100 കോടി ഡോളര്‍ ചെലവില്‍ അത്യാധുനിക ന്യൂക്ലിയര്‍ ബോംബുകള്‍ നിര്‍മ്മിക്കാന്‍ തുടക്കമിട്ട് അമേരിക്ക; നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നത് ഫുട്‌ബോള്‍ ആകൃതിയിലുള്ള 80 ന്യൂക്ലീയര്‍ ബോംബുകള്‍; ഈ അണുവായുധ നിര്‍മ്മാണത്തിന് പിന്നില്‍…!

പ്രകാശ് നായര്‍ മേലില
Friday, July 10, 2020

റഷ്യയും ചൈനയുമായുള്ള അമേരിക്കയുടെ ശത്രുത വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സൗത്ത് കരോലിനയിലെ സവാന നദിയോടുചേർന്ന 2 ലക്ഷം ഏക്കർ വിസ്തൃതിയുള്ള ഭൂഭാഗത്ത് 30 വർഷമായി അടച്ചുപൂട്ടിക്കിടന്ന ഫാക്ടറികളിലും ന്യൂ മെക്സിക്കോയിലെ ലോസ് എൽമോസിലുമായി അമേരിക്ക, 1000 കോടി ഡോളർ ചെലവിട്ട് അത്യാധുനിക ന്യൂക്ലിയർ ബോംബുകളും ആയുധങ്ങളും നിർമ്മിക്കാൻ തുടക്കമിട്ടിരിക്കുന്നു.

ഇതിലേക്കായി 3 കോടി 70 ലക്ഷം ഗ്യാലൻ റേഡിയോ ആക്റ്റീവ് തരളപദാർത്ഥം ഇവിടെ എത്തിച്ചിട്ടുണ്ട്. 30 വർഷങ്ങൾക്കുശേഷം വീണ്ടും ഇവിടെ അണുവായുധങ്ങളുടെ ഉദ്പ്പാദനം തുടങ്ങുകയാണ്. 2018 ൽ ട്രംപ് ഭരണകൂടം ഈ നിർമ്മാണത്തിന് അനുമതി നൽകിയിരുന്നു. ഫുട്ബാൾ ആകൃതിയുള്ള 80 ഉന്നതശക്തിയുള്ള ന്യൂക്ലിയർ ബോംബുകളാണ് നിർമ്മിക്കാൻ ലക്ഷ്യമിടുന്നത്.

‘ദ നാഷണല്‍ ന്യൂക്ലിയര്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ ഓഫ് യുഎസ്എ (എന്‍എന്‍എസ്എ)’യുടെ മുന്നറിയിപ്പുപ്രകാരം അമേരിക്കയുടെ കൈവശം ഇപ്പോഴുള്ള അണുവായുധങ്ങൾ മുഴുവൻ പഴക്കം ചെന്നവയും അതുകൊണ്ടുതന്നെ ആധുനിക ടെക്‌നോ ളജിക്ക്‌ അനുകൂലമായവയുമല്ല എന്ന് കണ്ടെത്തുകയും മറ്റു രാജ്യങ്ങൾക്കുമേൽ ആധിപത്യം സ്ഥാപിക്കാനും ലോകത്തിന്റെ മേധാവിത്വം ഉറപ്പിക്കാനും കൂടുതൽ കരുത്താർജ്ജിക്കേണ്ടത് അനിവാര്യമാണെന്നുമുള്ള നിരീക്ഷണങ്ങളാണ് ഇപ്പോഴത്തെ അണുവായുധനിർമ്മണത്തിനുപിന്നിലുള്ളത്.

സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസേർച്ച് ഇൻസ്റ്റിട്യൂട്ട് ന്റെ വളരെ കൃത്യമായ കണക്കുകൾ പ്രകാരം അമേരിക്കയുടെ കൈവശം ഇപ്പോൾ 7550 അണുവായുധങ്ങൾ നിലവിലുണ്ട്. ഇതിൽ 1750 എണ്ണം വിവിധ മിസൈലുകളിലും ബോംബർ വിമാനങ്ങളിലും സജ്ജമാക്കി വച്ചിരിക്കുകയാണ്.അതുകൂടാതെ 150 എണ്ണം യൂറോപ്യൻ രാജ്യങ്ങളിൽ റഷ്യയെ നേരിടാൻ വേണ്ടി മിസൈലുകളിലും ബോംബർ വിമാനങ്ങളിലും ഘടിപ്പിച്ചു വച്ചിട്ടുമുണ്ട്.

അണുവായുധങ്ങൾ റഷ്യയുടെ പക്കൽ 6375 എണ്ണമുണ്ട്. ചൈനയ്ക്ക് 320 ഉം. ലോകത്തെ പലതവണ ചുട്ടുകരിക്കാനുള്ള ആയുധങ്ങളാണ് ഈ രാജ്യങ്ങളെല്ലാം കൂടി ഇപ്പോൾത്തന്നെ സമാഹരിച്ചുവച്ചിരിക്കുന്നത്.

×