടുക്കണമെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കണം. ഞങ്ങൾ ആശ്വസിപ്പിക്കുന്പോൾ അവളുടെ സങ്കടം കുറഞ്ഞാലോ'- ഡാർലി പറഞ്ഞു.

മോന്റെ ചോര പുരണ്ട ആ ഹാമർ കഴുകിയെടുത്ത് വീണ്ടും മത്സരം നടത്തിയെന്ന് പത്രത്തിൽ കണ്ടപ്പോൾ ഞങ്ങൾക്കു സഹിച്ചില്ല. അവരുടെ മക്കളായിരുന്നെങ്കിലോയെന്നും ആ അമ്മ ചോദിക്കുന്നു.

എന്തെങ്കിലും അദ്ഭുതം സംഭവിച്ച് തിരിച്ച് വരുമെന്നായിരുന്നു പ്രതീക്ഷയെന്നും തിരിച്ച് വരില്ലെന്നറിയാമായിരുന്നെങ്കിൽ മകനെ വേദനിപ്പിക്കാതെ ദൈവസന്നിധിയിലേക്ക് ചേർക്കാൻ ഞങ്ങൾ പ്രാർഥിക്കുമായിരുന്നെന്നും ഡാർലി പറഞ്ഞു. മോന്റെ ആത്മാവിന് നീതി കിട്ടണമെന്ന് മാത്രമാണ് മനസിലെന്നും അവർ കൂട്ടിച്ചേർത്തു.

Advertisment