ഐ.എന്‍.എസ് വിക്രാന്ത് ചടങ്ങില്‍ ക്ഷണിക്കാത്തതില്‍ പരിഭവമില്ല, ഇക്കാര്യത്തില്‍ രാഷ്‌ട്രീയം കലര്‍ത്തേണ്ടതില്ല; എ.കെ. ആന്റണി

author-image
പൊളിറ്റിക്കല്‍ ഡസ്ക്
Updated On
New Update

publive-image

തിരുവനന്തപുരം: ഐ.എന്‍.എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ച ചടങ്ങില്‍ ക്ഷണിക്കാത്തതില്‍ പരിഭവമില്ലെന്ന് മുന്‍ പ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണി  പറഞ്ഞു. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന ആന്റണി ടി.വി ചാനലിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ചടങ്ങ് തത്സമയം കണ്ടത്.

Advertisment

ഞങ്ങളൊക്കെ പഴയ ആള്‍ക്കാരായില്ലേ, പുതിയ ആള്‍ക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്ബോള്‍ സന്തോഷമാണെന്നും ചടങ്ങിന് ക്ഷണിക്കാത്തതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ആന്റണി പറഞ്ഞു. കപ്പലിന് പേരിട്ടതും ആ പേര് കപ്പലിലെഴുതിയതും ഭാര്യ എലിസബത്താണ്. ഐ.എന്‍.എസ് വിക്രാന്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചപ്പോള്‍ അത് നാടിനാകെ അഭിമാനമായി. ഇക്കാര്യത്തില്‍ രാഷ്‌ട്രീയം കലര്‍ത്തേണ്ട ആവശ്യമില്ല. സര്‍ക്കാരുകള്‍ തുടര്‍ച്ചയാണ്. യു.പി.എ സര്‍ക്കാര്‍ ചെയ്‌തുവച്ചതിന്റെ ബാക്കിയാണ് എന്‍.ഡി.എ ചെയ്‌തതെന്നും ആന്റണി പറഞ്ഞു.

പ്രതിരോധമന്ത്രിയായിരിക്കേ 2009ലാണ് ആന്റണി ഐ.എന്‍.എസ് വിക്രാന്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചത്. പ്രതിരോധമന്ത്രിയുടെ ഭാര്യ എന്ന നിലയില്‍ 2013ല്‍ എലിസബത്ത് ആന്റണി കപ്പല്‍ നീറ്റിലിറക്കിയതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. ഏത് പ്രതിസന്ധിയേയും നേരിടാനുള്ള കരുത്ത് നാവികസേനയ്‌ക്കുണ്ടാകണമെന്നായിരുന്നു നിര്‍മ്മാണവേളയില്‍ ഞാന്‍ നല്‍കിയിരുന്ന നിര്‍ദ്ദേശമെന്നും ആന്റണി പറഞ്ഞു.

നിര്‍മ്മാണം ആരംഭിച്ചശേഷം ധാരാളം തടസങ്ങള്‍ നേരിട്ടിരുന്നു. റഷ്യയില്‍നിന്ന് ഉരുക്ക് എത്തിക്കാനുള്ള പദ്ധതി ആദ്യം പാളി. പിന്നീട് ഡി.ആര്‍.ഡി.ഒയുടെ സാങ്കേതികസഹായത്തോടെ കപ്പല്‍നിര്‍മ്മാണത്തിന് ആവശ്യമായ ഉരുക്ക് സ്റ്റീല്‍ അതോറിട്ടി ഒഫ് ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിച്ചു. ഗിയര്‍ബോക്‌സ് നിര്‍മ്മിക്കുന്നതിലുണ്ടായ സാങ്കേതികതടസം ജര്‍മ്മന്‍ സഹായത്തോടെയാണ് മറികടന്നത്. ചൈനയുടെ കടന്നുകയറ്റം ഇന്ത്യയ്‌ക്ക് വലിയ ഭീഷണിയാണ്. മൂന്നാമത്തെ യുദ്ധവാഹിനി കപ്പല്‍ നിര്‍മ്മിക്കാനുള്ള അനുമതി നാവികസേനയ്‌ക്ക് എത്രയുംവേഗം നല്‍കണമെന്നും ആന്റണി ആവശ്യപ്പെട്ടു.

കൊച്ചിയില്‍ ഉദ്ഘാടനം നടക്കുമ്ബോള്‍ സമൂഹ മാദ്ധ്യമങ്ങളിലെ കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍ ഐ.എന്‍.എസ് വിക്രാന്തിന് വേണ്ടി എ.കെ. ആന്റണി നല്‍കിയ സംഭാവനകള്‍ വിവരിക്കുന്ന കുറിപ്പുകള്‍ നിറഞ്ഞിരുന്നു. ആന്റണിയുടെ മകനും കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറുമായ അനില്‍ ആന്റണിയും ഫേസ്ബുക്കില്‍ കുറിപ്പെഴുതി. എന്നാല്‍, സമൂഹ മാദ്ധ്യമങ്ങളോട് കമ്ബമില്ലാത്ത ആന്റണി വിക്രാന്തിന്റെ പേരില്‍ കോണ്‍ഗ്രസ്-ബി.ജെ.പി സൈബര്‍ ഗ്രൂപ്പുകളില്‍ നടക്കുന്ന തര്‍ക്കമൊന്നും അറിഞ്ഞിരുന്നില്ല.

Advertisment