പ്രവാസികള്‍ക്ക് ഇരുട്ടടിയായി വിമാനക്കമ്പനികളുടെ തീരുമാനം ; ടിക്കറ്റ് നിരക്ക് നാലിരട്ടിയായി വര്‍ധിപ്പിച്ചു , ദമാം, കുവൈറ്റ് എന്നിവിടങ്ങളിലേക്ക്  ടിക്കറ്റ് നിരക്ക് ഒരു ലക്ഷത്തിനടുത്ത് !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, August 19, 2019

തിരുവനന്തപുരം: പ്രവാസികള്‍ക്ക് ഇരുട്ടടിയായി വിമാനക്കമ്പനികളുടെ തീരുമാനം. ടിക്കറ്റ് നിരക്ക് നാലിരട്ടിയായി വര്‍ധിപ്പിച്ചു. ഓഗസ്റ്റ് അവസാനവാരം മുതല്‍ ഗള്‍ഫിലെ പ്രധാന നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് നാലിരട്ടി വരെയാണ് കൂട്ടിയിരിക്കുന്നത്. ദമാം, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് ഒരു ലക്ഷത്തിനടുത്താണ് ചില കമ്പനികളുടെ ടിക്കറ്റ് നിരക്ക്.

ദുബായ്, അബുദാബി, ഷാര്‍ജ, ദോഹ, ബഹറൈന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ശരാശരി 5000 മുതല്‍ 12,000 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്കാണ് അധികനിരക്ക് ഈടാക്കുന്നത്.

അടുത്തമാസമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലം കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കുന്നത്. ഈ സമയത്ത് നാട്ടില്‍നിന്നു മടങ്ങുന്നവരെയും പെരുന്നാള്‍ കഴിഞ്ഞശേഷം തിരിച്ചു പോകുന്നവരെയും വര്‍ധനവ് പ്രതികൂലമായി ബാധിക്കും. സെപ്റ്റംബറില്‍ ഓണക്കാലമായതിനാല്‍ നിരക്കുവര്‍ധന തുടരാനാണ് സാധ്യത.

എയര്‍ഇന്ത്യ എക്സ്പ്രസും നിരക്ക് കൂട്ടിയിട്ടുണ്ട്. യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കും വര്‍ധിച്ചിട്ടുണ്ട്. ലോകത്തിന്റെ പ്രധാന സ്ഥലങ്ങളിലേക്ക് ദുബായ് വഴിയാണ് കേരളത്തില്‍നിന്ന് കൂടുതല്‍ സര്‍വീസുള്ളത്.

×