കേരളം

വായില്‍ നിന്ന് സ്ലിപ്പ് ആയ ഒരു വാക്കു വച്ചിട്ടാണ് അവര്‍ കേസെടുത്തിരിക്കുന്നത്, അത് വച്ച് തീവ്രവാദിയാക്കാനാണ് ബിജെപി ശ്രമിക്കുന്നത്; ലക്ഷദ്വീപിനെ കാര്‍ന്ന് തിന്നാനാണ് ബിജെപിയുടെ ഉദേശമെങ്കില്‍ താണ്ഡവമാടാനാണ് തീരുമാനമെന്ന് ഐഷ സുല്‍ത്താന

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, June 15, 2021

കൊച്ചി: ലക്ഷദ്വീപിനായി നിലകൊണ്ടതിന്റെ പേരില്‍ തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതില്‍ പ്രതികരണവുമായി സംവിധായിക ഐഷ സുല്‍ത്താന. ലക്ഷദ്വീപിനെ കാര്‍ന്ന് തിന്നാനാണ് ബിജെപിയുടെ ഉദേശമെങ്കില്‍ താണ്ഡവമാടാനാണ് തീരുമാനമെന്ന് ഐഷ പറഞ്ഞു.

കേരളത്തിലെ ബിജെപി നേതാക്കള്‍ അറിയാനാണ് ഇത് പറയുന്നതെന്നും ഐഷ പറഞ്ഞു. വായില്‍ നിന്ന് സ്ലിപ്പ് ആയ ഒരു വാക്കു വച്ചിട്ടാണ് അവര്‍ കേസെടുത്തിരിക്കുന്നത്. അത് വച്ച് തീവ്രവാദിയാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഐഷ പറഞ്ഞു.

കവരത്തി പൊലീസിന്റെ എഫ്‌ഐആര്‍ റദ്ദ് ചെയ്യണമെന്നാണ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ പറയാന്‍ സാധിക്കില്ല.

20ന് സ്റ്റേഷനില്‍ ഹാജരാവുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാണ് കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഐഷ പറഞ്ഞു. തന്റെ പിന്നിലൊരു വലിയ സംഘടനയുണ്ടെന്നാണ് ബിജെപിക്കാര്‍ നടത്തുന്ന പ്രചരണം.

ദ്വീപിലെ തന്റെ സ്വന്തം വീട് അഞ്ചു വര്‍ഷമായിട്ട് ബിജെപിക്കാരുടെ ഓഫീസാണ്. അപ്പോള്‍ അവരാണോ തന്റെ പിന്നിലെ സംഘടനയെന്നും ഐഷ കേരളത്തിലെ ബിജെപിയെ പരിഹസിച്ച് കൊണ്ട് ചോദിച്ചു.

×