Advertisment

പ്രതിഫലം കുറയ്ക്കാന്‍ തീരുമാനിച്ച് താരസംഘടന 'അമ്മ'; യോഗം നടന്നത് കണ്ടെയ്ന്‍മെന്റ് സോണിലെ ഹോട്ടലില്‍; കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് യോഗം നിര്‍ത്തി; നിയന്ത്രണ മേഖലയാണെന്ന് അറിയാതെയാണ് യോഗം ചേര്‍ന്നതെന്ന് വിശദീകരണം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

കൊച്ചി: കണ്ടെയ്ന്‍മെന്റ് സോണിലെ ഹോട്ടലില്‍ നടന്ന താരസംഘടന അമ്മയുടെ യോഗം പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചു. 50 ശതമാനം വരെ പ്രതിഫലം കുറക്കാൻ തയ്യാറാണെന്ന് അമ്മ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കാന്‍ യോഗത്തില്‍ തീരുമാനമായിരുന്നു. ചക്കരപ്പറമ്പ് ഹോളി ഡേ ഇൻ ഹോട്ടലിൽ അമ്മയുടെ നിര്‍വാഹകസമിതി യോഗത്തിലായിരുന്നു തീരുമാനം.

യോഗം നടന്ന ഹോളിഡേ ഇൻ ഹോട്ടൽ കണ്ടെയ്ൻമെന്റ് സോണായ ചക്കരപറമ്പ് 46–ാം ഡിവിഷനിലാണെന്നതിനാൽ യോഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു ഡിവിഷൻ കൗൺസിലർ പി.എം. നസീമയുടെ നേതൃത്വത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. ഇതേ തുടർന്നാണ് അമ്മ നിർവ്വാഹക സമിതി യോഗം നിർത്തിവെച്ചത്.

യോഗം നടത്തിയവർക്കെതിരേയും ഹോട്ടലിനെതിരേയും നടപടിയെടുക്കാമെന്ന് പൊലീസ് ഉറപ്പു നൽകിയതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. നിയന്ത്രണ മേഖലയാണെന്ന് അറിയാതെയാണ് യോഗം ചേർന്നതെന്നാണ് വിശദീകരണം. നിയന്ത്രണ മേഖലയാണെന്ന് വ്യക്തമായപ്പോൾ തന്നെ യോഗം അവസാനിപ്പിച്ചുവെന്നും ചർച്ചകൾ നടന്നില്ലെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു.

50 ശതമാനം വരെ പ്രതിഫലം കുറയ്ക്കാൻ താരങ്ങൾ തയാറാകുമെന്ന സൂചനയാണ് ഉണ്ടായിരുന്നത്. എന്നാൽ പൂർത്തിയാകാത്തതിനാൽ ഇതു സംബന്ധിച്ച തീരുമാനങ്ങൾ എടുത്തിട്ടില്ലെന്നു ഇടവേള ബാബു പറഞ്ഞു. സൗകര്യപ്രദമായ മറ്റൊരു ദിവസം യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ പെയ്ഡ് ക്വാറന്റീൻ സംവിധാനമായി പ്രവർത്തിക്കുന്ന ഹോട്ടലിൽ നിയന്ത്രണം ലംഘിച്ചു യോഗം നടത്തുകയായിരുന്നുവെന്നു കൗൺസിലർ പറഞ്ഞു. ജനറൽ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡൻറുമാരായ മുകേഷ്, ഗണേഷ് കുമാർ, അംഗങ്ങളായ സിദ്ദിഖ്,ആസിഫ് അലി,രചന നാരായണൻകുട്ടി തുടങ്ങിയവരാണ് കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാനെത്തിയത്.

Advertisment