കേരളം

രണ്ടാം പിണറായി സര്‍ക്കാരിന്റെ അറുപതു നാളിലും വിവാദങ്ങള്‍ക്ക് ഒരു മുട്ടുമില്ല ! മുട്ടില്‍ മരംമുറി മുതല്‍ ഫോണ്‍വിളി വിവാദം വരെ പിണറായിക്ക് എന്നും തലവേദനയുണ്ടാക്കിയത് എകെ ശശീന്ദ്രന്‍ തന്നെ ! മരംമുറി കേസിലെ പ്രതികളെ രക്ഷിക്കാന്‍ മന്ത്രി ശ്രമിച്ചെന്നും ആരോപണമുയര്‍ന്നു. ഒടുവില്‍ പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ ഫോണ്‍ വിളിച്ചും മന്ത്രിയുടെ നീക്കം ! വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ‘അനുഭവിച്ചോ’ പ്രയോഗം സര്‍ക്കാര്‍ അനുഭവിക്കാതെയിരുന്നത് ഭാഗ്യം കൊണ്ട്. സ്വര്‍ണക്കടത്തും ക്വട്ടേഷനുമായി പാര്‍ട്ടി പ്രവര്‍ത്തകരും സര്‍ക്കാരിന് തലവേദന ! കോവിഡ് കണക്കിലെ പൊരുത്തക്കേട് സമ്മാനിച്ചതും സര്‍ക്കാരിന് നാണക്കേട്. അറുപതു ദിവസം പിന്നിടുമ്പോള്‍ ആദ്യ വിക്കറ്റ് വീഴുമോയെന്ന ആശങ്കയില്‍ രണ്ടാം പിണറായി സര്‍ക്കാര്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, July 21, 2021

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ 62 ദിവസം പിന്നിടുമ്പോള്‍ വിവാദങ്ങള്‍ക്ക് ഒരു മുട്ടുമില്ല എന്നതാണ് സത്യം. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പ്രഖ്യാപനങ്ങളുടെ കൈ പിടിച്ചാണു സര്‍ക്കാര്‍ ഭരണം തുടങ്ങിയത്. കോവിഡ് പാക്കേജും 20 ലക്ഷം പേര്‍ക്കു തൊഴിലും ഉള്‍പ്പെടെ ആദ്യ ബജറ്റിലെയും 100 ദിവസ കര്‍മപദ്ധതിയിലെയും പ്രഖ്യാപനങ്ങള്‍ ജനങ്ങള്‍ കയ്യടിയോടെയാണു സ്വീകരിച്ചത്.

പക്ഷേ പതിവിനു വിപരീതമായി മധുവിധു കാലത്തേ ഇടവേള പോലുമില്ലാതെ വിവാദങ്ങള്‍ ഉയര്‍ന്നത് സര്‍ക്കാരിനെ പിടിച്ചുലയ്ക്കുകയാണ്. സര്‍ക്കാര്‍ അധികാരത്തിലേറിയ ആദ്യ ദിവസങ്ങളില്‍ തന്നെയാണ് മുട്ടില്‍ മരംമുറി വിവാദമുണ്ടായത്. മരംകൊള്ള വിഷയത്തില്‍ മുന്‍ റവന്യൂ മന്ത്രിയും വനം മന്ത്രിയുമൊക്കെ പ്രതിക്കൂട്ടിലാണ്.

ഇന്നും ആ വിവാദത്തില്‍ നിന്നും സര്‍ക്കാരിന് തടിയൂരാന് കഴിയാതെ നില്‍ക്കുകയാണ്. അതിനിടെയാണ് വനിതാകമ്മീഷന്‍ അധ്യക്ഷയുടെ ‘അനുഭവിച്ചോ’ പ്രയോഗം. ഒടുവില്‍ ആ വിവാദത്തില്‍ അധ്യക്ഷയെ തന്നെ പുറത്താക്കി ഒരുവിധത്തില്‍ അനുഭവിക്കാതെയാണ് സര്‍ക്കാര്‍ രക്ഷപ്പെട്ടത്.

പിന്നീടു ദേശീയതലത്തില്‍ ചര്‍ച്ചയായ കിറ്റെക്‌സ് വിവാദം സര്‍ക്കാരിനും കേരളത്തിനാകെയും തിരിച്ചടിയായി. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍, ശിശു പീഡനം ഉള്‍പ്പെടെ കുറ്റകൃത്യങ്ങളിലെ പാര്‍ട്ടി അണികളുടെ സാന്നിധ്യവും സര്‍ക്കാരിനു ക്ഷീണമായി. കോവിഡ് മരണക്കണക്കിലെ പൊരുത്തക്കേട് വെളിച്ചത്തായതോടെ അവകാശവാദങ്ങളൊക്കെയും സംശയ നിഴലിലായി.

ഇതിനൊക്കെ നടുവില്‍ സര്‍ക്കാര്‍ നില്‍ക്കുമ്പോഴാണ് വഴിയെ പോയ വിവാദം ഏണിവച്ച് പിടിച്ച് മന്ത്രി എകെ ശശീന്ദ്രന്‍ പ്രതിസന്ധിയിലാകുന്നത്. പീഡന പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ച് പരാതി നല്ലരീതിയില്‍ പരിഹരിക്കണമെന്ന് പറഞ്ഞതോടെ കുടുക്കിലായത് മന്ത്രിക്കൊപ്പം സര്‍ക്കാര്‍ കൂടിയാണ്. പരാതി പിന്‍വലിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്ന ന്യായമൊക്കെ പറയാമെങ്കിലും അതൊന്നും നിലനില്‍ക്കില്ലെന്നത് യാഥാര്‍ത്ഥ്യമാണ്.

പെണ്‍കുട്ടിയുടെ പിതാവിനെ മന്ത്രി വിളിച്ചത് പരാതി പിന്‍വലിക്കാനോ ഒത്തുതീര്‍പ്പിലാക്കാനാണോ വേണ്ടിയായിരുന്നു എന്നത് വ്യക്തമാണ്. ഇക്കാര്യത്തില്‍ മന്ത്രിക്കൊപ്പം സര്‍ക്കാര്‍ നില്‍ക്കുന്നുണ്ടെന്നു പറയുമ്പോഴും എത്രനാള്‍ ഈ വിവാദം കൂടി ചുമക്കണമെന്ന് മുഖ്യമന്ത്രി വൈകാതെ തീരുമാനിച്ചേക്കും. മുമ്പൊരു ഫോണ്‍വിളിയുടെ വിവാദത്തില്‍ നിന്നും ഒരുവിധത്തില്‍ കരകയറിയെ മന്ത്രി എകെ ശശീന്ദ്രന്‍ അതില്‍ നിന്നും ഇനിയും പാഠം പഠിച്ചില്ല എന്നതു വരാനിരിക്കുന്ന നല്ലനാളുകളുടെ സൂചനകളല്ല സര്‍ക്കാരിന് നല്‍കുന്നത്.

×