Advertisment

ഭാര്യയെ മൃഗീയമായി പീഡിപ്പിച്ചു കൊന്ന കൊടുംക്രിമിനല്‍ ഉള്‍പ്പെടെ വനിതാ ജഡ്ജിമാര്‍ തടവിലാക്കിയ ക്രിമിനലുകളെയെല്ലാം താലിബാന്‍ മോചിപ്പിച്ചു; ജയിലില്‍ നിന്നിറങ്ങിയ പിന്നാലെ ആയുധങ്ങളുമായി തങ്ങളെ ശിക്ഷിച്ച ജഡ്ജിമാരെ തേടി വീടുകള്‍ കയറിയിറങ്ങി ക്രിമിനലുകള്‍, കയ്യില്‍കിട്ടിയാല്‍ ഭാര്യയെ കൊന്നപോലെ തന്നെ കൊല്ലുമെന്ന് ഭീഷണി; അഫ്ഗാനിസ്താന്റെ വിവിധ ഭാഗങ്ങളില്‍ ഭയന്നു വിറച്ച് ഒളിച്ചുജീവിക്കുന്നത് 220 വനിതാ ജഡ്ജുമാരാണെന്ന് റിപ്പോര്‍ട്ട്‌

New Update

കാബുള്‍: കാബൂളിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം യൂറോപ്പിൽ അഭയംതേടിയ ഒരു അഫ്ഗാൻ വനിതാ ജഡ്ജി ഒരിക്കല്‍ താന്‍ തടവിലാക്കിയ പുരുഷൻമാർ തന്നെ വേട്ടയാടിയ സംഭവം വിവരിക്കുകയാണ്‌, ഇപ്പോൾ രാജ്യം ഏറ്റെടുത്ത താലിബാൻ പോരാളികൾ വനിതാ ജഡ്ജിമാര്‍ തടവിലാക്കിയ കൊടുംക്രിമിനലുകളെ മോചിപ്പിച്ചിരിക്കുകയാണ്‌.

Advertisment

publive-image

"നാലോ അഞ്ചോ താലിബാൻ അംഗങ്ങൾ വന്ന് എന്റെ വീട്ടിലെ ആളുകളോട് ചോദിച്ചു: 'ജഡ്ജി എവിടെയാണ്?' ഇവരെയാണ് ഞാൻ ജയിലിൽ അടച്ചത്, " ഒരു അഭിമുഖത്തിൽ ജഡ്ജി റോയിട്ടേഴ്സിനോട് പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ 250 ഓളം വനിതാ ജഡ്ജിമാരാണുള്ളത്. സമീപ ആഴ്ചകളിൽ കുറച്ച് പേർക്ക് രക്ഷപ്പെടാൻ സാധിച്ചു, പക്ഷേ മിക്കവരും പിന്നിലായിപ്പോയി, ഇപ്പോഴും രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര സഹപ്രവർത്തകരും പറയുന്നു.

അമേരിക്ക സൈന്യത്തെ പിൻവലിച്ചതോടെ അധികാരത്തിൽ വന്ന തീവ്രവാദികൾ മിക്ക ജോലികളിൽ നിന്നും സ്ത്രീകളെ വിലക്കി. ജനുവരിയിൽ രണ്ട് വനിതാ സുപ്രീം കോടതി ജഡ്ജിമാരെ അജ്ഞാതർ വെടിവെച്ചു കൊന്നു.  സംഭവത്തില്‍ പങ്കില്ലെന്നാണ്‌ താലിബാൻ വക്താവ് അന്ന് പറഞ്ഞത്.

ഇപ്പോൾ, താലിബാൻ രാജ്യത്തുടനീളമുള്ള തടവുകാരെ മോചിപ്പിച്ചു, ഇത് "യഥാർത്ഥത്തിൽ വനിതാ ജഡ്ജിമാരുടെ ജീവൻ അപകടത്തിലാക്കുന്നു," അഫ്ഗാൻ ജഡ്ജി പറഞ്ഞു. ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് വുമൺ ജഡ്ജസിലെ (IAWJ) മനുഷ്യാവകാശ സന്നദ്ധപ്രവർത്തകരുടെയും വിദേശ സഹപ്രവർത്തകരുടെയും സഹായത്തോടെയാണ് അവർ രക്ഷപ്പെട്ടത്.

അഫ്ഗാനില്‍ ഭാര്യമാരെ കൊല ചെയ്തതടക്കമുള്ള ക്രൂരകൃത്യങ്ങളുടെ പേരില്‍ വനിതാ ജഡ്ജുമാര്‍ ജയിലിലടച്ച കൊടുംകുറ്റവാളികളെ താലിബാന്‍ മോചിപ്പിച്ചിരിക്കുകയാണ്‌. തങ്ങളെ ശിക്ഷിച്ച ജഡ്ജുമാരെ ഇപ്പോള്‍ ക്രിമിനലുകള്‍ തിരഞ്ഞ് നടക്കുകയാണെന്നാണ്‌ റിപ്പോര്‍ട്ട്‌ .അഫ്ഗാനിസ്താന്റെ വിവിധ ഭാഗങ്ങളില്‍ ഭയന്നു വിറച്ച് ഒളിച്ചുജീവിക്കുന്നത് 220 വനിതാ ജഡ്ജുമാരാണെന്നാണ് റിപ്പോര്‍ട്ട്‌.

താലിബാന്‍കാരില്‍നിന്നുള്ള വിവാഹ മോചനം തേടിയെത്തിയ നിരവധി സ്ത്രീകള്‍ക്കും ആശ്വാസമായിരുന്നു ഈ വനിതാ ജഡ്ജുമാര്‍. വിവിധ സ്ഥലങ്ങളിലായി ഒളിച്ചു താമസിക്കുന്ന ആറു വനിതാ ജഡ്ജുമാരോട് സംസാരിച്ചാണ് ബിബിസി ഈ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അനേകം പുരുഷന്‍മാര്‍ ജയിലിലായത് ഇവരുടെ വിധിന്യായങ്ങളെ തുടര്‍ന്നായിരുന്നു. പ്രതികളില്‍ ഏറെപ്പേരും താലിബാനുമായി ബന്ധമുള്ളവരും.

ബലാല്‍സംഗം, കൊലപാതകം, സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ തുടങ്ങിയ നിരവധി കേസുകളില്‍ താന്‍ നൂറു കണക്കിന് പുരുഷന്‍മാര്‍ക്ക് തടവുശിക്ഷ വിധിച്ചിട്ടുണ്ടെന്ന്  മസൂമ പറയുന്നു.

'' താലിബാന്‍ ജയില്‍ തുറന്ന് എല്ലാ തടവുകാരെയയും മോചിപ്പിച്ചു എന്ന് അറിഞ്ഞ നട്ടപ്പാതിരയ്ക്കാണ് ഞാന്‍ കുടുംബത്തോടൊപ്പം വീടും പൂട്ടി ഒളിവു ജീവിതത്തിലേക്ക് ഇറങ്ങിയത്. തിരിച്ചറിയാതിരിക്കാന്‍ ഒരു ബുര്‍ഖ ധരിച്ചാണ് രക്ഷപ്പെട്ടത്.

താലിബാന്‍ ചെക്ക്‌പോസ്റ്റുകളില്‍നിന്ന് എങ്ങനെയൊക്കെയാ രക്ഷപ്പെട്ടു. പിന്നെ ഇതുവരെ പല സ്ഥലങ്ങളില്‍ മാറിമാറിത്താമസിച്ചു. ഞങ്ങള്‍ വീടുവിട്ടിറങ്ങിയതിനു പിന്നാലെ, വീട്ടില്‍ ഞങ്ങളെ തേടി സായുധ താലിബാന്‍ സംഘം വന്നതായി അയല്‍ക്കാര്‍ വിളിച്ചറിയിച്ചിരുന്നു.

എങ്ങനെ ഇതുപോലെ ഭയന്ന് ജീവിതം തുടരും എന്നറിയില്ല. എന്റെ ശമ്പളം നിലച്ചു. കുടുംബത്തിന്റെ ആശ്രയം ഇല്ലാതായി. അതോടൊപ്പം എന്റെ ജീവിതവും അപകടത്തിലായി.''അവര്‍ പറയുന്നു.

ഭാര്യയെ മൃഗീയമായി പീഡിപ്പിച്ചു കൊന്ന ഒരു കൊടും കുറ്റവാളിയുടെ കഥ പറയുന്നുണ്ട് ഈ വനിതാ ജഡ്ജ്. താലിബാന്‍കാരായിരുന്നു അയാള്‍. അതിക്രൂരമായ കൊലപാതകത്തില്‍ 20 വര്‍ഷം തടവു വിധിച്ചു.

''ജയിലില്‍ പോവും മുമ്പ് അയാള്‍ എന്നോടുപറഞ്ഞു, ജയിലില്‍ നിന്നിറങ്ങിയാല്‍ ഞാന്‍ നിങ്ങളെ കാണും. ഭാര്യയോട് ചെയ്തതുപോലെ നിങ്ങളോടും ചെയ്യും എന്ന്. അന്ന് ഞാനത് കാര്യമായെടുത്തില്ല. എന്നാല്‍, താലിബാന്‍ വന്നപ്പോള്‍ അയാളും പുറത്തിറങ്ങി.

എന്റെ നമ്പറിലേക്ക് അയാള്‍ വിളിച്ചു. നീതിന്യായ വകുപ്പില്‍നിന്നും എന്റെ നമ്പര്‍ എടുത്തിട്ടാണ് അയാള്‍ വിളിച്ചത്. പിന്നാലെയുണ്ടെന്നും കൈയില്‍കിട്ടിയാല്‍ ബാക്കിവെക്കില്ലെന്നുമാണ് അയാള്‍ ഭിഷണിപ്പെടുത്തുന്നത്. ''-ബിബിസിയോട് അവര്‍ പറയുന്നു.

20 വര്‍ഷത്തിനുള്ളില്‍ 270 സ്ത്രീകളാണ് അഫ്ഗാനിസ്താനില്‍ ജഡ്ജിയുടെ കസേരയിലിരുന്നിട്ടുള്ളത്. അവരില്‍ 220 പേരാണിപ്പോള്‍ ഒളിവില്‍ കഴിയുന്നത്. ഇവരെല്ലാം അഫ്ഗാനിലാകെ ആദരിക്കപ്പെട്ട വ്യക്തിത്വങ്ങളായിരുന്നു.

 

taliban
Advertisment