അന്തര്‍ദേശീയം

അഫ്ഗാന്‍ ഉപപ്രധാനമന്ത്രി മുല്ലാ ബറാദാര്‍ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; നിഷേധിച്ച് താലിബാന്‍; ശബ്ദസന്ദേശം പുറത്തുവിട്ടു

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Tuesday, September 14, 2021

കാബൂൾ: ശത്രുക്കളുടെ വെടിവയ്പിൽ അഫ്ഗാനിസ്ഥാന്‍ ഉപപ്രധാനമന്ത്രിയായ മുല്ല അബ്ദുൽ ഗനി ബറാദർ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജമെന്ന് താലിബാൻ. പ്രസ്ഥാനത്തിനകത്ത് ആഭ്യന്തര പിളർപ്പുള്ളതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പ്രചരിക്കുന്നതെല്ലാം നുണകളാണെന്നു താലിബാൻ പുറത്തുവിട്ട ശബ്ദ സന്ദേശത്തിൽ പറയുന്നു.

അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പുറത്തുവരുന്നതെന്ന് താലിബാന്‍ വക്താവ് സുലൈല്‍ ഷഹീന്‍ ട്വിറ്ററില്‍ പറഞ്ഞു. പിന്നാലെ മുല്ലാ ബറാദാര്‍ കാണ്ഡഹാറില്‍ യോഗത്തില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടു. എന്നാല്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ വീഡിയോയുടെ വിശ്വാസ്യത സ്ഥിരീകരിച്ചിട്ടില്ല.

ഹഖാനി നെറ്റ്വര്‍ക്ക് തലവന്‍ സിറാജുദ്ദീന്‍ ഹഖാനിയുമായുള്ള മുല്ലാ ബറാദാറിന്റെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രചരിച്ചത്. താലിബാനില്‍ ഹഖാനി ഗ്രൂപ്പും ബറാദാര്‍ ഗ്രൂപ്പും കടുത്ത ഭിന്നതയിലാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

താലിബാൻ സർക്കാരിന്റെ തലവനായാണ് ബറാദറിനെ തുടക്കത്തിൽ കണ്ടിരുന്നത്. എന്നാൽ കുറച്ചുകാലമായി പൊതുവേദികളിൽ ബറാദർ എത്തിയിരുന്നില്ല. ഞായറാഴ്ച കാബൂളിൽ, ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയെ കണ്ട മന്ത്രി സംഘത്തിലും ബറാദർ ഉണ്ടായിരുന്നില്ല.

×