ദേശീയം

കരുത്തനായ ക്യാപ്റ്റൻ പാർട്ടി വിടുമോ ? പഞ്ചാബിലെ ചർച്ചകൾ തുടരുന്നു. ഇന്നലെ പാർട്ടിയിൽ വന്ന സിദ്ധുവിന് വേണ്ടി ഹൈക്കമാൻഡ് പിണക്കിയത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നേതാവിനെ ! ക്യാപ്റ്റനെ അപമാനിച്ച് മുഖ്യമന്ത്രി കസേരയിൽ നിന്നും ഹൈക്കമാൻഡ് ഇറക്കിയതിന് പിന്നിൽ എന്ത് ? ശക്തരായ പ്രാദേശിക നേതാക്കളെ ഇല്ലാതാക്കുന്നതോടെ പാർട്ടിയില്ലാതാകുമെന്ന യാഥാർത്ഥ്യം തിരിച്ചറിയാതെ കോൺഗ്രസ്. ആന്ധ്ര നൽകിയ പാഠവും പഠിക്കാതെ കോൺഗ്രസ് ഹൈക്കമാൻഡ് പഞ്ചാബിൽ നടത്തിയ രാഷ്ട്രീയ നീക്കം പാർട്ടിയെ ഇല്ലാതാക്കുമോ ?

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, September 19, 2021

ഡൽഹി: പഞ്ചാബിലെ കരുത്തനായ രാഷ്ട്രീയക്കാരനായിരുന്നു ക്യാപ്റ്റൻ അമരീന്ദര്‍ സിങ്. മികച്ച മുഖ്യമന്ത്രിയും. എപ്പോഴും വ്യക്തിജീവിതം കളങ്കമില്ലാതെ സൂക്ഷിച്ച രാഷ്ട്രീയ വ്യക്തിത്വം.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിക്കൊടുത്ത മുഖ്യമന്ത്രിയാണ് അമരീന്ദര്‍ സിംഗ്. അഞ്ച് വര്‍ഷം ഭരിച്ചിട്ടും ജനങ്ങള്‍ക്കിടയില്‍ ഏറെയൊന്നും വിമര്‍ശന വിധേയനായിട്ടില്ല അമരീന്ദര്‍ സിങ്. 2022ലെ തെരഞ്ഞെടുപ്പും അദ്ദേഹം ജയിച്ചുകയറുമായിരുന്നു എന്നു തന്നെയായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

കരുത്തനായ ക്യാപ്റ്റനെ മാറ്റുക എന്ന ചൂതാട്ടത്തിന് ഹൈക്കമാൻഡ് മുതിർന്നതെന്തു കൊണ്ടെന്ന ചോദ്യത്തിന് ഇനിയും കൃത്യമായ ഉത്തരം ഇല്ല. 2021 ജൂലായ് 18നാണ് നവജ്യോത് സിങ് സിദ്ധുവിനെ പഞ്ചാബ് പിസിസി അധ്യക്ഷനായി തെരഞ്ഞെടുത്തത്. ഇതോടെ സിദ്ധുവിന്‍റെ ഭാഗത്ത് നിന്നും അമരീന്ദര്‍സിങിനെതിരെ നീക്കം ശക്തമായി.

ഇതിനിടെ സിദ്ധു- അമരീന്ദര്‍ സിങ് പോരില്‍ കോണ്‍ഗ്രസ് എംഎല്‍എമാരും മന്ത്രിമാരും പാര്‍ട്ടിനേതാക്കളും രണ്ടു ചേരിയിലായി. ഇത് തീര്‍ച്ചയായും 2022 ഫെബ്രുവരിയിൽ നടക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരായി പ്രതിഫലിക്കുമെന്ന് തീര്‍ച്ചയായിരുന്നു.

ഇതോടെയാണ് ഹൈക്കമാൻഡിൻ്റെ ഇടപെടൽ. ആം ആദ്മി ശക്തമായി വരുന്നതും എം എൽ എമാർ ആ പാർട്ടിയിലേക്ക് ചേക്കേറാതിരിക്കാനും ഹൈക്കമാൻഡ് ഇടപെട്ടു എന്നാണ് അവരുടെ വാദം. ക്യാപ്റ്റനൊപ്പം എംഎൽഎമാർ കുറഞ്ഞതും നടപടിയുടെ വേഗം കൂട്ടി.

ഒരു കാലത്ത് ശക്തമായ പ്രാദേശിക നേതാക്കളായിരുന്നു കോണ്‍ഗ്രസിന്റെ കൈമുതല്‍. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഈ പാരമ്പര്യമാണ് ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ പഞ്ചാബില്‍ അമരീന്ദര്‍ സിങും വീണു.

കരുത്തരായ പ്രാദേശിക നേതാക്കൾ വീഴുന്നതോടെ കോണ്‍ഗ്രസിന്‍റെ അടിവേരുകള്‍ തന്നെയാണ് ഇളകുന്നത്. ഇക്കാര്യം കോൺഗ്രസ് ഹൈക്കമാൻഡ് തിരിച്ചറിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അതു തിരിച്ചറിഞ്ഞു വരുമ്പോഴേക്കും പാർട്ടി തന്നെ ഉണ്ടാകാനിടയില്ല.

×