Advertisment

കോടുകുളഞ്ഞി ഇരട്ടക്കൊലക്കേസ് പ്രതികളായ ലബലുവും ജുവലും കോടുകുളഞ്ഞി കരോട് എത്തിയത് നാട്ടുകാരനെ തേടി ; പൊലീസിനെ ചുറ്റിച്ച് ഫോൺവിളി , പ്രതികളെ കുടുക്കിയതു കേരള പൊലീസിന്റെ ചടുലനീക്കം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോടുകുളഞ്ഞി : കരോടിനെ നടുക്കിയ ഇരട്ടക്കൊലപാ‌തകത്തിൽ പ്രതികളെ കുടുക്കിയതു കേരള പൊലീസിന്റെ ചടുലനീക്കം. ആഞ്ഞിലിമൂട്ടിൽ എ.പി.ചെറിയാനും ഭാര്യ ലില്ലിയും കൊല്ലപ്പെട്ട വിവരം അറിഞ്ഞതു മുതൽ പ്രതികൾ പിടിയിലാകുന്നതു വരെ പൊലീസ് കാട്ടിയ ജാഗ്രതയാണു കുറ്റവാളികളെ വിലങ്ങണിയിച്ചത്.

Advertisment

publive-image

രാവിലെ 7 മണിയോടെയാണു ആഞ്ഞിലിമൂട്ടിൽ വീട് അടഞ്ഞു കിടക്കുന്നെന്ന വിവരം വെൺമണി പൊലീസ് ‌സ്റ്റേഷനിലെത്തുന്നത്. വൈകാതെ എസ്ഐ. യു. രാജീവ്കുമാറിന്റെ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തി

പരിശോധനയിൽ മൃതദേഹങ്ങൾ കണ്ടെത്തി. കൊലപാതകത്തിന്റെ രീതി കണ്ടപ്പോൾ ഇതര സംസ്ഥാന തൊഴിലാളികളാണു പിന്നിലെന്നു സംശയം തോന്നി. ഉടൻ തിരക്കിയത് അത്തരക്കാർ ഈ വീട്ടിൽ വന്നിട്ടുണ്ടോ എന്നാണ്. 2 ദിവസം എത്തി എന്നു മറുപടി കിട്ടിയ ഉടൻ സമീപത്തെ, ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തെത്തി അന്വേഷണം നടത്തി.

ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന്. ഇവിടെയുണ്ടായിരുന്ന ബംഗ്ലദേശിയാണ് ഒപ്പമുണ്ടായിരുന്നു തന്റെ 2 സുഹൃത്തുക്കളെ കാണാനില്ലെന്നും ചെന്നൈയിൽ ജോലി കിട്ടിയെന്ന് അവർ വിളിച്ച് അറിയിച്ചെന്നും പറഞ്ഞത്. ‌കൊലപാതക വിവരമറിഞ്ഞ് അധികം വൈകാതെ ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി, എഎസ്പി ബി.കൃഷ്ണകുമാർ, ഡിവൈഎസ്പി അനീഷ് വി.കോര എന്നിവർ സ്ഥലത്തെത്തി അന്വേഷണം വേഗത്തിലാക്കി.

കോടുകുളഞ്ഞി കരോട് താമസിക്കുന്ന ബംഗ്ലദേശുകാരന്റെ മൊബൈൽ ഫോണിലേക്കു പ്രതികൾ വിളിച്ചെന്ന വിവരത്തെ തുടർന്നാണു പൊലീസ് മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ തിരഞ്ഞു പോയത്. എന്നാൽ സംസാരിച്ചയാൾ ചെന്നൈയിലായിരുന്നു. സഹയാത്രികനായ ഇയാളുടെ ഫോൺ വാങ്ങി പ്രതികൾ വിളിക്കുകയായിരുന്നെന്നാണു കരുതുന്നത്. സ്വന്തം ഫോണുകൾ പ്രതികൾ യാത്രയിൽ ഉപയോഗിച്ചിട്ടേയില്ലെന്നാണു പൊലീസിന്റെ നിഗമനം.

കോടുകുളഞ്ഞി കരോട്ടെ ലേബർ ക്യാംപിലുള്ള ബംഗ്ലദേശുകാരന്റെ ഫോണിൽ പ്രതികളുടെ ഫോട്ടോ ഉണ്ടായിരുന്നു. ഇതു വാങ്ങിയ പൊലീസ് ഉടൻ തിരച്ചിൽ നോട്ടിസ് തയാറാക്കി റെയിൽ അലർട്ടിൽ നൽകി. ഇതിൽ നിന്നാണ് ആർപിഎഫ് പ്രതികളെ തിരിച്ചറിഞ്ഞു പിടികൂടുന്നത്.

ഇരട്ടക്കൊലക്കേസ് പ്രതികളായ ലബലുവും ജുവലും കോടുകുളഞ്ഞി കരോട് എത്തിയത് നാട്ടുകാരനെ തേടി. ഇയാൾ വഴിയാണ് ഇവർ ജോലിക്ക് കയറിയത് എന്നാണ് വിവരം. കോടുകുളഞ്ഞി കരോട് താമസിച്ചിരുന്ന ബംഗ്ലദേശ് സ്വദേശിയും പ്രതികളും തമ്മിലുള്ള ബന്ധം പൊലീസ് അന്വേഷിക്കുന്നുണ്ട്. നിരീക്ഷണത്തിലുള്ള ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഇയാൾക്കൊപ്പം താമസിക്കുന്നതിനിടെയാണ് പ്രതികൾ ചെറിയാനെ പരിചയപ്പെട്ടത്. വൈകുന്നേരത്തെ നടത്തത്തിനിടെ ചെറിയാനെ കണ്ടപ്പോൾ ജോലി അന്വേഷിച്ചു. അപ്പോഴാണ് ചെറിയാൻ പറമ്പ് വൃത്തിയാക്കാനായി ഇരുവരെയും ജോലിക്ക് വിളിച്ചത്. ഞായറാഴ്ച ജോലിക്ക് വരേണ്ട എന്ന് ചെറിയാൻ പറഞ്ഞിരുന്നെങ്കിലും ഇരുവരും എത്തുകയായിരുന്നു.

വെൺമണിയിലെത്തിയ പ്രതികൾ അവിടെയുണ്ടായിരുന്ന ബംഗ്ലദേശ് സ്വദേശിക്കൊപ്പം ക്യാംപിലാണ് താമസിച്ചിരുന്നതെങ്കിലും അതിനു മുൻപ് ചെങ്ങന്നൂരിലെ ഏതോ ക്യാംപിലും ഇവർ കഴിഞ്ഞതായി വിവരമുണ്ട്. ഇത് എവിടെ എന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. പ്രദേശത്തെ ക്യാംപുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. പ്രതികൾക്കൊപ്പം ക്യാംപുകളിൽ തെളിവെടുപ്പ് നടത്താനാണ് നീക്കം. അവിടെ ഏതെങ്കിലും കോൺട്രാക്ടർമാരുമായി ഇവർ ബന്ധപ്പെട്ടിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.

 

Advertisment