കാസര്‍കോട് കാറിലും ബൈക്കിലുമായി കടത്തുകയായിരുന്ന 86 ലീറ്റര്‍ കര്‍ണാടക മദ്യം പിടികൂടി

ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Thursday, December 3, 2020

കാസര്‍കോട് : കാസര്‍കോട് വീണ്ടും കര്‍ണാടക മദ്യം പിടികൂടി. കാറിലും ബൈക്കിലുമായി കടത്തുകയായിരുന്ന 86 ലീറ്റര്‍ മദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു.

കര്‍ണാടകയില്‍നിന്ന് കാറില്‍ കടത്തിക്കൊണ്ടുവന്ന് വില്‍പ്പനയ്ക്ക് കൊണ്ടുപോകാന്‍ ബൈക്കില്‍ കയറ്റുന്നതിനിടെയാണ് സാഗര്‍ പിടിയിലായത്. ഉളിയത്തടുക്കയില്‍വച്ച് എക്സൈസ് പ്രിവന്‍റീസ് ഓഫിസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മദ്യക്കടത്ത് പിടിച്ചത്.

കാറില്‍ 180 മില്ലിയുടെ 240 പാക്കറ്റും 220 കുപ്പിയും ബൈക്കില്‍വച്ച് 20 പാക്കറ്റ് മദ്യവും പിടികൂടി. കാറില്‍ കടത്തിക്കൊണ്ടുവന്ന് ബൈക്കില്‍ കയറ്റി വില്‍പ്പന നടത്തുന്നതായിരുന്നു സാഗറിന്‍റെ രീതിയെന്നാണ് എക്സൈസ് നിഗമനം.

എക്സൈസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. തദ്ദേശ തിരഞ്ഞെടുപ്പും ക്രിസ്മസ് പുതുവല്‍‍സരാഷോഘത്തോടും അനുബന്ധിച്ച് കര്‍ശന പരിശോധന നടത്താനാണ് എക്സൈസ് സംഘത്തിന്‍റെ തീരുമാനം. സാഗറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

×