മഹാരാഷ്ട്രയില്‍ 72-കാരന് ആദ്യ ഡോസ് നല്‍കിയത് കോവാക്‌സിന്‍; രണ്ടാമത് നല്‍കിയത് കോവിഷീല്‍ഡും; അന്വേഷിക്കുമെന്ന് അധികൃതര്‍

ന്യൂസ് ബ്യൂറോ, മുംബൈ
Thursday, May 13, 2021

മുംബൈ: മഹാരാഷ്ട്രയില്‍ 72-കാരന് വ്യത്യസ്ത വാക്‌സിനുകള്‍ നല്‍കിയത് അന്വേഷിക്കുമെന്ന് അധികൃതര്‍. ജല്‍ന ജില്ലയില്‍ നിന്നുള്ള ദത്താത്രയ വാഗ്മറെക്കാണ് രണ്ട് വ്യത്യസ്ത വാക്‌സിനുകള്‍ നല്‍കിയത്. മാര്‍ച്ച് 22ന് ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നാണ് അദ്ദേഹം ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്.

ആദ്യ ഡോസായി കൊവാക്‌സിനും രണ്ടാം ഡോസായി കോവിഷീല്‍ഡുമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഗ്രാമത്തിലെ മറ്റൊരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് രണ്ടാമത്തെ ഡോസ് സ്വീകരിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ദത്താത്രേയയുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ആരോഗ്യ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മനസിലായതെന്ന് കുടുംബം പറഞ്ഞു.

രണ്ടാമത്തെ ഡോസ് സ്വീകരിച്ചപ്പോള്‍ ഇദ്ദേഹത്തിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വ്യത്യസ്ത വാക്‌സിനുകള്‍ സ്വീകരിച്ച വ്യക്തിയെ പരിശോധിച്ച് വരികയാണെന്നും ഇതിന്റെ ഫലം പ്രവചനാതീതമായിരിക്കാമെന്നും അധികൃതര്‍ പറഞ്ഞു.

×