കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദത്തില്‍ വത്തിക്കാന്റെ അന്തിമ തീരുമാനം വന്നതോടെ അതിരൂപതയിലെ വൈദീക സമിതിയും വിമതവിഭാഗം വിശ്വാസികളും കടുത്ത നിരാശയില്‍.
സഭാതലവനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഭൂമി വിവാദത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്ന് എല്ലാ അന്വേഷണ കമ്മീഷനുകളും ഒരുപോലെയാണ് കണ്ടെത്തിയത്. വത്തിക്കാന്‍ നിയോഗിച്ച അന്താരാഷ്ട്ര ഏജന്‍സിയും ഇക്കാര്യം സ്ഥിരീകരിച്ചതോടെ വിമത വിഭാഗത്തിന്റെ ഏറ്റവും പ്രധാന ആരോപണത്തിന്റെ മുനയൊടിയുകയായിരുന്നു.
സഭയുടെ ഭൂമി വിറ്റ വിഷയത്തില്‍ ഒരു നോട്ടപ്പിശക് ഉണ്ടായി എന്ന കാര്യം കര്‍ദിനാള്‍ തന്നെ ഈ വിവാദമുണ്ടായപ്പോള്‍ തുറന്നു പറഞ്ഞതായിരുന്നു. താന്‍ വിശ്വസിച്ച് ഏല്‍പ്പിച്ചിരുന്നവര്‍ ചെയ്ത തെറ്റ് തന്റെ കൂടി പിഴവാണെന്ന് അദ്ദേഹം സ്വയം സമ്മതിച്ചത് അദ്ദേഹത്തിന്റെ വലിയ മനസുതന്നെയായിരുന്നു. ഇതല്ലാതെ മറ്റൊരു കാര്യവും കര്‍ദിനാളിന് വീഴ്ചയുണ്ടായി എന്നു കെപിഎംജിയുടെ റിപ്പോര്‍ട്ടിലും ഇല്ല.
എന്നാല്‍ ഈ റിപ്പോര്‍ട്ട് വന്നതോടെ പ്രതിസന്ധിയിലായത് എറണാകുളത്തെ വിമത വിഭാഗം വൈദീകര്‍ തന്നെയാണ്. തങ്ങള്‍ എന്താണോ തടയാന്‍ എക്കാലവും ശ്രമിച്ചത് അതു നടത്താന്‍ അതിരൂപതാധ്യക്ഷനെ തന്നെ വത്തിക്കാന്‍ ചുമതലപ്പെടുത്തി എന്നതാണ് യാഥാര്‍ത്ഥ്യം. കോട്ടപ്പടിയിലെ ഭൂമി വിറ്റ് രൂപതയുടെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കണമെന്നാണ് വത്തിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
ഇക്കാര്യം നേരത്തെ തന്നെ കര്‍ദിനാള്‍ അടക്കമുള്ളവര്‍ മുമ്പോട്ടുവച്ച കാര്യമാണ്. വിറ്റ ഭൂമിക്ക് പകരം കിട്ടിയ സ്ഥലം വിറ്റ് ബാധ്യതകള്‍ പരിഹരിക്കാന്‍ കഴിയുന്ന സാഹചര്യത്തില്‍ ഈ വിവാദങ്ങളൊക്കെ ഇല്ലാതാകും. കര്‍ദിനാളിന്റെ വാദഗതികള്‍ ശരിയാണെന്ന് വന്നതോടെ വിമതപക്ഷത്തിന്റെ എല്ലാ വാദങ്ങളും പൊളിഞ്ഞു.
കടുത്ത തിരിച്ചടിയുണ്ടായതോടെ എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദീക സമിതിയിലെ ചെറിയൊരു വിഭാഗവും അങ്കലാപ്പിലാണ്. റെസ്റ്റിറ്റിയൂഷന് എതിരുനിന്നാല്‍ കാനോനികമായ നടപടികള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. ചിലപ്പോള്‍ പൗരോഹിത്യത്തിനു പോലും വിലക്ക് വന്നേക്കാം.
നേരത്തെ കര്‍ദിനാളിനെതിരെ നീക്കം നടത്തിയപ്പോള്‍ അന്നു അതിരൂപതയിലെ രണ്ടു സഹായമെത്രാന്‍മാരുടെ പിന്തുണ വിമത വൈദീകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ അച്ചടക്ക നടപടികളുടെ ഭാഗമായി ഇരുവരെയും അതിരൂപതയില്‍ നിന്നും മാറ്റിയതോടെ എറണാകുളത്തെ കാര്യങ്ങള്‍ അവര്‍ കാര്യമായി ഗൗനിക്കുന്നില്ലെന്നാണ് സൂചന .
ഒപ്പം കര്‍ദിനാളിനെതിരായ നീക്കത്തിന് എല്ലാ പിന്തുണയും നല്‍കി പ്രോത്സാഹിപ്പിച്ചിരുന്ന രണ്ട് മുതിര്‍ന്ന മെത്രാന്‍മാരും ഏതാണ്ട് ഇക്കാര്യങ്ങളില്‍ നിന്നും പിന്മാറിയ മട്ടാണ്.
അതുപോലെ കുരുക്കിലായ മറ്റൊരാള്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ നിലവിലെ മെത്രാന്‍മാര്‍ ആന്റണി കരിയിലാണ്. വത്തിക്കാന്റെ തീരുമാനം അനുസരിക്കുന്നതിനൊപ്പം അതിരൂപതയിലെ വൈദീകരുടെ എതിര്‍പ്പും നേരിടേണ്ടിവരുമെന്നതും അദ്ദേഹത്തിന് തലവേദനയാകും.
വസ്തു വില്‍ക്കാനുള്ള നീക്കത്തിനെതിരെ അപ്പീല്‍ പോകണമെന്ന് വൈദീകരില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും അതിരൂപതയുടെ ഫിനാന്‍സ് കമ്മിറ്റിയില്‍ അതിനും ഭൂരിപക്ഷം കിട്ടിയില്ല. എങ്കിലും അതിനുള്ള സാവകാശം കൂടി നല്‍കാമെന്ന ആലോചന അതിരൂപതാ നേതൃത്വത്തിനുണ്ട്.
അതേസമയം ഭൂമി വില്‍പ്പനക്ക് എതിര് നില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കുള്ള നിര്‍ദേശം വത്തിക്കാന്‍ നല്കിയിരിക്കുന്നതും അതിരൂപതയ്ക്ക് പരിഗണിക്കേണ്ടി വരും. എന്തായാലും പരസ്യമായി ശബ്ദിക്കാന്‍ കഴിയാത്ത അവസ്ഥയിലായ വിമതര്‍ ഇപ്പോള്‍ ചില സഭാ വിരുദ്ധ കേന്ദ്രങ്ങളുടെ സഹായത്തോടെ പി ആര്‍ ചെയ്തു വത്തിക്കാന്‍ കമ്മിറ്റിയില്‍ വിമത വൈദികര്‍ നല്കിയ മൊഴികള്‍ വാര്‍ത്തയാക്കി പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണ്.