/sathyam/media/post_attachments/flslzsQ3USaqTeTr2tcG.jpg)
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക ബില്ലിനെതിരെ സമ്മിശ്ര പ്രതികരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നത്. കര്‍ഷകര്‍ക്ക് സ്വാതന്ത്രം നല്‍കുന്നതും കര്‍ഷക രക്ഷയാണ് പുതിയ ബില്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുമ്പോള്‍ അതിനെതിരെ പ്രതിഷേധത്തിലാണ് പ്രതിപക്ഷ കക്ഷികള്‍. കര്‍ഷകന്റെ നട്ടെല്ലു തകര്‍ക്കുന്ന നിയമങ്ങളാണിതെന്നും അവര്‍ ആരോപിക്കുന്നു.
എന്താണ് കാര്‍ഷിക ബില്‍
കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത് പ്രധാനമായും രണ്ടു ബില്ലുകളാണ്. കാര്‍ഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബില്‍ 2020, വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍ 2020 എന്നിവയാണ് കേന്ദ്രം പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലുകള്‍. കര്‍ഷകരുടെ അഭിവൃദ്ധിയ്ക്കു വേണ്ടിയാണ് പുതിയ ബില്ലുകള്‍ പാസാക്കുന്നതെന്നാണ് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമാര്‍ ആവര്‍ത്തിച്ചു പറയുന്നത്.
ബില്‍ ലക്ഷ്യമിടുന്നത്
കാര്‍ഷിക വിളകള്‍ക്ക് മികച്ച വില ഉറപ്പാക്കുക. കര്‍ഷകരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കുക. ഇതു രണ്ടിനും സഹായിക്കുന്നതാണ് പുതിയ ബില്ലുകള്‍ എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.
/sathyam/media/post_attachments/UDdT9SidCkNdGwquQIcL.jpg)
കാര്‍ഷികവിളകള്‍ വില്‍ക്കാനുള്ള മണ്ഡി സംവിധാനത്തിനു പുറത്ത് നിലവിലുള്ള സംവിധാനത്തിന് ഭീഷണിയില്ലാതെ തന്നെ വിളകള്‍ വില്‍ക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നതാണ് കാര്‍ഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബില്ലെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. 200 മുതല്‍ 300 ഗ്രാമങ്ങള്‍ വരെ ചേരുന്നതാണ് പല മണ്ഡികളും. മണ്ഡികള്‍ വഴിയല്ലാതെ വില്‍ക്കാന്‍ കഴിയുന്നത് കര്‍ഷകരുടെ വിലപേശന്‍ ശക്തി കൂട്ടുമെന്നും സര്‍ക്കാര്‍ പറയുന്നു.
രണ്ടാമത്തെ ബില്‍ കര്‍ഷകര്‍ക്ക് വിളകള്‍ വാങ്ങുന്ന സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സ്വാതന്ത്ര്യം നല്‍കുന്നതാണ്. ഉത്പാദനം മെച്ചപ്പെടുത്താന്‍ കൂടുതല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാനോ വിളകള്‍ക്ക് മികച്ച വില ലഭിക്കാനായി വിലപേശാനോ ശേഷിയില്ലാത്ത 86 ശതമാനത്തോളം വരുന്ന ചെറുകിട കര്‍ഷകരെ സഹായിക്കുന്നതാണ് പുതിയ ബില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു.
ഇടനിലക്കാരില്ലാതെ വില്‍പ്പന
ഇടനിലക്കാരുടെ സഹായമില്ലാതെ കര്‍ഷകര്‍ക്ക് നേരിട്ട് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയുന്നത് നേട്ടമാണെന്നു സര്‍ക്കാര്‍ അനുകൂലികള്‍ പറയുന്നു. വിത്തിറക്കുമ്പോള്‍ തന്നെ വിപണിയും വിലയും ഉറപ്പാന്‍ കഴിയും. കമ്പനികളില്‍ നിന്നും സാങ്കേതിക-സാമ്പത്തിക സഹായം കര്‍ഷകര്‍ക്ക് ലഭിക്കും എന്നതും നേട്ടമായാണ് ഉയര്‍ത്തി കാണിക്കുന്നത്.
/sathyam/media/post_attachments/C4NUxJENSeTO3h0XzMim.jpg)
പ്രതിഷേധക്കാരുടെ വാദങ്ങള്‍
പ്രാദേശിക ചന്തകള്‍ ഇല്ലാതാക്കി കോര്‍പറേറ്റുകള്‍ക്ക് കച്ചവട സാധ്യത ഒരുക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് പ്രധാന ആക്ഷേപം. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വിളകള്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ സംഭരിക്കുകയും അവ പൊതുവിതരണസംവിധാനം വഴി വിതരണം ചെയ്യുന്ന രീതി പുതിയ ബില്ലോടെ ഇല്ലാതാകുമെന്നും പ്രതിപക്ഷം ആശങ്ക പ്രകടിപ്പിക്കുന്നു.
താങ്ങുവില ഇല്ലാതാകും ?
പതിറ്റാണ്ടുകളായി നിലവിലുള്ള വിളകളുടെ താങ്ങുവില ഇല്ലാതാകുമെന്നതാണ് കര്‍ഷക സംഘടനകളുടെ പ്രധാന ആശങ്ക. കാര്‍ഷികവിളകളുടെ വില സംബന്ധിച്ച ചൂഷണത്തില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കുമെന്നാണ് പ്രൈസ് അഷ്വറന്‍സ് ബില്ലിലെ വാഗ്ദാനെങ്കിലും വില ഉറപ്പാക്കാനുള്ള സംവിധാനത്തെപ്പറ്റി ബില്ലില്‍ ഒരിടത്തും പറയുന്നില്ല.
കോര്‍പറേറ്റുകളുടെ കടന്നു വരവ്
വിളകളുടെ ഉത്പാദനം ആരംഭിക്കുന്നതിനു മുന്‍പു തന്നെ വിളകള്‍ വാങ്ങുന്ന സ്വകാര്യ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടാനും വില നിശ്ചയിക്കാനും പുതിയ ബില്‍ കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. എന്നാല്‍ ഈ കര്‍ഷക കോര്‍പ്പറേറ്റ് കൂട്ടായ്മ പല രാജ്യങ്ങളും ജനരോഷം കൊണ്ട് പിന്‍വലിച്ചതാണ്.
അമേരിക്കന്‍ പാഠം !
1991ല്‍ അമേരിക്കയില്‍ നടന്ന കര്‍ഷക പ്രക്ഷോഭം പലരും ഓര്‍മ്മിപ്പിക്കുന്നുണ്ട്. പന്നി ഫാമുകളില്‍ കര്‍ഷകരുമായി കോണ്‍ട്രാക്റ്റ് ഫാമിങ് നടത്താന്‍ ഒരു സ്വകാര്യ കമ്പനി രംഗത്തു വന്നതാണ് അന്നു അമേരിക്കയില്‍ സംഭവിച്ചത്. ആദ്യ വര്‍ഷങ്ങളില്‍ പദ്ധതി വലിയ നേട്ടമായി. പിന്നീട് പതുക്കെ നഷ്ടമായതോടെ കര്‍ഷകര്‍ ഈ കോണ്‍ട്രാക്റ്റില്‍ നിന്നും പിന്മാറിയെങ്കിലും പൊതുവിപണി ഇല്ലാതായതോടെ വില കുറച്ച് ഇറച്ചി വില്‍ക്കേണ്ടി വന്നു എന്നതാണ് അവിടെ സംഭവിച്ചത്.
ഈ സ്ഥിതി ഇവിടെയും ഉണ്ടാകുമെന്നും പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ രാജ്യത്ത് കോഴിവളര്‍ത്തല്‍, കരിമ്പുകൃഷി തുടങ്ങിയ മേഖലകളില്‍ ഇതിനോടകം തന്നെ കോണ്‍ട്രാക്ട് ഫാമിങ് രീതി നിലവിലുണ്ട്. പക്ഷേ അസംഘടിത മേഖലയില്‍ ഇതുവന്നാല്‍ കര്‍ഷകര്‍ക്ക് സ്വകാര്യ കമ്പനികളുമായി നിയമയുദ്ധം നടത്താനുള്ള ശേഷിയുണ്ടാകില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
കൃഷിക്കൊപ്പം കോടതിയിലും പോകണോ കര്‍ഷകര്‍
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് കൃഷിയാണ്. ഈ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ പുതിയ ബില്ലോടെ ബലികഴിക്കപ്പെടുന്നുവെന്ന ആക്ഷേപമാണ് കൂടുതല്‍. ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രാധികാരം സ്വകാര്യ കുത്തകകള്‍ക്ക് ലഭിക്കുന്നതോടെ കര്‍ഷകര്‍ വലയും.
ഇത്തരം സ്വകാര്യ കുത്തകകളോട് പൊരുതി നില്‍ക്കാന്‍ കര്‍ഷകര്‍ക്ക് കഴിയുമോ എന്നതാണ് പ്രധാന ചോദ്യം. കൃഷിയിടങ്ങളില്‍നിന്നും കോടതി കയറി വാങ്ങേണ്ടതാണോ അവന് ന്യായമായും അര്‍ഹതയുള്ള വിളകളുടെ വിലയെന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us