അജിത് പവാർ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതറിഞ്ഞപ്പോൾ താൻ ആദ്യം വിളിച്ചത് ഉദ്ധവ് താക്കറെയാണെന്നു ശരത് പവാർ. സഖ്യം പൊളിക്കുമെന്ന് വാക്ക് കൊടുത്തുവെന്നും പവാര്‍

ന്യൂസ് ബ്യൂറോ, മുംബൈ
Monday, December 2, 2019

മുംബൈ : അജിത് പവാർ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത് അറിഞ്ഞപ്പോൾ താൻ ആദ്യം വിളിച്ചത് ഉദ്ധവ് താക്കറെയെയാണെന്നു എന്‍സിപി അധ്യക്ഷന്‍ ശരത് പവാർ. ‘തെറ്റായ കാര്യമാണ് സംഭവിച്ചത്. ഈ സഖ്യം താൻ ഇല്ലാതാക്കിയിരിക്കുമെന്ന് വാക്കു കൊടുത്തു.

പിന്നീട് അജിത്തിന് തന്റെ പിൻബലം ഇല്ലെന്ന് മനസ്സിലാക്കിയതോടെ അയാൾക്കൊപ്പം നിന്ന അഞ്ച് എംഎൽഎമാരും തിരികെയെത്തുകയായിരുന്നു’- പവാർ വ്യക്തമാക്കി. മറാത്തി ചാനലിനു നൽകിയ അഭിമുഖത്തിലാണ് പവാറിന്റെ വെളിപ്പെടുത്തൽ.

ഒരുമിച്ച് പ്രവർത്തിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നെന്നും മകൾ സുപ്രിയ സുളെയ്ക്ക് മോദി മന്ത്രിപദം നൽകാമെന്നു പറഞ്ഞിരുന്നതായും പവാർ വെളിപ്പെടുത്തി .

നല്ല വ്യക്തിബന്ധമാണ് നമുക്കിടയിലുള്ളത്, പക്ഷെ ഒന്നിച്ചു പ്രവർത്തിക്കാൻ സാധിക്കില്ലെന്നാണ് താൻ മോഡിക്ക് മറുപടി നല്‍കിയത് – വ്യക്തമാക്കി. തന്നെ രാഷ്ട്രപതി ആക്കാമെന്ന് മോദി വാഗ്ദാനം നൽകിയെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ അദ്ദേഹം തള്ളി. .

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനുള്ള ചർച്ച കൊടുമ്പിരികൊള്ളുന്നതിനിടയിൽ പവാർ ഡൽഹിയിലെത്തി മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതോടെ എൻസിപി ബിജെപിയുമായി ചേർന്ന് സഖ്യം രൂപീകരിക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങളും പരന്നു.

ഇരുവരുടെയും കൂടിക്കാഴ്ചയ്ക്കു ശേഷം പവാറിനെ പുകഴ്ത്തി മോദി രാജ്യസഭയിൽ സംസാരിക്കുകയും ചെയ്തു. പാർലമെന്ററി കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപി അടക്കമുള്ള പാർട്ടികൾ എൻസിപിയിൽ നിന്ന് പഠിക്കണമെന്നായിരുന്നു മോദി പറഞ്ഞത്.

×