തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മംഗളം ദിനപത്രം മുന്‍ സിഇഒയും മംഗളം ടെലിവിഷന്‍ മുന്‍ എംഡിയുമായ ആര് അജിത്കുമാര്‍ സത്യം ഓണ്‍ലൈന്‍ ഹോണററി എഡിറ്റര്‍. അജിത്കുമാര്‍ ഹോണററി എഡിറ്ററായി ഇന്ന് ആഗസ്റ്റ് ഒന്നു മുതല്‍ ചുമതലയേല്‍ക്കും. മുതിർന്ന മാധ്യമ പ്രവർത്തകനും ഇന്ത്യാ ടുഡേ മലയാളം തലവനുമായിരുന്ന ജേക്കബ് ജോര്‍ജ് സത്യം ഓണ്‍ലൈന്‍ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചു വരികയാണ്.
നാല്പത് വര്‍ഷത്തിലേറെയായി തിരുവനന്തപുരം കേന്ദ്രീകരിച്ച് മംഗളം ഗ്രൂപ്പ് മീഡിയ സ്ഥാപനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അജിത്കുമാര്‍ ഇതാദ്യമായാണ് ഒരു ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ ഭാഗമാകുന്നത്. മംഗളത്തിന്റെ തുടക്കം മുതൽ തിരുവനന്തപുരത്ത് മംഗളം ദിനപ്പത്രത്തിൻ്റെ ചുമതല അജിത്കുമാറിനായിരുന്നു. പിന്നീട് തിരുവനന്തപുരത്ത് മംഗളം എഡീഷൻ തുടങ്ങുന്നതും തുടർന്ന് മംഗളം ചാനൽ ആരംഭിക്കുന്നതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലും ചുമതലയിലുമായിരുന്നു.
നിരവധി തവണ തിരുവനന്തപുരം പ്രസ് ക്ലബിന്റെ പ്രസിഡണ്ട് ആയിരുന്നു. കേരളത്തിന്റെ മനസാക്ഷിയെ ഉണര്‍ത്തിയ നിരവധി സുപ്രധാന വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്നിട്ടുള്ള മാധ്യമ പ്രവര്‍ത്തകനാണ് അജിത്കുമാര്‍.
മംഗളം ദിനപത്രത്തിന്റെ സിഇഒയും ടെലിവിഷന്‍ ചാനലിന്റെ എംഡിയുമായിരുന്നു അദ്ദേഹം. മംഗളത്തിൽ നിന്നും വിരമിച്ച ശേഷം അജിത് രാഘവ് എന്ന പേരിൽ പുസ്തക രചനയിലേയ്ക്ക് കടന്ന എഴുത്തുകാരന് കൂടിയായ അജിത്കുമാറിന്റെ ' പ്രണയത്തിന്റെ മാനിഫെസ്റ്റോ ' എന്ന നോവൽ ഈ വർഷത്തെ വയലാർ രാമവർമ്മ സാംസ്ക്കാരികവേദിയുടെ അപ്പു നെടുങ്ങാടി പുരസ്ക്കാരത്തിന് അർഹമായിരുന്നു .
അദ്ദേഹം കൂടി എത്തുന്നതോടെ സത്യം ഓണ്‍ലൈന്റെ എഡിറ്റോറിയല്‍ ടീം മലയാളത്തിലെ ഒന്നാം നിര മാധ്യമങ്ങളോട് കിടപിടിക്കുന്നതായി മാറുകയാണ് .
പുതിയ ഹോണററി എഡിറ്റര്‍ 'നിലപാട്' എന്ന പേരില്‍ എഴുതുന്ന പ്രത്യേക കോളം ഇന്ന് മുതൽ സത്യം ഓണ്‍ലൈനില്‍ എല്ലാ ദിവസവും പ്രസിദ്ധീകരിക്കും. സമകാലിക രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക വിഷയങ്ങളുടെ പ്രതിദിന വിലയിരുത്തലാണ് പംങ്തി. ചീഫ് എഡിറ്റർ ജേക്കബ് ജോർജിന്റെ മുഖപ്രസംഗവും അള്ളും മുള്ളും പംക്തിയും ഇതിനോടകം മലയാളം ഓൺലൈൻ വായനക്കാർക്കിടയിൽ പ്രിയങ്കരങ്ങളാണ്.
കേരളാ മീഡിയ അക്കാദമി ( ഗവ. ഓഫ് കേരള ) അംഗംകൂടിയായ വിന്‍സെന്റ് നെല്ലിക്കുന്നേലാണ് സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍. കേരളത്തിലെ 14 ജില്ലകളിലും ജില്ലാ പേജുകളും രാജ്യത്ത് 4 പ്രധാന നഗരങ്ങൾക്കായി മെട്രോ പേജുകളും വിദേശത്ത് മലയാളികൾ ഏറെ തിങ്ങിപ്പാർക്കുന്ന 15 രാജ്യങ്ങളിലായി പ്രത്യേക പേജുകളുമുള്ള സത്യം ഓൺലൈന്‍ 150 ഓളം രാജ്യങ്ങളിൽ പ്രതിദിന മലയാളി വായനക്കാരുണ്ട്.
കുവൈറ്റ് ന്യൂസ് ഏജൻസിയുടെ അംഗീകാരം നേടുന്ന ആദ്യ മലയാളം ഓൺലൈൻ മാധ്യമമാണ് സത്യം ഓൺലൈൻ. പ്രവാസി മലയാളികൾ ഏറെയുള്ള ഗൾഫ് മേഖലയിലെ ഒന്നാം നിര മലയാള മാധ്യമമാണ് സത്യം ഓൺലൈൻ പ്രൈവറ്റ് ലിമിറ്റഡ് ഉടമസ്ഥതയിലുള്ള സത്യം. കൂടാതെ യു എസ് , സ്വിട്സർലാൻഡ്, ഓസ്ട്രിയ , കാനഡ , ഐർലാൻഡ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ മലയാളികൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള ഓൺലൈൻ മാധ്യമവും സത്യം ഓൺലൈൻ ആണ്.