തിരുവനന്തപുരം: അമ്പലപ്പുഴയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വീഴ്ചയുണ്ടായെന്ന് സിപിഎം റിപ്പോര്‍ട്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. എന്നാല്‍, റിപ്പോര്‍ട്ടില്‍ ജി സുധാകരന്റെ പേരെടുത്തു പറയാതെയാണ് വിമര്‍ശനം.
നേരത്തെ സുധാകരനെതിരെ ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. കാര്യമായ പിന്തുണ സുധാകരന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നായിരുന്നു അന്നുയര്‍ന്ന വിമര്‍ശനം. എന്നാല്‍ സുധാകരന്‍ ഇക്കാര്യങ്ങള്‍ നിഷേധിച്ചിരുന്നു.
അതേസമയം, പാലായില്‍ പാര്‍ട്ടി വോട്ട് ചോര്‍ന്നതായും സിപിഎം റിപ്പോര്‍ട്ടിലുണ്ട്. കേരളാ കോണ്‍ഗ്രസിന്റെ പരാതിയില്‍ അന്വേഷണമുണ്ടാകും. ജോസ് കെ മാണിയുടെ തോല്‍വിയാണ് അന്വേഷിക്കുക. പാര്‍ട്ടി വോട്ടുകള്‍ പാലായില്‍ വേണ്ടത്ര ജാഗ്രതയോടെ ചെയ്യിക്കാനായില്ലെന്നും സിപിഎം വിലയിരുത്തിയിരുന്നു. അതുകൊണ്ടുതന്നെ പാലായിലെ തോല്‍വിയിലും സിപിഎമ്മും പരിശോധന നടത്തും.
ഇടതുമുന്നണി മൂന്നാമതെത്തിയ മണ്ഡലങ്ങളിലാണ് പ്രത്യേക പരിശോധന നടത്തുക. പാലക്കാട്, കാസര്‍കോട്, മഞ്ചേശ്വരം എന്നിവിടങ്ങളിലെ തോല്‍വിയും പ്രത്യേകം പരിശോധിക്കും. ജില്ലാതലത്തിലാകും പരിശോധന നടത്തുക. അരുവിക്കര, കുണ്ടറ, തൃപ്പൂണിത്തുറ, ഒറ്റപ്പാലം എന്നിവിടങ്ങളിലെ പരാതികളിലും പരിഗണിക്കും.