മണ്ണിന്‍റെ രസതന്ത്രം അറിയാം!

Wednesday, September 30, 2020

മണ്ണിന്റെ രസതന്ത്രം.. ജൈവ കൃഷിക്ക് എതിരായി ഉയരുന്ന ഒരു പ്രധാന ആരോപണം ഇതാണ്: ജൈവ വളങ്ങളിൽ ഉള്ള മൂലകങ്ങളും രാസ വളങ്ങ ളിൽ ഉള്ള മൂലകങ്ങളും ഒന്നല്ലേ, പിന്നെ ചെടി എങ്ങനെ ജൈവ നൈട്രജൻ അല്ലെങ്കിൽ രാസ നൈട്രജൻ ഏതെന്നു തിരിച്ചറിയും.? ശരിയാണ് ചെടിക്ക് “ജൈവ മൂലകങ്ങളും” “രാസ മൂലകങ്ങളും” തമ്മിൽ തിരിച്ചറിയാൻ ഉള്ള ശേഷി ഇല്ല, മാത്രമല്ല ജൈവ മൂലകം എന്നൊരു സാധനം പോലുമില്ല, എല്ലാം രാസ പദാർഥങ്ങൾ തന്നെ; ചെടിയുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കുന്ന H2O പോലും..

പിന്നെ എന്താണ് വ്യത്യാസം.? അത് അറിയാൻ മണ്ണിന്റെ രസതന്ത്രം അറിയണം.കൃഷിയിൽ മണ്ണിന്റെ പി എച്ച്  മൂല്യം പോലെ തന്നെ പ്രാധാന്യമുള്ള ഒരു മാനദണ്ഡം കാർബൺ : നൈട്രജൻ അനുപാതം.ഒരു പദാർത്ഥത്തിലെ നൈട്രജന്റെ അളവിന് ആനുപാതികമായി എത്ര കാർബൺ അടങ്ങിയിരിക്കുന്നു എന്ന അനുപാതം ആണ് കാർബൺ : നൈട്രജൻ അനുപാതം അഥവാ “C:N Ratio”.

മണ്ണിലെയും വളത്തിലെയും സൂക്ഷ്മ മൂലകങ്ങൾ ചെടിക്ക് ലഭ്യമാക്കുന്നതിൽ ഈ അനുപാതത്തിൽ അളവ് വളരെ പ്രധാനമാണ്. മണ്ണിലെ സൂക്ഷ്മ ജീവികളുടെ കാർബൺ: നൈട്രജൻ അനുപാതം സാധാരണയായി 8:1 ആണ്. അതായത് ഒരു ഭാഗം നൈട്രജൻ 8 ഭാഗം കാർബൺ. ഈ സൂക്ഷ്മ ജീവികൾ കാർബൺ ഇന്ധനം ആയി ഉപയോഗിച്ചാണ് ജീവിക്കുന്നത്.

അവർ ഉപയോഗിക്കുന്ന കാർബണിന്റെ ഒരു ഭാഗം അവയുടെ പ്രവർത്തനങ്ങൾക്കുള്ള ഊർജം ആയും ഒരു ഭാഗം അവയുടെ ശരീര പരിപാലനത്തിന് ആയും ഉപയോഗിക്കപ്പെടുന്നു. . ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നത് ഈ സൂക്ഷമ ജീവികൾക്ക് ജീവിക്കാൻ പറ്റിയ ഏറ്റവും അനുകൂലമായ കാർബൺ നൈട്രജൻ അനുപാതം 24 :1 ആണ് എന്നാണ്; അതായത് 16 ഭാഗം കാർബൺ അവയുടെ ഊർജ്ജ ഉൽപ്പാദനത്തിനും 8 ഭാഗം ശരീര പരിപാലനത്തിനും. ഈ കാർബൺ  ഊർജമായി ഉപയോഗിച്ചാണ് സൂക്ഷ്മ ജീവികൾ നാം കൊടുക്കുന്ന വളത്തിൽ നിന്ന് നൈട്രിഫികേഷൻ എന്ന പ്രക്രിയയിലൂടെ നൈട്രജനും മറ്റു മൂലകങ്ങളും വിഘടിപ്പിച് സസ്യങ്ങൾക്ക് വലിച്ചെടുക്കാൻ പാകത്തിൽ ഉള്ള അയോണുകൾ ആക്കി മാറ്റുന്നത്.

മണ്ണിൽ, അതായതു നാം ഇട്ടു കൊടുക്കുന്ന വളത്തിൽ,കാർബൺ അനുപാതം കുറഞ്ഞാൽ എന്താണ് സംഭവിക്കുക. സൂക്ഷ്മ ജീവികൾ മണ്ണിലെ ജൈവ അവശിഷ്ടങ്ങൾ വളരെ പെട്ടെന്ന് വിഘടിപ്പിക്കുകയും മണ്ണിൽ നൈട്രജന്റെ അളവ് പെട്ടെന്ന് കൂടുകയും ചെയ്യുന്നു. ഇങ്ങനെ ഉൽപാദിപ്പിക്കപ്പെടുന്ന, സസ്യങ്ങൾക്ക് ആവശ്യം ഉള്ളതിൽ അധികം നൈട്രജൻ “ഡീനൈട്രി ഫിക്കേഷൻ” പ്രക്രിയയിലൂടെ ഹരിതഗ്രഹ വാതകം ആയ നൈട്രസ് ഓക്സൈഡ് (N2O) ആയി മാറുകയും അത് ആഗോള താപനത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു.

കൂടാതെ മണ്ണിന്റെ സംരക്ഷണം ഉറപ്പാക്കുന്ന ജൈവ ആവരണം പെട്ടെന്ന് നഷ്ടപ്പെടുന്നു എന്നതിനാൽ മണ്ണിലെ ജലാംശം നഷ്ടപ്പെടുകയും, മഴ കാറ്റ് മുതലായ ബാഹ്യ ശക്തികളുടെ സ്വാധീനത്തിനു മണ്ണ് പെട്ടെന്ന് വിധേയമാകുകയും ചെയ്യുന്നു. ഇത് മണ്ണിന്റെ ഗുണമേമന്മ നശിപ്പിക്കുകയും, പശിമ ഇല്ലാതാക്കുകയും, മണ്ണൊലിപ്പിന് കാരണമാകുകയും , സൂക്ഷമ ജീവികളുടെ ആവാസ വ്യത്യസ്ഥയെ തകിടം മറിക്കുകയും ചെയ്യുന്നു. കാർബൺ അളവ് വളരെ കുറവുള്ള (ഏതാണ്ട് 0.4:1 കാർബൺ: നൈട്രജൻ അനുപാതം) യൂറിയ പോലുള്ള രാസ വളങ്ങൾ മണ്ണിൽ പ്രയോഗിക്കുമ്പോൾ ഇതാണ് സംഭവിക്കുന്നത്.

ഇനി കാർബൺ അനുപാതം വളരെ അധികം കൂടിയാലും അത് സസ്യങ്ങൾക്ക് ദോഷം ചെയ്യും. കാർബൺ അനുപാതം 30 ൽ കൂടുതൽ ആയാൽ സൂക്ഷ്മ ജീവികൾക്ക് ആവശ്യമായ കാർബൺ നൈട്രജൻ അനുപാതം ക്രമീകരിക്കാൻ കൂടുതൽ നൈട്രജൻ ആവശ്യമായി വരുന്നു. അപ്പോൾ അവ മണ്ണിൽ ഉള്ള നൈട്രജൻ കൂടി ഉപയോഗിക്കുകയും അങ്ങനെ മണ്ണിൽ ചെടികൾക്ക് ആവശ്യമായ നൈട്രജന്റെ കുറവ് ഉണ്ടാകുകയും ചെയ്യുന്നു. ജൈവ കർഷകർ കമ്പോസ്റ്റും മറ്റു ജൈവ വളങ്ങളും കൃഷിയിടത്തിൽ പ്രയോഗിക്കുമ്പോൾ കാർബൺ നൈട്രജൻ അനുപാതത്തെ കുറിച്ചുള്ള കൃത്യമായ ധാരണ ആവശ്യമാണ്. അല്ലെങ്കിൽ അത് നാം ഉദ്ദേശിക്കുന്നതിന്റെ വിപരീത ഫലം ചെയ്യും.

അതിനാൽ മണ്ണിൽ ജൈവ അവശിഷ്ടങ്ങൾ എപ്പോഴും ഉണ്ടായിരിക്കേണ്ടത് സൂക്ഷ്മ ജീവികളുടെ സുഗമമായ പ്രവർത്തനത്തിനും അത് വഴി മണ്ണിലും വളത്തിലും ഉള്ള മൂലകങ്ങൾ സായങ്ങൾക്കു ലഭ്യമാക്കുന്നതിനും പരമ പ്രധാനം ആണ്. സിന്തറ്റിക് ആയ യൂറിയ പോലുള്ള നൈട്രജൻ വളങ്ങൾക്കു പകരം ശരിയായ അളവിൽ കാർബൺ അടങ്ങിയിട്ടുള്ള കമ്പോസ്റ്റു, ചാണകം , പച്ചിലകൾ മുതലായവ പ്രയോഗിക്കുന്നതിലൂടെയും പലതരം കൃഷികൾ മാറി മാറി ചെയ്യുന്നതിലൂടെയും ശരിയായ കാർബൺ നൈട്രജൻ അനുപാതം മണ്ണിൽ നിലനിർത്താൻ സാധിക്കും.

ഒരു കിലോ യൂറിയ എടുത്താൽ അതിൽ ഏതാണ്ട് 46% ആണ് നൈട്രജനെ അളവ്. എന്നാല് ചാണകത്തിൽ അത് 3% ആണ്. എന്നാല് യൂറിയ പോലുള്ള സിന്തറ്റിക് നൈട്രജൻ വളങ്ങൾ ഇടുമ്പോൾ വളങ്ങൾ ഇടുമ്പോൾ അതിന്റെ 50% ത്തിൽ താഴെ മാത്രം ആണ് ചെടികൾക്ക് ലഭ്യമാകുന്നത് എന്ന് നിരവധി പഠനങ്ങൾ കാണിക്കുന്നു. ബാക്കി ഒഴുകി ജല സ്രോതസുകൾ മലിനാക്കുകയാണ് ചെയ്യുന്നത്.

എന്നാല്‍  ചാണകത്തിൽ മതിയായ അളവിൽ കാർബൺ നൈട്രജൻ അനുപാതം ഉള്ളതിനാൽ (20-25:1) അതിലെ നൈട്രജൻ പൂർണമായും ചെടിക്ക് ലഭ്യമാകുന്നു. ഗുണമേന്മ ഉള്ള കമ്പോസ്റിന്റെ കാര്യത്തിലും ഇത് തന്നെ. അപ്പൊൾ വള പ്രയോഗത്തിന്റെ കാര്യക്ഷമതയും, സാമ്പത്തിക ചിലവും നമുക്ക് ഈ രീതിയിൽ താരതമ്യം ചെയ്യാം.

കൂടാതെ സിന്തറ്റിക് നൈട്രജൻ വളങ്ങൾ ഉപയോഗിക്കുമ്പോൾ വളരെ പെട്ടെന്ന് അത് വിഘടിച്ച് സസ്യങ്ങൾക്ക് വലിച്ചെടുക്കാൻ പാകത്തിൽ ഉള്ള അമ്മോണിയം, നൈട്രേറ്റ് എന്നിവ ആക്കി മാറ്റുന്നു. ഈ പ്രക്രിയ ആണ് നൈട്രി ഫിക്കേഷൻ. ഈ പ്രക്രിയയുടെ ഫലമായി H+ അയോണൂകൾ ധാരാളമായി മണ്ണിലേക്ക് സ്വതന്ത്രമാക്കപ്പെടുന്നു. തൽ ഫലമായി മണ്ണിന്റെ അസിഡിറ്റി കൂടുന്നു. അതുമൂലം മണ്ണിലെ സൂക്ഷ്മ ജീവികളെ തുടർന്നുള്ള പ്രവർത്തനം തടസപ്പെടുത്തുകയും സസ്യങ്ങൾക്ക് സൂക്ഷ്മ മൂലകങ്ങൾ ലഭ്യമാകാതെ വരികയും ചെയ്യുന്നു.

എന്നാല് ചാണകം, കമ്പോസ്റ്റ് പോലുള്ള കാർബൺ നൈട്രജൻ അളവ് കൃത്യമായി ഉള്ള ( 20-30:1) ജൈവ നൈട്രജൻ വളങ്ങളിൽ നൈട്രിഫിക്കേഷൻ പ്രക്രിയ ക്രമാനുഗതമായ വേഗത്തിൽ മാത്രമാണ് നടക്കുന്നത്. അതിനാൽ തന്നെ മണ്ണിന്റെ ആസി ഡിഫികേഷൻ നടക്കുന്നതും വളരെ പതിയെ മാത്രമാണ്.

ചുരുക്കത്തിൽ ചെടിക്ക് കൃത്രിമ നൈട്രജൻ ഏത് ജൈവ നൈട്രജൻ ഏത് എന്ന് തിരിച്ചറിയാൻ ഉള്ള കഴിവ് ഇല്ല എങ്കിലും മണ്ണിനും മണ്ണിലെ സൂക്ഷ്മ ജീവികൾക്കും അത് തിരിച്ചറിയാൻ ഉള്ള കഴിവ് ഉണ്ട്. അവിടെ ആണ് ജൈവ കൃഷിയുടെ പ്രസക്തി.

ജേക്കബ് ജോസ്. 9744268480

×