ധാരാവിക്ക് സഹായവുമായി അജയ് ദേവ്ഗൺ, 700 കുടുംബങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് താരം

ഫിലിം ഡസ്ക്
Saturday, May 30, 2020

മുംബൈയിൽ ആളുകൾ തിങ്ങി പാർക്കുന്ന ധാരാവിയിലെ 700 കുടുംബങ്ങൾക്ക് സഹായഹസ്തവുമായി ബൊളിവുഡ് താരം അജയ് ദേവ്ഗൺ. ഇതിനുമുൻപും മുംബൈയിലെ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ താരം എത്തിച്ചു കൊടുത്തിട്ടുണ്ട്.ധാരാവിയിലെ യുവകലാകാരന്മാര്‍ ചേര്‍ന്ന് ഒരുക്കിയ റാപ്പ് മ്യൂസിക്ക് വീഡിയോയിലും അജയ് ഭാഗമായിരുന്നു.

ധാരാവിയിലെ 700 കുടുംബങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത വിവരം അദ്ദേഹം ട്വീറ്റിലൂടെയാണ് അറിയിച്ചത്. ധാരാവിയിപ്പോൾ കൊവിഡ് 19 കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ്. നിരവധി സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഒരുപാട് ആളുകൾ പലയിടത്തും അവശ്യവസ്തുക്കളും റേഷനും ശുചിത്വ കിറ്റുകളും എത്തിച്ചു കൊടുക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇനിയും കൂടുതല്‍ പേര്‍ സന്നദ്ധരായി മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, 700 കുടുംബങ്ങളെ തങ്ങൾ സഹായിക്കുന്നുണ്ടെന്നും അജയ് തന്റെ ട്വീറ്റിൽ കുറിച്ചു.

ബോളിവുഡിൽ നിന്നും നിരവധി താരങ്ങളാണ് സമാനമായ സഹായങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ലോക്ക്ഡൗണിൽ എറണാകുളത്ത് കുടുങ്ങിയ 177 പെണ്‍കുട്ടികളെ അവരുടെ സ്വദേശമായ ഒറീസയിലെ ഭുവനേശ്വറിലേക്ക് എത്തിക്കാനായി നടന്‍ സോനു സൂദ് സഹായിച്ചിരുന്നു.

ബെംഗളുരൂവിൽ നിന്നും വന്ന പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ നിന്നുള്ള 177 പേരെയും ഭുവനേശ്വറിലെത്തിച്ചു. ലോക്ക്ഡൗൺ തുടരുന്നതിനാല്‍ റോഡ് മാര്‍ഗമുള്ള അന്തര്‍സംസ്ഥാന യാത്ര ബുദ്ധിമുട്ടാതിനായതിനാലാണ് വ്യോമമാര്‍ഗം സ്വീകരിച്ചതെന്ന് സോനു സൂദ് ദേശീയ മാധ്യമങ്ങളോടു പഞ്ഞത്.

×