‘എല്‍ഡിഎഫ് വരണം, അതിന് എ കെ ശശീന്ദ്രന്‍ മാറണം’; കറ പുരളാത്ത ഒരു വ്യക്തിയായിരിക്കണം മത്സരിക്കേണ്ടതെന്ന് പോസ്റ്റർ

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Monday, March 8, 2021

കോഴിക്കോട് : എൽ.ഡി.എഫിലും പോസ്റ്റർ പ്രതിഷേധം തുടരുന്നു. ഇക്കുറി ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കോഴിക്കോട് പതിച്ച പോസ്റ്ററിൽ എ കെ ശശീന്ദ്രന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് മാറണമെന്നാണ് ആവശ്യം. എലത്തൂരില്‍ പുതുമുഖം മത്സരിക്കണമെന്നും ജനഹിതം പരിശോധിക്കണമെന്നും ആണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.

‘എല്‍ഡിഎഫ് വരണം. അതിന് എ കെ ശശീന്ദ്രന്‍ മാറണം’ എന്നാണ് പോസ്റ്ററിലെ തലവാചകം. കറ പുരളാത്ത ഒരു വ്യക്തിയായിരിക്കണം മത്സരിക്കേണ്ടതെന്നും പോസ്റ്ററില്‍. എലത്തൂരിലും പാവങ്ങാടുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

കളമശ്ശേരിയിൽ പി രാജീവിനെതിരെയും പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു.സിഐടിയു നേതാവ് കെ ചന്ദ്രൻപിള്ളയ്ക്ക് അനുകൂലമായിട്ടായിരുന്നു കളമശ്ശേരി മണ്ഡലത്തിലെ പോസ്റ്ററുകൾ. വ്യവസായ മേഖലയായ ഏലൂരിലെ പാർട്ടി ഓഫീസിന് എതിർവശത്തും മുനിസിപ്പാലിറ്റി ഓഫീസിന് മുമ്പിലും കളമശ്ശേരി പാർട്ടി ഓഫീസിന് മുൻ ഭാഗത്തും ഒക്കെയാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.

പ്രബുദ്ധതയുള്ള കമ്മ്യൂണിസ്റ്റ്കാർ പ്രതികരിക്കും, ചന്ദ്രൻപിള്ള കളമശ്ശേരിയുടെ സ്വപ്നം, വെട്ടി നിരത്തൽ എളുപ്പമാണ് വോട്ട് പിടിക്കാനാണ് പാട്, പി രാജീവിനെ വേണ്ട തുടങ്ങിയ വാചകങ്ങൾ ആണ് പോസ്റ്ററുകളിൽ ഉള്ളത്. ചന്ദ്രൻ പിള്ളയ്ക്ക് പകരം പി രാജീവിനെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനമാണ് പ്രതിഷേധത്തിന് കാരണം.

×