പരിചരണം കൂടാതെ വളരും സീതപ്പഴ മരം

Wednesday, May 12, 2021

ഒരു കൈയില്‍ ഒതുങ്ങുന്ന മധുരക്കട്ടയെന്നു വിളിക്കാം സീതപ്പഴത്തെ. പച്ചപ്പഴത്തിനകത്ത് വെള്ള നിറത്തില്‍ മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗം. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണിത്. വലിയ പരിചരണമൊന്നും കൂടാതെ സീതപ്പഴ മരം വളരും. അധികം ഉയരം വയ്ക്കാത്ത മരം നിരവധി ശാഖകളോടെയാണ് വളരുക.

മഴ ശക്തമായതിനാല്‍ തൈകള്‍ നടാന്‍ പറ്റിയ സമയമാണിപ്പോള്‍. മവോദ്, പാലാനഗര്‍, വാഷിങ്ടണ്‍, കുറ്റാലം എന്നീ ഇനങ്ങളാണ് വാണിജ്യ ആവശ്യങ്ങള്‍ക്കായി കൃഷി ചെയ്യുക. വിത്തുകള്‍ മുളപ്പിച്ചോ, ബഡ്ഡ്‌തൈകള്‍ നട്ടോ കൃഷി ചെയ്യാം. ഒരു വര്‍ഷം പ്രായമായ തൈകളാണ് നടാന്‍ ഉത്തമം.

70 സെന്റീമീറ്റര്‍ ഉയരത്തിലും ആഴത്തിലും കുഴിയെടുത്ത് മേല്‍മണ്ണും ചാണകപ്പൊടിയുമായി ചേര്‍ത്ത് കുഴിനിറച്ച് നടണം. മൂന്നു വര്‍ഷം കഴിയുമ്പോള്‍ കായ്ച്ചു തുടങ്ങും. മഞ്ഞുകാലത്ത് ഇലകള്‍ പൊഴിയും. അതുകഴിഞ്ഞ് തളിരിലയും അതോടൊപ്പം ധാരാളം പൂക്കളും ഉണ്ടാകും. ഭൂരിഭാഗം പൂക്കള്‍ പൊഴിയുന്നതും സജീവസ്വഭാവമാണ്. നാലുമാസങ്ങള്‍ കൊണ്ട് കായ്കള്‍ പാകമാകും.

പഴക്കാലം

ആഗസ്റ്റ് മുതല്‍ നവംബര്‍ വരെയാണ് പഴക്കാലം. പഴത്തിന്റെ കനമുള്ള പുറംതൊലി അനേകം കള്ളികളായി വേര്‍തിരിഞ്ഞിരിക്കും. ഇതിന്റെ ഇടഭാഗം മഞ്ഞനിറമാകുമ്പോള്‍ കായ് പറിക്കാം. പറിച്ച കായ്കള്‍ ഒരാഴ്ച കൊണ്ട് നന്നായി പഴുക്കും.

×