അന്തര്‍ദേശീയം

മുന്‍ഭരണത്തില്‍ നിന്നും താലിബാന്‍ ഒട്ടും മാറിയിട്ടില്ല; കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം പൊതുസ്ഥലത്ത് തൂക്കിയിട്ട് പ്രദര്‍ശിപ്പിച്ച് താലിബാന്‍, കഴിഞ്ഞ കാലത്തേയ്ക്കുള്ള തിരിച്ചു പോക്കിന്റെ സൂചന ?

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Sunday, September 26, 2021

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഒരു നഗര സ്ക്വയറിൽ കൊല്ലപ്പെട്ട ഒരു യുവാവിന്റെ മൃതദേഹം പൊതുസ്ഥലത്ത് ക്രെയിനിൽ തൂക്കിയിട്ട് പ്രദര്‍ശിപ്പിച്ച് താലിബാന്‍ ക്രൂരത. താലിബാൻ ഉദ്യോഗസ്ഥർ തുടക്കത്തിൽ നാല് മൃതദേഹങ്ങൾ പടിഞ്ഞാറൻ നഗരമായ ഹെറാത്തിലെ സെൻട്രൽ സ്ക്വയറിലേക്ക് കൊണ്ടുവന്നു.

തുടർന്ന് അവയിൽ മൂന്നെണ്ണം നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പൊതുദർശനത്തിനായി മാറ്റി, സ്ക്വയറിന്റെ അരികിൽ ഫാർമസി നടത്തുന്ന വസീർ അഹമ്മദ് സെദ്ദീഖി പറഞ്ഞു.

തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടയാള്‍ എന്ന പ്രഖ്യാപനത്തോടെയാണ് മൃതദേഹം പ്രദര്‍ശിപ്പിച്ചതെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

വീഡിയോയിൽ ആളുകൾ ക്രെയിനിന് ചുറ്റും തടിച്ചുകൂടുന്നതും ചില പുരുഷന്മാർ തൂക്കിയിട്ട മൃതദേഹത്തിലേക്ക് നോക്കുന്നതും കാണാം. “എല്ലാ ക്രിമിനലുകളും സുരക്ഷിതരല്ലെന്ന് അറിയിക്കുക എന്നതാണ് ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം,”  ഒരു താലിബാൻ കമാൻഡർ എപിയോട് പറഞ്ഞു.

എന്നാല്‍ മൃതദേഹങ്ങളുടെ ഇത്തരത്തിലുള്ള പ്രദര്‍ശനം സംബന്ധിച്ച് ഇതുവരെ താലിബാന്‍ നിലപാട് വ്യക്തമാക്കിയിരുന്നില്ല. അതേസമയം ശരിയ നിയമം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്ന താലിബാന്‍ നേതാവായ മുല്ലാ നൂറുദ്ദീന്‍ തുറാബി കുറ്റക്കാരെ തൂക്കിക്കൊല്ലുകയും അംഗവിച്ഛേദം നടത്തുകയും ചെയ്യുമെന്ന് വിശദമാക്കിയിരുന്നു.

1996-2001 കാലഘട്ടത്തില്‍ കണ്ണില്ലാത്ത ക്രൂരതയ്ക്ക് ഉത്തരവുകള്‍ ഇട്ട ധര്‍മ്മ പ്രചാരണം ദുര്‍മാര്‍ഗം തടയല്‍ എന്ന മന്ത്രാലയം താലിബാന്‍ വീണ്ടും ആവിഷ്കരിച്ചത് ആശങ്ക പടര്‍ത്തുന്നുണ്ട്.

×