കൊല്ലം : അഞ്ചലില്‍ പത്താംക്ലാസുകാരനെ വാഴക്കയ്യിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിട്ട് ഒരു വര്‍ഷം പിന്നിട്ടു. വിജേഷ് ബാബുവിന്റേത് കൊലപാതകമാണെന്ന് ബന്ധുക്കള്‍ ഇപ്പോഴും വിശ്വസിക്കുന്നു. എന്നാല്‍ തൂങ്ങി മരണം തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്.
വിജേഷ് ബാബു 2019 ഡിസംബര്‍ ഇരുപതാം തീയതിയാണ് മരിച്ചത്. പത്തൊന്‍പതാം തീയതി വൈകുന്നേരം മുതല്‍ കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിയുടെ മൃതദേഹം വീടിനു സമീപമുള്ള പുരയിടത്തിലെ വാഴക്കയ്യില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു. ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.
ബന്ധുക്കളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് കേസ് വീണ്ടും അന്വേഷിക്കാന്‍ തീരുമാനിച്ചു. ഇതുവരെ ദൂരുഹതകളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
എന്നാല്‍ മകന്റേത് കൊലപാതകമാണെന്ന നിലപാടില്‍ തന്നെയാണ് വിജേഷിന്റെ അച്ഛനും അമ്മയും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.