Advertisment

ഷഹീന്‍ ബാഗ് സമരക്കാര്‍ അമിത് ഷായുടെ വസതിയിലേക്കു നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു, പ്രതിഷേധം

New Update

ന്യൂഡല്‍ഹി: ഷഹീന്‍ ബാഗ് പ്രക്ഷോഭകാരികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലേക്കു നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. ഇതേതുടര്‍ന്ന് അല്‍പദൂരം മാര്‍ച്ച് നടത്തിയ ശേഷം സമരക്കാര്‍ റോഡില്‍ കുത്തിയിരുന്നു.

Advertisment

publive-image

അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്കു അവസരമൊരുക്കാമെന്ന് പൊലീസ് ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നു പ്രതിഷേധക്കാര്‍ തിരികെ പോയി. പൊലീസ് അനുമതി ലഭിച്ചിരുന്നില്ലെങ്കിലും ഇന്ന് രണ്ടരയോടെ വനിതാ പ്രക്ഷോഭകര്‍ ഷായുടെ ഔദ്യോഗിക വസതിയിലേക്കു മാര്‍ച്ച് ആരംഭിക്കുകയായിരുന്നു.

സ്ഥലത്ത് വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്. മാര്‍ച്ച് തടഞ്ഞ പൊലീസ്, ആഭ്യന്തര മന്ത്രിയെ കാണുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നു സമരക്കാരെ അറിയിച്ചു. ശനിയാഴ്ച 3 മണിക്കാണ് മാര്‍ച്ചിന് അനുമതി തേടി സമരക്കാര്‍ ന്യൂഡല്‍ഹി പൊലീസിനെ സമീപിച്ചത്. രണ്ടു ജില്ലകളിലൂടെ കടന്നുപോകുന്നതിനാല്‍ അന്തിമ തീരുമാനത്തിനായി പൊലീസ് ആസ്ഥാനത്തേക്ക് അപേക്ഷ അയച്ചിരിക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ആഭ്യന്തര മന്ത്രിയെ കാണുന്നവരുടെ വിവരങ്ങള്‍ പൊലീസ് ചോദിച്ചെങ്കിലും സമരക്കാര്‍ നല്‍കിയില്ല. മന്ത്രി എല്ലാവരെയും ഒരുമിച്ചു കാണണമെന്നും പൗരത്വ നിയമവും പൗരത്വ റജിസ്റ്ററും നടപ്പാക്കില്ലെന്നും എഴുതി തരണമെന്നുമാണ് സമരക്കാരുടെ ആവശ്യം. ഒരുമിച്ചു സന്ദര്‍ശനം അനുവദിക്കാന്‍ സാധിക്കില്ലെന്നു പൊലീസ് അറിയിച്ചു.

പൗരത്വ നിയമത്തെ കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ക്കാന്‍ തയാറാണെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കാണണമെന്ന ആവശ്യവുമായി പ്രതിഷേധക്കാര്‍ രംഗത്തുവന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നോയിഡ ദേശീയപാതയില്‍ ഡിസംബര്‍ 16-ന് ആരംഭിച്ച സമരം ഞായറാഴ്ച രണ്ടു മാസം തികഞ്ഞു. സമരത്തില്‍ പിന്നോട്ടില്ലെന്നും ചര്‍ച്ചയ്ക്കു തയാറാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഷഹീന്‍ ബാഗ് സമരം ചര്‍ച്ചാവിഷയമായിരുന്നു. ബി.ജെ.പി നേതാക്കള്‍ സമരക്കാര്‍ക്കെതിരേ നടത്തിയ വിദ്വേഷപ്രസംഗം തിരഞ്ഞെടുപ്പു പരാജയത്തിനു കാരണമായെന്ന് അമിത് ഷാ പറഞ്ഞിരുന്നു.

amit shah caa march shaheen bagh
Advertisment