/sathyam/media/post_attachments/ffSJeomLs1ddjT12GPGa.jpg)
കൊല്ലം ചടയമംഗലത്തെ ഐശ്വര്യയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അഭിഭാഷകനായ മേടയില്‍ ശ്രീമൂലം നിവാസില്‍ കണ്ണന്‍ നായരാണ് പിടിയിലായത്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് കേസ്. ഇയാളില്‍ നിന്ന് കടുത്ത പീഡനം നേരിട്ടതായി വ്യക്തമാക്കുന്ന ഐശ്വര്യയുടെ ഡയറിക്കുറിപ്പുകള്‍ കണ്ടെടുത്തിട്ടുണ്ട്. കടയ്ക്കല്‍ കോടതിയിലെ അഭിഭാഷകയായ ഐശ്വര്യയെ ഈ മാസം 15ന് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.
ഐശ്വര്യയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരന്‍ രംഗത്തെത്തിയിരുന്നു. ഐശ്വര്യയെ ശാരീരികവും മാനസികവുമായി ഇയാള്‍ പീഡിപ്പിച്ചിരുന്നതായി സഹോദരന്‍ പൊലീസില്‍ പരാതി നല്‍കി. ചായയില്‍ കടുപ്പം കൂടിപോയന്നുപറഞ്ഞ് ഐശ്വര്യയുടെ അമ്മയുടെ മുന്നില്‍ വെച്ച് ഗ്ലാസ് എറിഞ്ഞു പൊട്ടിച്ചു. ഐശ്വര്യയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതായും ബന്ധുക്കള്‍ പറയുന്നു. ജോലിയുടെ കാര്യത്തിലും ഇവര്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഐശ്വര്യക്ക് കോഴിക്കോട് ജോലി ലഭിച്ചിരുന്നു. എന്നാല്‍ ജോലിക്ക് പോകാന്‍ കണ്ണന്‍ നായര്‍ സമ്മതിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.
15ന് ഉച്ചയോടെ കിടപ്പുമുറിയിലെ ഫാനില്‍ സാരിയില്‍ കുരുക്കിട്ടാണ് ഐശ്വര്യ തൂങ്ങിമരിച്ചത്. രാവിലെ സഹോദരനായ അതുല്‍ ഉണ്ണികൃഷ്ണനുമായി ഐശ്വര്യ ഫോണില്‍ സംസാരിച്ചിരുന്നു. സന്തോഷത്തോടെയാണ് തന്നോട് ഫോണില്‍ സംസാരിച്ചതെന്ന് അതുല്‍ പറയുന്നു. ഉച്ചയോടെ കൂടി ഐശ്വര്യ ആത്മഹത്യക്ക് ശ്രമിച്ചെന്നു കടക്കല്‍ താലൂക്കാശുപത്രിയില്‍ എത്തണമെന്നും ഭര്‍തൃവീട്ടില്‍ നിന്ന് അറിയിച്ചതനുസരിച്ച് അതുല്‍ ആശുപത്രിയിലെത്തുകയായിരുന്നു. തുടര്‍ന്നാണ് ഐശ്വര്യ മരിച്ച വിവരം അറിയുന്നത്. പിന്നാലെ ചടയമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തിനുശേഷം ഭര്‍ത്താവായ കണ്ണന്‍നായര്‍ ഒളിവില്‍ പോയി. ഇതിനിടെയാണ് നിര്‍ണായക തെളിവായ ഐശ്വര്യയുടെ ഡയറിക്കുറിപ്പുകള്‍ പൊലീസിന് ലഭിച്ചത്.
വിവാഹശേഷം ഇരുവരും തമ്മില്‍ നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നു. ഒരു വര്‍ഷത്തോളം ഇരുവരും പിണങ്ങി താമസിച്ചിരുന്നു. പിന്നീട് കൗണ്‍സിലിംഗ് നടത്തിയ ശേഷമാണ് ഒന്നിച്ചു ജീവിച്ചിരുന്നത്. മൂന്ന് വര്‍ഷം മുമ്പായിരുന്നു വിവാഹം. ഇവര്‍ക്ക് ഒരു കുട്ടിയുമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us