കുറ്റക്കാരെ വെടിവച്ചു കൊല്ലുമെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു, പക്ഷേ അവര്‍ക്ക് ഒരു മകളുടെ ജീവന്‍ രക്ഷിക്കാനായില്ല ; സര്‍ക്കാരിനെതിരെ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഖിലേഷ് യാദവ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, December 7, 2019

ലക്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ലൈംഗിക പീഡനത്തെ അതിജീവിച്ച പെണ്‍കുട്ടിയെ തീക്കൊളുത്തിക്കൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി അഖിലേഷ് യാദവ്. നിയമസഭയുടെ മുമ്പില്‍ കുത്തിയിരുന്നാണ് അഖിലേഷ് പ്രതിഷേധിച്ചത്. മുഖ്യമന്ത്രി ആദിത്യനാഥ് രാജിവയ്ക്കണമെന്നാണ് ആവശ്യം.

”ഉത്തരപ്രദേശ് മുഖ്യമന്ത്രി. ഹോം സെക്രട്ടറി, ഡിജിപി എന്നിവര്‍ ഇതുവരെയും രാജിവച്ചിട്ടില്ല, നീതി ലഭിക്കുകയില്ല. ഉന്നാവ് സംഭവത്തില്‍ സംസ്ഥാനത്തുടനീളം അനുശോചന സമ്മേളനം നടത്തും” – അഖിലേഷ് യാദവ്

”ഇത് അത്യധികം കുറ്റകരമായ സംഭവമാണ്. ഇത് കറുത്ത ദിനമാണ്. ഈ ബിജെപി സര്‍ക്കാരിന് കീഴില്‍ ആദ്യമായല്ല ഇങ്ങനെയൊരു സംഭവം ഉണ്ടാകുന്നത്. കുറ്റക്കാരെ വെടിവച്ചുകൊല്ലുമെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു, പക്ഷേ അവര്‍ക്ക് ഒരു മകളുടെ ജീവന്‍ രക്ഷിക്കാനായില്ല” – അഖിലേഷ് കുറ്റപ്പെടുത്തി.

90ശതമാനം പൊള്ളലേറ്റ യുവതി ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള സാധ്യത വിരളമാണെന്ന് മെഡിക്കൽ ബോർഡ്‌ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തീ കൊളുത്തുന്നതിന് മുമ്പ് തന്നെ മര്‍ദിച്ചെന്നും കത്തികൊണ്ട് ആക്രമിച്ചെന്നും യുവതി പൊലീസിനും മൊഴി നല്‍കിയതായാണ് വിവരം.

ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആദ്യം ഉന്നാവ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീടിവരെ ലഖ്നൗവിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്നാണ് ദില്ലിയിലെ സഫ്ദ‍ര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയത്. ബേൺ ആൻഡ്‌ പ്ലാസ്റ്റിക്‌ സർജറി ബ്ലോക്കിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു യുവതി.

ഡോ ശലഭ് കുമാറിന്റെ നേതൃത്വത്തിൽ ഏഴംഗ മെഡിക്കൽ ബോര്‍ഡാണ് യുവതിയെ പരിശോധിച്ചത്. കേസിൽ അഞ്ച് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശിവം ത്രിവേദി, ശുഭം ത്രിവേദി, ഹരിശങ്കര്‍, ഉമേഷ്, റാം കിഷോര്‍ എന്നിവരാണ് പ്രതികൾ. ശിവം ത്രിവേദിയും ശുഭം ത്രിവേദിയും യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലും പ്രതികളാണ്.

കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. അച്ഛന്‍റെ വീട്ടിലെത്തിയ യുവതിയെ പ്രതികൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കേസിൽ റായ് ബറേലി കോടതിയിൽ വിചാരണയ്ക്കായി പോകുമ്പോഴാണ് യുവതി വീണ്ടും ആക്രമിക്കപ്പെട്ടത്. കേസിൽ നിന്ന് പിന്മാറാനുള്ള പ്രതികളുടെ ഭീഷണി വകവയ്ക്കാതിരുന്നതാണ് കൊലപാതകത്തിന് കാരണം.

യുവതിയെ ഉന്നാവ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ആളൊഴിഞ്ഞ പാടത്തേക്ക് പിടിച്ചു കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം യുവതി ഒരു കിലോമീറ്ററോളം ഓടിയെന്നാണ് പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകൾ.

×