Advertisment

കോൺ​ഗ്രസ് നേതാക്കളും പാർട്ടി എംപിമാരും എംഎൽഎമാരും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കുചേരണമെന്ന് എഐസിസി നിർദ്ദേശം. കോൺ​ഗ്രസ് ജനപ്രതിനിധികൾ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തണം. ചരിത്രത്തിലാദ്യമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചേരുന്ന എഐസിസി യോഗം വിളിച്ചത് കെസി വേണു​ഗോപാല്‍. പ്രിയങ്കാ ​ഗാന്ധി ഉൾപ്പെടെ യോഗത്തില്‍ പങ്കെടുത്തത് എഐസിസി ജനറൽ സെക്രട്ടറിമാരും പിസിസി അധ്യക്ഷന്മാരും !

New Update

ഡല്‍ഹി : കോവിഡ് രാജ്യത്താകെ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി എ ഐ സി സിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വീഡിയോ കോൺഫറൻസ് വഴി നേതൃയോഗം വിളിച്ചു.

Advertisment

publive-image

ദുരിത ബാധിതരേയും ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടുന്നവരേയും സഹായിക്കാൻ സംസ്ഥാനങ്ങളിൽ പി സി സി തലത്തിൽ മോണിറ്ററിംഗ് സമിതികൾ രൂപീകരിക്കാൻ നിർദ്ദേശം നൽകിയതായും ദേശീയ തലത്തിൽ പാർട്ടിയും പോഷക സംഘടനകളും നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഡൽഹിയിൽ കേന്ദ്രീകൃത മോണിറ്ററിംഗ് സംവിധാനം തുടങ്ങുമെന്നും വേണുഗോപാൽ അറിയിച്ചു.

കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും ദൂരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ദുരിതബാധിതർക്ക് കൂടുതൽ സഹായമെത്തിക്കാനും കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തി വരുന്നതിനിടയിലാണ് സംഘടനാപരമായി ദുരിതാശ്വാസ നടപടികൾ ശക്തിപ്പെടുത്താൻ പാർട്ടി തീരുമാനിച്ചത്.

മഹാരാഷ്ട്രയും കേരളവും ഉൾപ്പെടെ ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങളിൽ ദുരിത ബാധിതരെ സഹായിക്കാൻ പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ നിർദ്ദേശം നൽകി. ടെലികോൺഫറൻസ് സംവിധാനം വഴി താഴേതട്ടിലേക്ക് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും പി സി സി പ്രസിഡന്റു മാർക്ക് നിർദ്ദേശം നൽകി.

സംസ്ഥാന -കേന്ദ്ര സർക്കാരുകൾ ദുരന്ത പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ആശ്വാസ നടപടികളും പദ്ധതികളും ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജാഗ്രത പുലർത്താനും നടത്തിപ്പ് ഫല പ്രദമല്ലെങ്കിൽ അത് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടു വന്ന് പൊതുജനങ്ങൾക്ക് ഗുണകരമായ രീതിയിൽ നടത്തിപ്പ് ഉറപ്പാക്കാനും നടപടി സ്വീകരിക്കും.

രോഗം പടരുന്ന സാഹചര്യത്തിൽ പാർട്ടിയുടെ എംപി മാർ, എം എൽ എമാർ, എം എൽ സി മാർ തുടങ്ങിയവരുടെ സേവനം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഉറപ്പുവരുത്തുകയും പ്രാദേശിക വികസന ഫണ്ടുകൾ ആശുപത്രികളുടേയും അനുബന്ധ ചികത്സാ സൗകര്യങ്ങളും മെച്ചപ്പെടുത്താൻ സമയബന്ധിതമായി വിനിയോഗിക്കാനും നിർദ്ദേശം നൽകി. ദുരിത ബാധിതർക്ക് മരുന്നുകളും മെഡിക്കൽ - പാരാമെഡിക്കൽ സേവനങ്ങളും ശുചീകരണവും ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഉറപ്പുവരുത്താൻ നടപടിയെടുക്കണം.

ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് വേണ്ട സഹായങ്ങൾ ഉറപ്പാക്കാൻ ബ്ലോക്ക് തലം വരെയുള്ള പാർട്ടി ഘടകങ്ങൾക്കും നിർദ്ദേശം നൽകി. പി സി സി ആസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും പാർട്ടിയുടെ കൺട്രോൾ റൂമുകൾ തുറക്കും.

രാജ്യം മുഴുവനും ദുരിത ബാധിതരെ സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകരുടെ സേവനം ഉറപ്പുവരുത്താനും മരുന്ന്, ഭക്ഷണം തുടങ്ങിയ വിതരണ സേവനങ്ങളിൽ ഏർപ്പെടുന്ന സന്നദ്ധ പ്രവർത്തകർക്ക് പാസ്സുകൾ ലഭ്യമാക്കാൻ സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട് നടപടിയെടുക്കാനും പിസിസി അധ്യക്ഷൻമാർക്ക് നിർദ്ദേശം നൽകായതായും വേണുഗോപാൽ പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളിലും പഞ്ചായത്ത് , ബ്ലോക്ക്, ജില്ലാ തലങ്ങളിൽ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് കമ്മ്യൂണിറ്റി കിച്ചനുകൾ തുറക്കുന്നതിനുള്ള സാധ്യതകൾ ആരായാൻ നിർദ്ദേശം നൽകി. അവശ്യ സാധന ചരക്കുനീക്കം ഉറപ്പാക്കാൻ ഗതാഗത പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തും. അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും മരുന്നും സുരക്ഷയും ഉറപ്പാക്കാൻ നടപടികളെടുക്കും .

കേന്ദ്ര -സംസ്ഥാന മാർഗ്ഗനിർദ്ദേശങ്ങളും പ്രോട്ടോക്കോളും പാലിച്ചും സാമൂഹിക അകലം ഉറപ്പുവരുത്തിയും മാത്രമെ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയുള്ളൂ എന്ന് ഉറപ്പുവരുത്തും. പ്രിയങ്ക ഗാന്ധി, അഹമ്മദ് പട്ടേൽ, രൺദീപ് സുർജേവാല തുടങ്ങിയവർ നേതൃത്വം നൽകിയ വീഡിയോ കോൺഫറൻസ് മൂന്നു മണിക്കൂർ നീണ്ടു.

വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറിമാർ, ഇൻചാർജ്ജുമാർ, പ്രദേശ് കോൺസ് കമ്മിറ്റി അധ്യക്ഷൻമാർ, കോൺഗ്രസ് നിയമസഭാ കക്ഷി നേതാക്കൾ, പോഷക സംഘടനാ അധ്യക്ഷർ എന്നിവരുൾപ്പെടെ 82 പേരാണ് യോഗത്തിൽ പങ്കെടുത്തത്. കോണ്‍ഗ്രസിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ്‌ എ ഐ സി സി യുടെ ഒരു യോഗം വീഡിയോ കോണ്‍ഫറന്‍സ് വഴി ചേരുന്നത്. കൊറോണ പ്രതിസന്ധിയുടെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് അടിയന്തിര പ്രാധാന്യമുള്ള വിഷയം എന്ന നിലയില്‍ ഇന്ന് യോഗം വിളിച്ചത്.

aicc kc venugopal response
Advertisment