അവര്‍ ആട്ടിന്‍കുട്ടികളല്ലെന്ന് പറഞ്ഞ പിണറായി ഇനിയെന്ത് പറയും?; സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്തായി, അലന്‍ - താഹ കേസി ല്‍ മാനം പോയ സിപിഎമ്മും മുഖ്യമന്ത്രിയും.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട് : പന്തീരങ്കാവ് കേസില്‍ യുഎപിഎ നിയമപ്രകാരം അറസ്റ്റിലായ അലന്‍ ഷുഹൈബും, താഹ ഫസലും മാവോയിസ്റ്റുകളല്ലെന്ന് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയതോടെ സിപിഎമ്മിനും മുഖ്യമന്ത്രിക്കും മുഖം നഷ്ടപ്പെട്ടു. അവര്‍ ആട്ടിന്‍കുട്ടികളല്ലെന്നും, നിങ്ങള്‍ അവരെ പരിശുദ്ധന്മാരാക്കേണ്ടെന്നുമായിരുന്നു പിണറായി വിജയന്‍ ധാര്‍ഷ്ട്യത്തോടെ പറഞ്ഞിരുന്നത്. ഇക്കഴിഞ്ഞി ദിവസം കൊച്ചിയിലെ എന്‍ഐഎ കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു.

Advertisment

publive-image

കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനായിരുന്നു വിദ്യാര്‍ത്ഥികളായ അലന്‍ ഷുഹൈബിനെയും, താഹ ഫസലിനെയും കേരള പോലീസ് പന്തീരങ്കാവില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ഇവര്‍ മാവോയിസ്റ്റുകളാണെന്നും ഇവരുടെ പക്കല്‍ നിന്നും മാവോയിസ്റ്റ് അനുകൂല ലഘുലേഖകളും, പുസ്തകങ്ങളും കണ്ടെത്തിയെന്നായിരുന്നു പോലീസിന്റെ വാദം.

ഇവര്‍ക്കെതിരെ യുഎപിഎ ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഒരു മാസം കഴിഞ്ഞപ്പോള്‍ ദേശീയ സുരക്ഷ ഏജന്‍സി(എന്‍ഐഎ) കേസേറ്റെടുത്തു. ഇവര്‍ മാവോയിസ്റ്റു കളാണെന്നും പ്രതിപക്ഷവും മറ്റുള്ളവരും ചേര്‍ന്ന് അവരെ വിശുദ്ധന്മാരാക്കാന്‍ ശ്രമിക്കണ്ട എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. അവരെ അറസ്റ്റ് ചെയ്തത് മഹാഅപരാധമായി ആരും ചിത്രീകരിക്കണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

കേരള പോലീസ് ഈ കുട്ടികള്‍ക്കെതിരെ ഭീകര സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ചുമത്തുന്ന യുഎപിഎ ആക്ടിലെ ഏറ്റവും ക്രൂരമായ 20-ാം വകുപ്പാണ് ചാര്‍ത്തിയത്. പക്ഷേ, എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച അവസാന കുറ്റപത്രത്തില്‍ ഈ വകുപ്പ് ഒഴിവാക്കി. എന്‍ഐഎ നിരത്തിയ തെളിവുകളെ എണ്ണി എണ്ണി പറഞ്ഞാണ് കോടതി വിമര്‍ശിച്ചത്.

പ്രതികള്‍ ഏതെങ്കിലും തരത്തിലുള്ള അക്രമണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളല്ലെന്നാണ് എടുത്ത് പറഞ്ഞത്. അവരെ മാവോയിസ്റ്റുകളാക്കി മുദ്രഅടിക്കാന്‍ മുഖ്യമന്ത്രി വല്ലാത്ത താല്‍പര്യം പ്രകടിപ്പിച്ചതു പോലെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ‘ സമയമാകുമ്പോള്‍ അലനും താഹയും ചെയ്ത കുറ്റത്തെക്കുറിച്ച് വിശദമായി പറയാമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പലപ്പോഴും പറഞ്ഞിരുന്നത്. അക്കാര്യമൊന്നും ഇതേവരെ വിശദീകരിച്ചിട്ടുമില്ല.

അലനും താഹയ്ക്കും ജാമ്യം അനുവദിച്ച് കൊണ്ട് എന്‍ഐഎ കോടതി ജഡ്ജി നടത്തിയ വിധി പ്രസ്താവം കേരളം ഭരിക്കുന്ന സിപിഎമ്മിനും അവരുടെ മുഖ്യമന്ത്രി പിണറായി വിജയനും മുഖത്തേറ്റ ശക്തമായ അടിയാണ്. ഒപ്പം, സിപിഎം എന്ന പാര്‍ട്ടി തരാതരം പോലെ സ്വീകരിക്കുന്ന ഇരട്ടത്താപ്പിനും ലഭിച്ച കനത്ത പ്രഹരമാണ്.

യുഎപിഎക്ക് സിപിഎം എതിരാണെന്ന് പറയുകയും അധികാരത്തിലിരിക്കുമ്പോള്‍ ആ നിയമം ഏറ്റവും നിഷ്ഠൂരമായി നടപ്പിലാക്കുകയും ചെയ്ത ഭരണാധികാരിയാണ് പിണറായി വിജയന്‍. ഇന്ത്യയിലാദ്യമായാണ് മാവോയിസ്റ്റ് ലഘുലേഖ കൈവെച്ചുവെന്ന പേരില്‍ യുഎപിഎ ചാര്‍ത്തി രണ്ട് പേരെ അറസ്റ്റ് ചെയ്യുന്നത്. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയത്ത് ഈ വിഷയത്തിലെന്ത് തട്ടിപ്പ് ന്യായങ്ങള്‍ പറയാന്‍ പിണറായിയും കൂട്ടരും ശ്രമിക്കുമെന്നാണ് കാത്തിരുന്ന് കാണേണ്ടത്.

Advertisment