അന്ന് കാർഗിൽ യുദ്ധസമയത്ത് ലഹോറിൽ ഞാനുമുണ്ടായിരുന്നു; അവിടെയെന്താണ് പരിപാടിയെന്ന് ഒരു സൈനിക ഉദ്യോഗസ്ഥൻ എന്നോട് ചോദിച്ചു; പാക്ക് സൈന്യത്തിന്റെ ബജറ്റ് കൂട്ടാൻ പുല്ലു തിന്നാനും ഞാൻ തയാർ: ‘ഞെട്ടിച്ച്’ അക്തർ

സ്പോര്‍ട്സ് ഡസ്ക്
Friday, August 7, 2020

രാജ്യസ്നേഹം അതിരുകടന്നതോടെ ‘പുല്ലു തിന്നാനും’ സന്നദ്ധത അറിയിച്ച് ശുഐബ് അക്തർ. പാക്കിസ്ഥാൻ സൈന്യത്തിന്റെ ബജറ്റ് ഉയർത്തുന്നതിനായി പുല്ലുതിന്നാനും താൻ സന്നദ്ധനാണെന്നാണ് അക്തറിന്റെ പ്രഖ്യാപനം. എആർഐ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അക്തർ നടത്തിയ പ്രഖ്യാപനം എഎൻഐ ഉൾപ്പെടെയുള്ള വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

‘ദൈവം എന്നെങ്കിലും എനിക്കൊരു അവസരം തന്നാൽ (ജീവൻ നിലനിർത്താൻ) പുല്ലു തിന്നിട്ടാണെങ്കിലും രാജ്യം കാക്കുന്ന സൈനികർക്കായുള്ള ബജറ്റ് വിഹിതം വർധിപ്പിക്കും’ – എആർഐ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അക്തർ വ്യക്തമാക്കി. പാക്കിസ്ഥാനിലെ പൊതുജനത്തിന് സായുധ സൈന്യവുമായി സഹകരിച്ച് പ്രവർത്തിക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും അക്തർ പറഞ്ഞു. അവസരം കിട്ടിയാൽ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ആത്മവീര്യം ഉയർത്താൻ താൻ ചെയ്യാൻ പോകുന്ന കാര്യങ്ങളും അക്തർ അഭിമുഖത്തിൽ പങ്കുവച്ചു.

‘എന്നെ നേരിൽക്കണ്ടു മാത്രം നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ഞാൻ സൈനിക തലവന് നിർദ്ദേശം നൽകും. ഇപ്പോൾ സൈന്യത്തിനുള്ള ബജറ്റ് വിഹിതം 20 ശതമാനമാണെങ്കിൽ ഞാനത് 60 ശതമാനമായി ഉയർത്തും. നമ്മൾ പരസ്പരം പഴിചാരിക്കൊണ്ടിരുന്നാൽ നഷ്ടം നമുക്കു തന്നെയാണെന്ന് ഓർത്താൽ നന്ന്’ – അക്തർ പറഞ്ഞു.

1999ലെ കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ താൻ ആഗ്രഹിച്ചിരുന്നതായും അക്തർ അഭിമുഖത്തിൽ വെളിപ്പെടുത്തി. രാജ്യത്തിനായി യുദ്ധമുഖത്തേക്കു പോകുന്നതിനായി കോടികളുടെ കൗണ്ടികരാർ അക്കാലത്ത് താൻ റദ്ദാക്കിയതായും അക്തർ അവകാശപ്പെട്ടു. രാജ്യത്തിനായി മരിക്കാനും താൻ തയാറായിരുന്നുവെന്നാണ് അക്തറിന്റെ വാദം.

‘എന്റെ ജീവിതത്തിൽ അങ്ങനെയൊരു കഥയുണ്ട്. വളരെക്കുറച്ചു പേർക്കേ അത് അറിയൂ. അക്കാലത്ത് കൗണ്ടിയിൽ കളിക്കാൻ എനിക്ക് നോട്ടിങ്ങാമിൽനിന്ന് 1.75 കോടി രൂപയുടെ ഓഫർ ലഭിച്ചതാണ്. പിന്നീട് 2002ലും വലിയൊരു ഓഫർ ലഭിച്ചു. കാർഗിൽ വിഷയത്തിന്റെ പശ്ചാത്തലത്തിൽ രണ്ടും ഞാൻ ഉപേക്ഷിച്ചു’ – അക്തർ അവകാശപ്പെട്ടു.

അന്ന് (കാർഗിൽ യുദ്ധസമയത്ത്) ലഹോറിൽ ഞാനുമുണ്ടായിരുന്നു. അവിടെയെന്താണ് പരിപാടിയെന്ന് ഒരു സൈനിക ഉദ്യോഗസ്ഥൻ എന്നോട് ചോദിച്ചു. യുദ്ധം ആരംഭിച്ചാൽ നമ്മൾ ഒരുമിച്ചു പോരാടി ജീവത്യാഗം ചെയ്യാമെന്ന് ഞാൻ പറഞ്ഞു.

രണ്ടു തവണ ഇതേ കാരണംകൊണ്ട് കൗണ്ടിയിൽനിന്നുള്ള ഓഫറുകൾ നിരസിച്ചപ്പോൾ അവർ പോലും ഞെട്ടിപ്പോയി. എന്നെ സംബന്ധിച്ച് അതൊരു വലിയ സംഭവമായിരുന്നില്ല. കശ്മീരിലുള്ള എന്റെ സുഹൃത്തുക്കളെ വിളിച്ച് പോരാടാനുള്ള സന്നദ്ധത ഞാൻ അറിയിച്ചിരുന്നു’ – അക്തർ പറഞ്ഞു.

×