‘ഡീറ്റാൻ ഫേഷ്യൽ’ ആണ് നല്ലതെന്ന് നിർദേശിച്ചത് ബ്യൂട്ടി പാർലർ ജീവനക്കാർ തന്നെയാണ്…ബ്ലീച്ച് മുഖത്ത് പുരട്ടിയതോടെ തിളച്ച എണ്ണ വീണത് പോലെയാണ് തോന്നിയത്…. ഉറക്കെ നിലവിളിച്ചതോടെ അവർ മുഖത്ത് പുരട്ടിയത് നീക്കം ചെയ്തു…..ശേഷം മുഖത്ത് ഐസ് ബാഗ് വച്ചു…. അപ്പോഴേക്കും വൈകിപ്പോയിരുന്നു….ഫേഷ്യൽ ചെയ്ത് മുഖം പൊള്ളി….രോഷത്തോടെ യുവതി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, February 5, 2021

ബ്യൂട്ടി പാർലറിൽ ഫേഷ്യൽ ചെയ്യാനെത്തിയ യുവതിയുടെ മുഖത്ത് പൊള്ളലേറ്റു. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. ലിങ്ക് റോഡിലെ ‘ശാരദ’ എന്ന ബ്യൂട്ടിപാര്‍ലറാണ് യുവതി സന്ദർശിച്ചത്.

ബിനിത നാഥ് എന്ന യുവതിയാണ് തന്റെ തനിക്കുണ്ടായ ദുരനുഭവം പറഞ്ഞുകൊണ്ട് ഫെയ്സ്ബുക്കിൽ വിഡിയോ പങ്കുവെച്ചത്. ബന്ധുവിന്റെ വിവാഹാഘോഷത്തിനു പങ്കെടുക്കുന്നതിനു വേണ്ടിയാണ് ബിനിത ഫേഷ്യൽ ചെയ്യാനെത്തിയത്.

യുവതി വിഡിയോയിൽ പറയുന്നത്:
‘വിവാഹശേഷം ആദ്യമായാണ് ഒരു ബ്യൂട്ടിപാർലറിൽ പോയത്. ത്രെഡിംഗ് പോലും ചെയ്യാറില്ല. ‘ഡീറ്റാൻ ഫേഷ്യൽ’ ആണ് നല്ലതെന്ന് നിർദേശിച്ചത് ബ്യൂട്ടി പാർലർ ജീവനക്കാർ തന്നെയാണ്.

മുഖത്ത് രോമങ്ങളുള്ളത് വാക്സ് ചെയ്തോ ത്രെഡ് ചെയ്തോ നീക്കാമെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ വിസമ്മതിച്ചു അങ്ങനെയാണ് ബ്ലീച്ച് ഇടാമെന്ന് പറഞ്ഞത്.

ഞാനത് സമ്മതിച്ചു. ബ്ലീച്ച് മുഖത്ത് പുരട്ടിയതോടെ തിളച്ച എണ്ണ വീണത് പോലെയാണ് തോന്നിയത്. ഉറക്കെ നിലവിളിച്ചതോടെ അവർ മുഖത്ത് പുരട്ടിയത് നീക്കം ചെയ്തു. അതിനുശേഷം മുഖത്ത് ഐസ് ബാഗ് വച്ചു. എന്നാൽ അപ്പോഴേക്കും വൈകിപ്പോയിരുന്നു’.

മുഖത്ത് പൊള്ളലേറ്റ ശേഷം ഉടമക്ക് ചിത്രങ്ങളും അയച്ചു കൊടുത്തിരുന്നുവെന്നും എന്നാൽ പ്രതികരിക്കാൻ പോലും അവർ തയ്യാറായില്ലെന്നും ബിനിത പറയുന്നു. ബിനിതക്ക് പൊള്ളലേറ്റത് തന്നെയാണെന്ന് ഡോക്ടർമാരും സ്ഥിരീകരിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ നിർദേശപ്രകാരം മരുന്നുകൾ പുരട്ടുന്നുണ്ടെന്നും പാടുകൾ മായാൻ കാലതാമസം ഉണ്ടാകുമെന്നും യുവതി പറയുന്നു.

×