കോഴിക്കോട്‌

സ്കൂൾ മുറ്റത്ത് കരനെൽ കൃഷിയുമായി ആനക്കാംപൊയിൽ യുപി സ്കൂൾ

മജീദ്‌ താമരശ്ശേരി
Monday, July 12, 2021

തിരുവമ്പാടി: ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂൾ അങ്കണത്തിൽ വീണ്ടും കരനെൽകൃഷി ആരംഭിച്ചു. സ്കൂൾ ഈ വർഷം നടപ്പാക്കുന്ന ഗോ ഗ്രീൻ പദ്ധതിയുടെ ഭാഗമായിട്ടാണ് സ്കൂൾ കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ കൃഷി തുടങ്ങിയത് .

കഴിഞ്ഞ വർഷം കരനെല്ലും ചോളവും എള്ളും ചേനയും വാഴയും പച്ചക്കറികളുമൊക്കെ വിളയിച്ച് സ്കൂൾ പരിസരം പച്ചപ്പിൽ നിലനിർത്തി മാതൃക കാട്ടിയ വിദ്യാലയമാണ് ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂൾ.

തിരുവമ്പാടി കൃഷിഭവന്റെയും പിടിഎയുടെയും സഹകരണത്തോടെ 120 ദിവസം കൊണ്ട് വിളവെടുക്കാവുന്ന ഉമ എന്ന ഇനം വിത്താണ് വിതച്ചത്. വിത്ത് വിതയ്ക്കലിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ.അഗസ്റ്റിൻ ആലുങ്കൽ നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം മഞ്ജു ഷിബിൻ പ്രധാനാധ്യാപകൻ ജെയിംസ് ജോഷി എം പിടിഎ പ്രസിഡന്റ് ജയ പടിഞ്ഞാറെക്കുറ്റ് കാർഷിക ക്ലബ് കോർഡിനേറ്റർമാരായ ജെസ്റ്റിൻ പോൾ,  സിസ്റ്റർ ഷൈനി മാത്യു, സ്റ്റാഫ് സെക്രട്ടറി ആലിസ് വി തോമസ് വിദ്യാർഥി പ്രതിനിധി മുഹമ്മദ് മുസ്താഖ് എന്നിവർ പ്രസംഗിച്ചു.

അധ്യാപകരായ എൻ ജെ ദീപ, എം റസീന, സിസ്റ്റർ ജീന തോമസ്, ഓഫീസ് അസിസ്റ്റന്റ് റോമൽ ചെറിയാൻ എന്നിവർ നേതൃത്വം നൽകി.

×