മുലായം സിംഗിന്റെ സുഹൃത്തായി തുടക്കം. ദേശീയ രാഷ്ട്രീയത്തിൽ ഏറ്റവുമധികം സൗഹൃദങ്ങളുള്ള നേതാവായി വളർന്നു ! ഒന്നാം യുപിഎ സർക്കാരിന്റെ നിലനിൽപ്പിൽ മുഖ്യഘടകമായി ! ബച്ചൻ, അംബാനി കുടുംബങ്ങളുമായും ഉറ്റ സൗഹൃദം ! 64 -ാം വയസിൽ വൃക്ക രോഗത്താൽ മരണത്തിന് കീഴടങ്ങുമ്പോൾ അമർസിംഗ് എംപി ബാക്കിവയ്ക്കുന്നത് ?

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, August 1, 2020

ഡൽഹി: കേന്ദ്രത്തിൽ എന്ന് കോൺഗ്രസ് ക്ഷീണിച്ചുതുടങ്ങിയോ അന്നുമുതൽ അമർസിംഗിന്റെ രാഷ്ട്രീയ ഗ്രാഫ് ഉയർന്നു തുടങ്ങി. 90 കളുടെ തുടക്കം മുതൽ അമർസിംഗ് എന്ന ദേശീയ രാഷ്ട്രീയത്തിലെ ‘പൊളിറ്റിക്കൽ ബ്രോക്കർ’ ഡൽഹിയിൽ ശ്രദ്ധേയനായി തുടങ്ങി.

ഒന്നാം യുപിഎ സർക്കാരിന് ആണവ കരാറിലുള്ള അഭിപ്രായഭിന്നതയെ തുടർന്ന് ഇടതുപക്ഷ പിന്തുണ പിൻവലിച്ചപ്പോൾ മൻമോഹൻ സർക്കാരിനെ നിലനിർത്താൻ ഏറ്റവും വിയർപ്പൊഴുക്കിയ തന്ത്രശാലി അമർസിംഗായിരുന്നു.

ഇപ്പോൾ രാഷ്ട്രീയത്തിൽ തന്നെ കൊടിയുടെ നിറവും ഗുണവും നോക്കാതെ ഏറ്റവുമധികം രാഷ്ട്രീയ നേതാക്കളുമായി ബന്ധമുള്ള നേതാവ് അദ്ദേഹമായിരുന്നു. അമറിന്റെ ആ സൗഹൃദമായിരുന്നു ഒന്നാം യുപിഎ സർക്കാരിന്റെ നിലനിൽപ്പിന് ഒരു പരിധിവരെ ഗുണം ചെയ്തത്.

90 -നു ശേഷമുള്ള ഒന്നര ദശാബ്ദക്കാലമെങ്കിലും ദേശീയ രാഷ്ട്രീയത്തിലെ നിർണായക വ്യക്തിത്വമായിരുന്നു അമർസിംഗ്. ഇതിനിടയിലും അനാരോഗ്യം അമർസിംഗിനെ അലട്ടിയിരുന്നു.

വൃക്ക രോഗം കലശലായപ്പോൾ വൃക്ക മാറ്റിവച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഒടുവിൽ സിംഗപ്പൂരിലേയ്ക്ക് പുറപ്പെട്ടത് വിദഗ്ദ്ധ ചികിത്സയിലൂടെ ജീവിതത്തിലേയ്ക്ക് മടങ്ങി വരാം എന്ന് പ്രതീക്ഷിച്ചായിരുന്നെങ്കിലും മണിക്കൂറുകൾക്ക് മുൻപ് മരണം സംഭവിക്കുകയായിരുന്നു.

മുലായത്തിന്റെ സന്തത സഹചാരി ! ബച്ചൻ കുടുംബത്തിൻറെ ഉറ്റ സുഹൃത്ത് !

പിന്നോക്കക്കാരുടെ രക്ഷകനായി യുപി രാഷ്ട്രീയത്തെ കൈപ്പിടിയിലൊതുക്കിയ മുലായം സിംഗ് യാദവിന് ഒരു മുന്നോക്കക്കാരൻ നേതാവിനെ ആവശ്യമായിരുന്നു. അങ്ങനെയാണ് അസംഗ്രയിൽ നിന്നുള്ള ഉന്നതകുല ജാതനായ അമർസിംഗിനെ മുലായം കണ്ടെത്തുന്നത്.

പക്ഷെ പിന്നീട് അമർസിംഗ് മുലായത്തിന്റെ സന്തത സഹചാരിയായി മാറി. അവിടെ നിന്നും അമർസിംഗ് പിടിച്ചുകയറി. ബന്ധങ്ങൾ സമാജ്‌വാദി പാർട്ടിയും വിട്ട് ഡൽഹിയിലേയ്ക്ക് നീണ്ടു. സിനിമയിലും വ്യവസായ ലോബിയിലും പ്രിയങ്കരനായ രാഷ്ട്രീയക്കാരനായി അമർ വളർന്നു.

ബച്ചൻ കുടുംബവുമായും അംബാനി കുടുംബവുമായും അഭേദ്യമായ ബന്ധം സ്ഥാപിച്ചു. ജയാ ബച്ചനെ പാർലമെന്റിൽ എത്തിച്ചതും അമർസിംഗിന്റെ നീക്കങ്ങളെയിരുന്നു.

കോൺഗ്രസെന്നോ ബിജെപിയെന്നോ ഡിഎംകെയെന്നോ ആർജെഡിയെന്നോ നോക്കാതെ നേതാക്കളുമായി വ്യക്തി ബന്ധം സ്ഥാപിച്ചു.

മുലായം സിംഗ് യാദവിനെ പ്രാദേശിക രാഷ്ട്രീയത്തിൽ നിന്നും ദേശീയ രാഷ്ട്രീയത്തിലേയ്ക്ക് കൈപിടിച്ചു കൊണ്ടുവരുന്നത് അമർസിംഗാണ്. മുലായം പ്രതിരോധമന്ത്രിയായിരുന്നപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ അമർസിംഗിന്റെ ‘വില’ പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു.

ഇതിനിടെ മകൻ അഖിലേഷ് യാദവ് സമാജ്‌വാദി പാർട്ടിയിൽ ശക്തനായതോടെ അമർസിംഗിന്റെ പിടി അയഞ്ഞു. ഒരിടയ്ക്ക് മുലായവുമായി തെറ്റി പുറത്തുപോകേണ്ടിയും വന്നു.

എങ്കിലും 1996 മുതൽ രണ്ട് വർഷത്തെ ഇടവേള ഒഴിച്ചാൽ ഇന്നുവരെ അദ്ദേഹം രാജ്യസഭാംഗമായിരുന്നു. അനാരോഗ്യം പിടികൂടിയിരുന്നെല്ലെങ്കിൽ ഇനിയും ഒരു ബാല്യം ഇന്ത്യൻ രാഷ്ട്രീയത്തിൽ അദ്ദേഹത്തിനു ബാക്കിയുണ്ടായിരുന്നു. പക്ഷെ 64 -ാം വയസിൽ രോഗത്തോട് തോൽവിയേറ്റ് അമർസിംഗ് വിടവാങ്ങുകയാണ്.

×