ആലപ്പുഴയിൽ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കടകൾക്ക് നേരെ ആക്രമണം: അക്രമികൾ കടകൾക്ക് തീയിട്ടു: നാല് കടകൾ ആക്രമണത്തിൽ കത്തി നശിച്ചു

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Thursday, February 25, 2021

ആലപ്പുഴ: ബുധനാഴ്ച രാത്രിയുണ്ടായ ആര്‍എസ്എസ് – എസ്ഡിപിഐ സംഘര്‍ഷത്തിൽ പ്രവര്‍ത്തകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കടകൾക്ക് നേരെ ആക്രമണം.

ആലപ്പുഴ ചേര്‍ത്തലയിലാണ് ഹര്‍ത്താലിനിടെ ഒരു സംഘം കടകൾക്ക് നേരെ ആക്രമണം നടത്തിയത്. അക്രമികൾ കടകൾക്ക് തീയിട്ടുവെന്നാണ് വിവരം. നാല് കടകളാണ് ആക്രമണത്തിൽ നശിച്ചത്. സ്ഥലത്ത് പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.

ഇന്നലെ രാത്രി 9.45ഓടെയാണ് വയലാറിന് സമീപം നാഗംകുളങ്ങര കവലയിൽ എസ്ഡിപിഐ – ആർഎസ്എസ് സംഘർഷത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകൻ നന്ദു ആർ കൃഷ്ണ കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തു എന്ന് പോലീസ് കണ്ടെത്തിയ എട്ടു പേരുടെ അറസ്റ്റ് ചേർത്തല പോലീസ് ഇന്ന് രേഖപ്പെടുത്തി. പാണാവള്ളി സ്വദേശി റിയാസ്, അരൂർ സ്വദേശി നിഷാദ്, വടുതല സ്വദേശി യാസിർ, ഏഴുപുന്ന സ്വദേശി അനസ്, വയലാർ സ്വദേശി അബ്ദുൾ ഖാദർ, ചേർത്തല സ്വദേശികളായ അൻസിൽ, സുനീർ, ഷാജുദ്ദീൻ എന്നിവരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്.

×