ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രി പദവി രാജിവച്ച് ക്യാപ്റ്റൻ അമരിന്ദർ സിങ്. ശനിയാഴ്ച വൈകിട്ട് 4.30ന് അദ്ദേഹം രാജ്ഭവനിലെത്തി, ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി. കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിനു മുൻപാണ് അമരിന്ദറിന്റെ നാടകീയ നീക്കം. രാവിലെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദർശിച്ച അമരിന്ദർ, നിരന്തരമായ അവഹേളനം നേരിടുന്നതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് രാജി തീരുമാനം.
Punjab CM Captain Amarinder Singh submits resignation to Governor Banwarilal Purohit, at Raj Bhavan in Chandigarh. pic.twitter.com/qIlYcr71L7
— ANI (@ANI) September 18, 2021
രാജിക്കത്ത് കൈമാറിയതിനു ശേഷം അമരീന്ദര്‍ രാജ്ഭവന് മുന്നില്‍ മാധ്യമങ്ങളെ കണ്ടു. ഏതെങ്കിലും പാര്‍ട്ടിയിലേക്ക് ചേരുമോ എന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടി നല്‍കിയില്ല. ഭാവി രാഷ്ട്രീയത്തില്‍ അവസരം ഉണ്ടെന്നും അത് ഉപയോഗപ്പെടുത്തുമെന്നും കൂടെയുള്ളവരുമായി ചര്‍ച്ചകള്‍ നടത്തിയതിനു ശേഷം ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി സംസാരിച്ച ശേഷമാണ് രാജി വെക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. രാജി സന്നദ്ധത രാവിലെ തന്നെ സോണിയയെ അറിയിച്ചു. അപമാനിതനായാണ് പടി ഇറങ്ങുന്നതെന്ന് സോണിയ ഗാന്ധിയോട് പറഞ്ഞു. തുടരാൻ താൽപര്യമില്ലെന്നും സോണിയയെ അറിയിച്ചു. രണ്ട് തവണ നിയമസഭ കക്ഷി യോഗം ചേർന്നിട്ടും അറിയിച്ചില്ല. മുതിർന്ന നേതാവായ തനിക്ക് എങ്ങനെ അപമാനം സഹിക്കാനാവുമെന്നും രാജിവേളയിൽ അദ്ദേഹം പറഞ്ഞു.