Advertisment

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 40 -ലേറെ പ്രചാരണ യോഗങ്ങളില്‍ തരൂര്‍ പങ്കെടുത്തു. തരൂര്‍ പങ്കെടുത്ത യോഗങ്ങളിലൊക്കെ യുവാക്കള്‍ ധാരാളമായി കൂടി. ദേശിയ തലത്തിലും കോണ്‍ഗ്രസിനും വേണ്ടി ശക്തമായി ഒരു വാദമുന്നയിക്കാന്‍ ശേഷിയുള്ള പ്രധാന നേതാക്കളിലൊരാള്‍ ശശി തരൂര്‍ മാത്രമാണ്. പക്ഷെ തരൂരിനെ പ്രതിപക്ഷ നേതാവാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു മടി. രാഹുല്‍ ഗാന്ധിയേക്കാള്‍ പേരെടുക്കുമോ എന്നു പേടിച്ചാവണം തരൂരിനെ അടുപ്പിക്കാത്തത്. എം.എ ജോണ്‍ പണ്ടു പറഞ്ഞ ഇന്ദിരാഗാന്ധിയുടെ മാനദണ്ഡം കണക്കിലെടുത്താല്‍ രാഹുല്‍ ഗാന്ധിയും ശശി തരൂരും നമ്മുടെ മുന്നില്‍ വന്നു നിന്നാല്‍ ആരെയാകും നാം നേതാവായി തെരഞ്ഞെടുക്കുക-അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു ?

New Update

publive-image

Advertisment

ണ്ട് എം.എ ജോണ്‍ ഒരു കഥ പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലിലിരുന്നു സംസാരിക്കുമ്പോഴാണ് ജോണ്‍ ഇക്കഥ പറഞ്ഞത്. ഇന്ദിരാഗാന്ധിയെക്കുറിച്ചായിരുന്നു ജോണിന്‍റെ കഥ. കഥയിങ്ങനെ:

"ഞാനും നിങ്ങളും കൂടി ഇന്ദിരാഗാന്ധിയെ കാണാന്‍ പോയി എന്നു കരുതുക. നമ്മളെ രണ്ടുപേരെയും ഇന്ദിരാഗാന്ധി സ്വീകരിച്ച് സംസാരിക്കുന്നു. ഇതിനിടയില്‍ അവര്‍ നമ്മെ രണ്ടു പേരെയും സൂഷ്മമായി നിരീക്ഷിക്കുന്നുണ്ടാകും. നമ്മളില്‍ കഴിവുള്ളവനാര് എന്നതാകും ഇന്ദിരയുടെ നോട്ടം. എന്നിട്ട് അയാളെ തഴയും. കഴിവില്ലാത്തവനെ കൂടെ കൂട്ടും".

അറുപതുകളില്‍ കെ.എസ്.യുവിനെയും യൂത്ത് കോണ്‍ഗ്രസിനെയും ഒരുക്കി വളര്‍ത്തിയെടുത്ത നേതാവാണ് ജോണ്‍. വയലാര്‍ രവി, എ.കെ ആന്‍റണി, ഉമ്മന്‍ ചാണ്ടി എന്നിങ്ങനെ കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ നേതാക്കളൊക്കെ വളര്‍ന്നു വലുതായി. ഒടുവില്‍ അവരില്‍ ചിലര്‍ തന്നെ ഒരു നിര്‍ണായക ഘട്ടത്തില്‍ എം.എ ജോണിനെ ചവുട്ടി വീഴിത്തി. ആ പതനത്തില്‍ നിന്ന് ജോണ്‍ ഒരിക്കലും എഴുന്നേറ്റു വന്നില്ല. അവസാനം കെ. കരുണാകരനാണ് ജോണിനു തുണയായത്. അദ്ദേഹം മുന്‍കൈ എടുത്ത് ജോണിനു ചില സ്ഥാനങ്ങളൊക്കെ നല്‍കി. അങ്ങനെ എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ താമസിക്കാനൊരിടവും കിട്ടി. അവിടുത്തെ മുറിയിലിരുന്നു സംസാരിക്കുമ്പോഴാണ് എം.എ ജോണ്‍ ഇന്ദിരാഗാന്ധിയുടെ കഥ പറഞ്ഞത്.

അറുപതുകളിലും എഴുപതുകളിലുമൊക്കെ കോണ്‍ഗ്രസിന് സംസ്ഥാനങ്ങളില്‍ എത്രയോ നല്ല നേതാക്കള്‍ ഉണ്ടായിരുന്നു ? തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന്‍റെ നെടുന്തൂണായിരുന്ന കെ. കാമരാജ് മുതല്‍ എത്രയെത്ര നേതാക്കള്‍. കേരളത്തില്‍ എ.കെ ആന്‍റണി, ഉമ്മന്‍ ചാണ്ടി എന്നിങ്ങനെ പുതുതലമുറ നേതാക്കളിലൂടെ കോണ്‍ഗ്രസ് വളര്‍ന്നു. പക്ഷേ പല സംസ്ഥാനങ്ങളിലും ഹൈക്കമാന്‍റ് തന്നെയാണ് സംസ്ഥാന നേതാക്കളെയും നേതൃത്വങ്ങളെയും തളര്‍ത്തിയത്. ബിജെപിയുടെ വരവോടെ സംസ്ഥാനങ്ങളോരോന്നായി കോണ്‍ഗ്രസിനു നഷ്ടപ്പെട്ടു. എന്നിട്ടും കേരളത്തില്‍ കോണ്‍ഗ്രസ് പിടിച്ചുനില്‍ക്കുകതന്നെ ചെയ്തു. പക്ഷെ അവസാനം ഇവിടെയും കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടു.

2011 - 16 കാലത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ ഭരണം. രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷന്‍. അപ്പോഴാണ് ചെന്നിത്തലയ്ക്ക് താക്കോല്‍ സ്ഥാനത്തു കയറിപ്പറ്റാന്‍ മോഹമുണ്ടായത്. വേണ്ടത് ആഭ്യന്തര മന്ത്രിസ്ഥാനം. എന്‍എസ്എസ് നേതൃത്വവും എ.കെ ആന്‍റണിയും ഒന്നിച്ചു നീങ്ങിയപ്പോള്‍ കാര്യങ്ങളെളുപ്പമായി. പകരം കെപിസിസി പ്രസി‍ഡന്‍റാരാകും ? അതു ജി. കാര്‍ത്തികേയന്‍ തന്നെ. ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. നിയമസഭാ സ്പീക്കറായിരിക്കുകയാണ് ജെ. കെ. മുമ്പ് രമേശ് ചെന്നിത്തല, എം.എ ഷാനവാസ് എന്നിവരോടൊത്തുകൂടി കരുണാകരന്‍റെ സ്വന്തം പാളയത്തില്‍ പട ഒരുക്കിയ നേതാവാണ് ജി കാര്‍ത്തികേയന്‍. സമുദായ നേതാക്കളോടൊന്നും കൂട്ടിനു പോകാത്ത ആദര്‍ശ ധീരന്‍. തിരുത്തല്‍ വാദികളുടെ ബുദ്ധികേന്ദ്രം. കാര്‍ത്തികേയന്‍റെ പേരുമായി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഡല്‍ഹിക്കു വിമാനം കയറി.

മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും ഒന്നിച്ചു ചെന്നു പറഞ്ഞാല്‍ ഹൈക്കമാന്‍റിനു മറിച്ചെന്തെങ്കിലും പറയാനാകുമോ ? അവക്കുമൊരു സംശയവുമില്ല. പക്ഷെ ഹൈക്കമാന്‍റ് കാര്‍ത്തികേയന്‍റെ പേരു വെട്ടി. പകരം വന്നത് വി.എം. സുധീരന്‍. കരുത്തരില്‍ കരുത്തനായി വളര്‍ന്നുകൊണ്ടിരുന്ന ഉമ്മന്‍ ചാണ്ടിയെ ചെറുതായൊന്നു വെട്ടിനിരത്താന്‍ ആന്‍റണിയും പി.ജെ കുര്യനും മറ്റും ഒന്നൊത്തുകളിച്ചതാണു കാര്യം. 2004 ല്‍ തന്‍റെ മുഖ്യമന്ത്രി സ്ഥാനം തട്ടിത്തെറിപ്പിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്നൊരു സ്വകാര്യ പരിഭവം ആന്‍റണിയുടെ ഉള്ളിന്‍റെ ഉള്ളില്‍ നേരത്തെ തന്നെയുണ്ട്. ആന്‍റണി കിട്ടിയ അവസരം ഉപയോഗിച്ചു. വി.എം സുധിരന്‍ കെ.പി.സി.സി അധ്യക്ഷനായി. സുധീരന്‍ മുഖ്യമന്ത്രിക്കെതിരെ പരസ്യമായി പട നയിച്ചു. 2011 -ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഏഴു നിലയില്‍ പൊട്ടി. ഭരണ തുടര്‍ച്ച പ്രതീക്ഷിച്ചിരുന്ന ഉമ്മന്‍ ചാണ്ടി ഒരു സ്ഥാനവും വേണ്ടെന്നു പറഞ്ഞ് ഒഴി‍ഞ്ഞു നിന്നു.

ശശി തരൂരിനെപ്പറ്റി രണ്ടു വാക്കു പറയുവാനാണ് ഇത്രയും മുഖവുര നിരത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 40 -ലേറെ പ്രചാരണ യോഗങ്ങളില്‍ തരൂര്‍ പങ്കെടുത്തു. യു.ഡി.എഫിന്‍റെ പ്രകടന പത്രിക തയ്യാറാക്കുകയായിരുന്നു ചുമതല. കൂട്ടിന് സി.എം.പി നേതാവ് സി.പി ജോണുമുണ്ടായിരുന്നു. തരൂര്‍ പങ്കെടുത്ത യോഗങ്ങളിലൊക്കെ യുവാക്കള്‍ ധാരാളമായി കൂടി. അവരൊക്കെയും അദ്ദേഹവുമായി ആശയങ്ങള്‍ പങ്കുവച്ചു. യുവാക്കളുടെ ഉത്സാഹം തരൂരിനും ആവേശം പകര്‍ന്നു. ദേശിയ തലത്തിലും കോണ്‍ഗ്രസിനും വേണ്ടി ശക്തമായി ഒരു വാദമുന്നയിക്കാന്‍ ശേഷിയുള്ള പ്രധാന നേതാക്കളിലൊരാള്‍ ശശി തരൂര്‍ മാത്രമാണ്. ലേക്സഭയിലായാലും കോണ്‍ഗ്രസിനു വേണ്ടി ഉറക്കെ സംസാരിക്കാന്‍ കെല്‍പ്പുള്ള നേതാവു തന്നെയാണദ്ദേഹം. പക്ഷെ തരൂരിനെ പ്രതിപക്ഷ നേതാവാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു മടി. രാഹുല്‍ ഗാന്ധിയേക്കാള്‍ പേരെടുക്കുമോ എന്നു പേടിച്ചാവണം തരൂരിനെ അടുപ്പിക്കാത്തത്.

സുനന്ദാ പുഷ്കര്‍ മരണമടഞ്ഞ സംഭവത്തില്‍ ശശി തരൂരിനെതിരെ ഡല്‍ഹി പോലീസ് ചുമത്തിയ കേസ് ഇക്കഴിഞ്ഞ ദിവസമാണ് ഡല്‍ഹി റോസ് അവന്യു പ്രത്യേക കോടതി തള്ളിക്കളഞ്ഞ് ശശി തരൂരിനെ കുറ്റവിമുക്തനാക്കിയത്. കേസ് നിലനില്‍ക്കെത്തന്നെ നടന്ന കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിലും തരൂര്‍ വന്‍ ഭൂരിപക്ഷത്തോടെ തിതുവനന്തപുരത്തു നിന്നു ജയിച്ചു. രാഹുല്‍ ഗാന്ധിക്കു ജയിക്കാന്‍ വയനാട്ടില്‍ വരേണ്ടിവന്നു. ലോക്സഭയില്‍ കോണ്‍ഗ്രസിന്‍റെ സാന്നിദ്ധ്യം വളരെ ശുഷ്കമായി തുടര്‍ന്നു. രാഹുല്‍ ഗാന്ധി നേതൃത്വമേല്‍ക്കാതെ ഒഴിഞ്ഞു നിന്നു. എന്നിട്ടും ലോക്സഭയില്‍ തരൂരിനു നല്ലൊരു സ്ഥാനം കൊടുക്കാന്‍ നേതൃത്വം തയ്യാറായില്ല.

രാഹുല്‍ ഗാന്ധിയും ശശി തരൂരും നമ്മുടെ മുന്നില്‍ വന്നു നിന്നാല്‍ ആരെയാകും നാം നേതാവായി തെരഞ്ഞെടുക്കുക ? എം.എ ജോണ്‍ പണ്ടു പറഞ്ഞ ഇന്ദിരാഗാന്ധിയുടെ മാനദണ്ഡം കണക്കിലെടുത്താല്‍ ?

rahul gandhi sasi tharoor
Advertisment