കാസര്‍കോട് ( കുമ്പള): ഐശ്വര്യ കേരളത്തിനായുള്ള പ്രതിപക്ഷനേതാവിന്റെ പടയോട്ടത്തിന് തുടക്കമായി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് അന്ത്യം കുറിക്കാന്‍, കേരളത്തില്‍ ആസന്നമായ ഭരണമാറ്റത്തിന്റെ കാഹളമുയര്‍ത്തിയുള്ള ജനകീയ യാത്രയ്ക്കാണ് ഇന്ന് ആരംഭം കുറിച്ചത്. കോവിഡ് കാലത്തും വന്‍ജനാവലിയുടെ പങ്കാളിത്തത്തോടെയാണ് ജാഥയ്ക്ക് തുടക്കമായത്.
ഭാഷാ സംസ്‌ക്കാരങ്ങളുടെ ഈറ്റില്ലമായ മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയില്‍ നിന്നാണ് യാത്രയക്ക് തുടക്കമായത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഇടതു സര്‍ക്കാരിനെ തൂത്തെറിഞ്ഞ് ഐശ്വര്യപൂര്‍ണ്ണമായ സദ്ഭരണം കെട്ടിപ്പടുക്കുന്നതിന് വഴി ഒരുക്കിക്കൊണ്ടായിരിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫിന്റെ 'ഐശ്വര്യ കേരള യാത്ര' അനന്തപുരിയിലെത്തുക.
മുന്‍മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷനുമായ ഉമ്മന്‍ചാണ്ടി ജാഥ ഉദ്ഘാടനം ചെയ്തു. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ മുഖ്യ അതിഥിയായിരുന്നു.
സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി.വേണുഗോപാല്‍, കര്‍ണ്ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വര, കര്‍ണ്ണാടക മുന്‍മന്ത്രിമാരായ യു റ്റി. ഖാദര്‍, വിനയകുമാര്‍ സോര്‍ക്കെ, രാമനാഥ് റായ്, മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍, യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍, നേതാക്കളായ പി. ജെ ജോസഫ്, എ എ അസീസ്, അനൂപ് ജേക്കബ്, സി പി ജോണ്‍, ജി ദേവരാജന്‍, ജോണ്‍ ജോണ്‍, കെ സുധാകരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ പങ്കെടുത്തു.
'സംശുദ്ധം സദ്ഭരണം' എന്നതാണ് ജാഥയുടെ മുദ്രാവാക്യം. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണത്തിലൂടെ നഷ്ടപ്പെട്ട കേരളത്തിന്റെ ഐശ്വര്യം വീണ്ടെടുക്കാന്‍ ജനാധിപത്യ മതേതര പുരോഗമന ശക്തികളെ ഒരുമിപ്പിക്കുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യം. അതോടൊപ്പം യു ഡി എഫിന്റെ ബദല്‍ വികസന, കരുതല്‍ മാതൃകകള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യും.
തെരഞ്ഞെടുപ്പിനായുള്ള യു ഡി എഫിന്റെ പ്രകടന പത്രിക പൊതുജന പങ്കാളിത്തത്തോടെ രൂപപ്പെടുത്താനുള്ള അഭിപ്രായ സ്വരൂപണവും യാത്രയുടെ ലക്ഷ്യമാണ്. രാജ്യവും സംസ്ഥാനവും നേരിടുന്ന ആനുകാലിക രാഷ്ട്രീയ വിഷങ്ങളുടെ വിശദീകരണവും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളും അഴിമതികളും ജാഥയില്‍ തുറന്നു കാട്ടുന്നുണ്ട്.
എല്‍ഡിഎഫിനും എന്‍ഡിഎയ്ക്കും മുന്‍പേ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് ഐശ്വര്യകേരളയാത്രയിലൂടെ യുഡിഎഫ് കാലെടുത്ത് വയ്ക്കുന്ന കാഴ്ചയാണ് ഇന്ന് കുമ്പളയില്‍ കണ്ടത്. കേരളത്തിലെ 14 ജില്ലകളിലൂടേയും ഐശ്വര്യ കേരളയാത്ര സഞ്ചരിക്കും. എല്ലാം ദിവസവും യാത്ര സംഘം എത്തുന്ന ജില്ലയിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായി കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തും.
ഇതോടൊപ്പം യുഡിഎഫ് ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനചര്‍ച്ചയും കേരളയാത്രയ്ക്ക് സമാന്തരമായി നടക്കും. പതിവിന് വിപരീതമായി ഇക്കുറി വിവാദങ്ങള്‍ക്കും മാധ്യമചര്‍ച്ചകള്‍ക്കും ഇടം കൊടുക്കാതെയാണ് യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ച ആരംഭിച്ചതും പുരോഗമിക്കുന്നതും.