ഓർമ്മച്ചിത്രവുമായി കളിക്കൂട്ടുകാർ ഹാമർ കൊണ്ടു മരിച്ച അഫീലിന്റെ വീട്ടിൽ !

ന്യൂസ് ബ്യൂറോ, പാലാ
Friday, November 8, 2019

പാലാ: കായികമേളയ്ക്കിടെ ഹാമർ കൊണ്ടു മരണമടഞ്ഞ അഫീൽ ജോൺസന്റെ വീട് കൂട്ട് കളിക്കാർ സന്ദർശിച്ചു. അഫീലിന്റെ മാതാപിതാക്കൾക്കു കൈമാറാനായി ഒരു അപൂർവ്വ ചിത്രവും കൂട്ടുകാർ കരുതിയിരുന്നു.

കളിയിലെ മികവിനു പാലാ സ്പോർട്ട്സ് ആൻറ് വെൽഫെയർ അസോസിയേഷനും കേരളാ ബ്ലാസ്റ്റേഴ്സും ചേർന്നു നൽകിയ സർട്ടിഫിക്കേറ്റ് പോർച്ചുഗീസ് കോച്ച് ജാവോ പെഡ്രോ അഫീലിനു സമ്മാനിക്കുന്ന അപൂർവ്വ ചിത്രമായിരുന്നു അത്. ഫോട്ടോഗ്രാഫറായ തങ്കച്ചൻ പാലായുടെ ശേഖരത്തിൽ ഉണ്ടായിരുന്ന ചിത്രമാണ് കൂട്ടുകാർ കൈയ്യിൽ കരുതിയിരുന്നത്.

സർട്ടിഫിക്കേറ്റ് സമ്മാനിക്കുന്ന സമയത്ത് അഫീൽ ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും തങ്കച്ചൻ ഫോട്ടോ എടുത്തിരുന്നു. കഴിഞ്ഞ ദിവസം യാദൃശ്ചികമായി കംപ്യൂട്ടറിൽ ചിത്രം ശ്രദ്ധയിൽപ്പെട്ടതോടെ അഫീലിന്റെ കൂട്ടുകളിക്കാരായ കുട്ടികളെ ചിത്രം ഏൽപ്പിക്കുകയായിരുന്നു.

അഫീലിന്റെ വീട്ടിലെത്തിയ കൂട്ടുകളിക്കാരായ ജോസഫ് കുര്യൻ, ദേവദത്തൻ കെ പ്രദീപ്, മണികണ്ഠൻ അജി, ശ്രീഹരി അരുൺ എന്നിവർ ചേർന്നു മാതാപിതാക്കളായ ജോൺസൺ, ഡാർളി എന്നിവർക്ക് ചിത്രം കൈമാറി.

നിറകണ്ണുകളോടെയാണ് മാതാപിതാക്കൾ അഫീലിന്റെ അപൂർവ്വ ചിത്രം ഏറ്റുവാങ്ങിയത്. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, പ്രദീപ്കുമാർ കെ എസ്‌, അനൂപ് കെ, തങ്കച്ചൻ പാലാ എന്നിവരും ഒപ്പമുണ്ടായിരുന്നു.

×