/sathyam/media/post_attachments/Dsak4DSszZau8Dd4PiGQ.jpg)
കാസര്‍കോട് ( കുമ്പള) : ഐശ്വര്യ കേരളത്തിനായി മൂകാംബികയിലെത്തി പ്രാര്‍ത്ഥന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് നാളെ തുടക്കം. യാത്രക്കയ്ക്ക് മുന്നോടിയായി പ്രതിപക്ഷ നേതാവ് മൂകാംബികയിലെത്തി പ്രാര്‍ത്ഥന നടത്തി.
കെഎസ് യു, യൂത്ത് കോണ്‍ഗ്രസ്, കെപിസിസി പ്രസിഡന്റ് പദവികള്‍ വഹിച്ചപ്പോഴൊക്കൊ രമേശ് ചെന്നിത്തല നയിച്ച എല്ലാ യാത്രകള്‍ക്കും മുമ്പ് അദ്ദേഹം മൂകാംബിക സന്ദര്‍ശിച്ച ശേഷമാണ് തന്റെ യാത്രകള്‍ തുടങ്ങിയിരുന്നത്. സൗപര്‍ണികയുടെ തീരത്തൂടെ വാഗ്‌ദേവതയുടെ സന്നിധിയില്‍ എത്തി ഐശ്വര്യ കേരളത്തിനായാണ് പ്രതിപക്ഷ നേതാവ് പ്രാര്‍ത്ഥിച്ചത്.
നൂറ്റിയെട്ട് ശക്തി പീഠങ്ങളില്‍ വിശേഷ പ്രാധാന്യമുള്ളതാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം. സിദ്ധി ക്ഷേത്രമായതിനാല്‍ ഐശ്വര്യമുള്ളതെന്തും തുടങ്ങാന്‍ അനുയോജ്യമാണ് മൂകാംബിക. ഇവിടെ നിന്നും തുടങ്ങിയതൊക്കെ പ്രതിപക്ഷ നേതാവിനും കേരളത്തിനും ഐശ്വര്യം തന്നെയാണ് പകര്‍ന്നു കൊടുത്തിട്ടുള്ളത്.
കുമ്പളയില്‍ നാളെ വൈകിട്ടാണ് യാത്ര തുടങ്ങുന്നത്. മുന്‍ മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ചെയര്‍മാനുമായി ഉമ്മന്‍ചാണ്ടി യാത്ര ഉദ്ഘാടനം ചെയ്യും. യുഡിഎഫ് നേതാക്കളെല്ലാം നാളെ കുമ്പളയില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കും.
സംശുദ്ധം, സദ്ഭരണം എന്നതാണ് യാത്രയുടെ മുദ്രാവാക്യം. 140 നിയോജകമണ്ഡലങ്ങളിലും സഞ്ചരിച്ച് ഐശ്വര്യ കേരളയാത്ര ഫെബ്രുവരി 22 തിരുവനന്തപുരത്താണ് സമാപിക്കുന്നത്.
ആദ്യ ദിവസം ചെങ്കളയില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും. ഫെബ്രുവരി ഒന്നിന് രാവിലെ 10ന് പെരിയ, 11 മണിക്ക് കാഞ്ഞങ്ങാട്, 12ന് തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.
യു ഡി എഫ്. നേതാക്കളായ ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, എം എം ഹസന്‍, പി ജെ ജോസഫ്, എന്‍ കെ പ്രേമചന്ദ്രന്‍, അനൂപ് ജേക്കബ്, സി പി ജോണ്‍, ജി ദേവരാജന്‍, ജോണ്‍ ജോണ്‍, വി ഡി സതീശന്‍ (കോ-ഓര്‍ഡിനേറ്റര്‍), യൂത്ത്‌കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പില്‍, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് തുടങ്ങിയവരാണ് യാത്രക്ക് നേതൃത്വം നല്‍കുന്നത്. ഫെബ്രുവരി 22ന് തിരുവനന്തപുരത്താണ് യാത്രയുടെ സമാപനം.
മഹാറാലിയോടെ നടക്കുന്ന സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ പങ്കെടുക്കും. ഇതിനിടെയില്‍ തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് സൂചന.