പാലായെ ഇളക്കി മറിച്ച് ഐശ്വര്യ കേരളയാത്ര ! റോഡ് ഷോയില്‍ ചെന്നിത്തലയ്ക്ക്‌ അകമ്പടിയായത് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍; നൂറുകണക്കിന് പ്രവര്‍ത്തകരുമായി മാണി സി കാപ്പന്റെ യുഡിഎഫ് പ്രവേശനം; ജോസ് കെ മാണി ജൂണിയര്‍ മാന്‍ഡ്രേക്കെന്ന് കാപ്പന്‍; പാലായുടെ വികസനം തടഞ്ഞത് ജോസ് കെ മാണിയും വിഎന്‍ വാസവനും ചേര്‍ന്നെന്നും കാപ്പന്റെ ആരോപണം; റബര്‍ വിലസ്ഥിരതാ ഫണ്ട് 250 രൂപയാക്കുമെന്ന് ചെന്നിത്തലയുടെ ഉറപ്പ്. ക്രൈസ്തവ വിഭാഗത്തിന്റെ ആശങ്കകള്‍ പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് !

New Update

പാലാ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് പാലായില്‍ ഊഷ്മള സ്വീകരണം. നിശ്ചയിച്ചതിലും ഒരു മണിക്കൂറിലേറെ വൈകിയെത്തിയ യാത്രയെ പാലാ കുരിശുപള്ളി കവലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചു. തുടര്‍ന്ന് അവിടെ നിന്നും തുറന്ന വാഹനത്തിലായിരുന്നു സമ്മേളന നഗരിയിലേക്ക് ചെന്നിത്തല എത്തിയത്.

Advertisment

publive-image

ഇതിനിടെ നൂറ് കണക്കിന് വാഹനങ്ങളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെ മാണി സി കാപ്പന്‍ ഐശ്വര്യ കേരള യാത്രയില്‍ അണി ചേര്‍ന്നു. യുഡിഎഫ് നേതാക്കള്‍ ചേര്‍ന്ന് കാപ്പനെ വേദിയിലേക്ക് ക്ഷണിച്ചു.

പാലാ നഗരത്തിലൂടെ ആവേശകരമായ റോഡ് ഷോക്ക് ശേഷമാണ് മാണി സി കാപ്പന്‍ ഐശ്വര്യ കേരള യാത്രയില്‍ അണി ചേരാനെത്തിയത്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി ജെ ജോസഫ്, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങി യുഡിഎഫ് നേതാക്കള്‍ ചേര്‍ന്നാണ് മാണി കാപ്പനെ സ്വീകരിച്ചത്.

തലയെടുപ്പുള്ള കൊമ്പനാനയെ പോലെയാണ് പാലായിലെ ജനങ്ങളുമായി മാണി സി കാപ്പന്‍ യുഡിഎഫ് വേദിയിലെത്തിയതെന്ന് പികെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു. കാപ്പന്റെ വരവ് യുഡിഎഫിന്റെ വിജയത്തിനുള്ള നാന്ദിയാണ്.

യുഡിഎഫിന്റെ വിജയ ജാഥയാണ് ഇനി വരാനിരിക്കുന്നതെന്നും ഇടതുമുന്നണി തോറ്റവര്‍ക്ക് സീറ്റ് എടുത്ത് നല്‍കിയെന്ന കാപ്പന്റെ ന്യായം പാലാക്കാര്‍ക്ക് മനസിലാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉമ്മന്‍ചാണ്ടിയും പിജെ ജോസഫും കാപ്പനെ മുന്നണിയിലേക്ക് സ്വാഗതം ചെയ്തു.

ഇടതുമുന്നണിയില്‍ നിന്ന് മാറി യുഡിഎഫിനൊപ്പം ചേര്‍ന്നെങ്കിലും എംഎല്‍എ സ്ഥാനം രാജിവക്കാനില്ലെന്ന് മാണി സി കാപ്പന്‍ ആവര്‍ത്തിച്ചു. രാജി ആവശ്യം മുഴക്കുന്നവര്‍ യുഡിഎഫ് വിട്ട തോമസ് ചാഴിക്കാടനും റോഷി അഗസ്റ്റിനും എന്‍ ജയരാജും അടക്കമുള്ളവരെ രാജി വയ്പ്പിച്ച് ആദ്യം ധാര്‍മികത കാണിക്കട്ടെയെന്നും കാപ്പന്‍ പറഞ്ഞു.

ജോസ് കെ മാണി ജൂണിയര്‍ മാന്‍ഡ്രേക്ക് ആണെന്നും മുഖ്യമന്ത്രി ജൂണിയര്‍ മാന്‍ഡ്രേക്ക് സിനിമ കാണണമെന്നും കാപ്പന്‍ പറഞ്ഞു. ഒന്നരവര്‍ഷത്തിനിടെ പാലായില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ കാപ്പന്‍ പാലായുടെ വികസനം തടഞ്ഞത് വിഎന്‍ വാസവനും ജോസ്‌കെ മാണിയും ചേര്‍ന്നാണെന്നും ആരോപിച്ചു.

പാലായിലെ സ്വീകരണത്തിന് മറുപടി പറഞ്ഞ ചെന്നിത്തല വികസനത്തിന്റെ കാര്യം തന്നെയാണ് പറഞ്ഞത്. റബര്‍ വില സ്ഥിരതാ ഫണ്ട് 250 രൂപ ഉറപ്പു വരുത്തുമെന്നു അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ വിവിധ വിഷയങ്ങളില്‍ ക്രൈസ്തവ വിഭാഗം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പറഞ്ഞ ചെന്നിത്തല ഇതിനായുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ പ്രകടന പത്രികയില്‍ ഉണ്ടാകുമെന്നും പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

remesh chennithala mani c kappan
Advertisment