ദേശീയം

മൂന്നാം തവണയാണ് ഇതു സംഭവിക്കുന്നത്, ഇനിയിതു സഹിച്ച് പാര്‍ട്ടിയില്‍ തുടരാനാവില്ല; അപമാനം സഹിച്ച് പാര്‍ട്ടിയിൽ തുടരാന്‍ കഴിയില്ലെന്ന് സോണിയ ഗാന്ധിയോടു വ്യക്തമാക്കി അമരീന്ദര്‍ സിങ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, September 18, 2021

ഡല്‍ഹി:  പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും ഭിന്നത പുകയുന്നു. ഇത്തരത്തില്‍ അപമാനം സഹിച്ച് പാര്‍ട്ടിയിൽ തുടരാന്‍ കഴിയില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോടു വ്യക്തമാക്കിയതായി റിപ്പോർട്ട്. കോണ്‍ഗ്രസ്, ശനിയാഴ്ച വൈകിട്ട് സംസ്ഥാനത്തെ എംഎല്‍എമാരുടെ അപ്രതീക്ഷിതയോഗം വിളിച്ചുചേര്‍ത്തിരിക്കുന്ന സാഹചര്യത്തിലാണ് അമരീന്ദര്‍ സിങ്ങിന്റെ മുന്നറിയിപ്പ്.

ഇത്തരത്തിലുള്ള അപമാനം ഇനി സഹിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാം തവണയാണ് ഇതു സംഭവിക്കുന്നത്. ഇനിയിതു സഹിച്ച് പാര്‍ട്ടിയില്‍ തുടരാനാവില്ലെന്നും അമരീന്ദര്‍ സിങ് വ്യക്തമാക്കി. നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം എംഎല്‍എമാര്‍ അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്ന് ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്.

സുനല്‍ ഝക്കര്‍, പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പ്രതാപ് സിങ് ബജ്‌വ, മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ കൊച്ചുമകനും എംപിയുമായ രവ്‌നീത് സിങ് ബിട്ടു എന്നിവരുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്.

×