ഡല്‍ഹി: ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്കു പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനോട് ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എംബസികള്‍ വഴി പലിശ രഹിതമായ ചെറിയ വായ്പകള്‍ ലഭ്യമാക്കണമെന്ന നിര്‍ദ്ദേശവും മന്ത്രിക്ക് അയച്ച കത്തില്‍ അദ്ദേഹം മുന്നോട്ടുവച്ചു.
/sathyam/media/post_attachments/Lju7ejRCVe0QZV8dK8uj.jpg)
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പഠിക്കുന്ന വലിയൊരു ശതമാനം വിദ്യാര്‍ഥികളും വിദ്യാഭ്യാസ വായ്പ എടുത്തിട്ടുള്ളവരാണ്. നിലവിലെ സാഹചര്യത്തില്‍ തിരിച്ചടവ് ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഇവരുടെ വായ്പാ തിരിച്ചടവിനു കുറഞ്ഞത് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കണം.
ഇത്തരത്തില്‍ മൊറട്ടോറിയം പ്രഖ്യാപിക്കുമ്പോള്‍ മൊറട്ടോറിയം പ്രഖ്യാപിച്ച കാലയളവിലെ തിരിച്ചടവിനുള്ള പലിശ എഴുതിതള്ളുകയും വേണം. ഇന്ത്യയിലും വിദേശത്തും സമീപ ഭാവിയിലൊന്നും വലിയ തൊഴിലവസരങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന സാഹചര്യം കൂടി മുന്നില്‍ കാണണമെന്നു കത്തില്‍ ആന്റണി ചൂണ്ടിക്കാണിക്കുന്നു.
വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും പാര്‍ട് ടൈം ജോലി ചെയ്താണു പഠനവും ജീവിതവും മുന്നോട്ടു കൊണ്ടുപോകുന്നത്. നിലവിലെ സാഹചര്യത്തില്‍ ഈ വരുമാനം നിലച്ചിരിക്കുന്നു. മാത്രമല്ല എക്‌സ്‌ചേഞ്ച് നിരക്കും അവരില്‍ ആശങ്ക ഉയർത്തുന്നതാണ്. അതുകൊണ്ടു തന്നെ വിദേശത്തു പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവരുടെ ദൈനംദിന ചെലവിനായി അതാതു രാജ്യങ്ങളിലെ എംബസികള്‍ വഴി പലിശ ഈടാക്കാത്ത ചെറിയ വായ്പകള്‍ ലഭ്യമാക്കണം-കത്തില്‍ ആന്റണി ആവശ്യപ്പെട്ടു.