ഇരുപത്തി നാലു വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെത്തി മത്സ്യകൃഷി തുടങ്ങി ; ആധുനിക സംവിധാനത്തോടെ കുളത്തില്‍ വളര്‍ത്തിയ മീനുകളെ സാമൂഹിക വിരുദ്ധര്‍ വെള്ളത്തില്‍ വിഷം കലര്‍ത്തി കൊന്നു ; പത്തനാപുരത്ത് പ്രവാസിയോട് ചെയ്ത ക്രൂരത ഇങ്ങനെ..

ന്യൂസ് ബ്യൂറോ, കൊല്ലം
Tuesday, January 28, 2020

പത്തനാപുരം : ഇരുപത്തിനാലു വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെത്തി സ്വയം തൊഴിൽ കണ്ടെത്തിയ പ്രവാസിയോട് സാമൂഹിക വിരുദ്ധരുടെ ക്രൂരത. സമ്പാദ്യം മുടക്കി ആധുനിക സംവിധാനത്തോടെ കുളത്തിൽ വളർത്തിയ മത്സ്യങ്ങളെ സാമൂഹിക വിരുദ്ധർ വെള്ളത്തിൽ വിഷംകലർത്തി കൊന്നു. പാടം വെള്ളംതെറ്റി അശോക്ഭവനിൽ അനിൽ കുമാറിന്റെ മത്സ്യക്കൃഷിയാണ് നശിപ്പിച്ചത്.

പതിനായിരത്തിലധികം മത്സ്യങ്ങളും മത്സ്യക്കുഞ്ഞുങ്ങളുമാണ് ചത്തുപൊങ്ങിയത്. രാവിലെ തീറ്റകൊടുക്കാൻ എത്തിയപ്പോഴാണ് മീനുകൾ ചത്തുപൊങ്ങിയനിലയിൽ ഉടമ കണ്ടത്. മൂന്നു കുളങ്ങളിലായി അൻപതിനായിരം മത്സ്യങ്ങളെയാണ് നിക്ഷേപിച്ചിരുന്നത്. ഈ ആഴ്ച വിളവെടുക്കാനിരുന്ന ഒരു കുളത്തിലാണ് വിഷം കലർത്തിയതായി കണ്ടെത്തിയത്.

സിലോപ്പിയ, നട്ടർ, രോഹു ഇനത്തിൽപ്പെട്ട മീനുകളാണ് ചത്തുപൊങ്ങിയത്. ഒരെണ്ണത്തിന്‌ അരക്കിലോയ്ക്കു മുകളിൽ തൂക്കം വരുന്നതായിരുന്നു. അഞ്ചുലക്ഷം രൂപയിലധികം നഷ്ടം സംഭവിച്ചതായി കർഷകൻ പറഞ്ഞു. ഇൻഷുറൻസ് എടുക്കാതിരുന്നതും തിരിച്ചടിയായി.

24 വർഷത്തെ പ്രവാസജീവിതത്തിനുശേഷം നാട്ടിലെത്തി ജീവിതമാർഗത്തിനായി മത്സ്യക്കൃഷി തുടങ്ങുകയായിരുന്നു. കൈവശമുണ്ടായിരുന്ന സമ്പാദ്യം വിനിയോഗിച്ചും വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയും സുഹൃത്തുക്കളിൽനിന്നു കടം വാങ്ങിയുമാണ് 15 ലക്ഷത്തിലധികം രൂപ ചെലവിൽ മത്സ്യക്കൃഷി ആരംഭിച്ചത്. ഭാര്യയും മക്കളും സഹോദരീ ഭർത്താവുമാണ് കൃഷിയിൽ അനിൽകുമാറിനെ സഹായിച്ചിരുന്നത്.

×