മതവ്യത്യാസങ്ങൾ മാറിനിന്നു ;  ജമാഅത്ത് കമ്മിറ്റി പന്തലും സദ്യയുമൊരുക്കി , നാടൊന്നായി അനുഗ്രഹ വർഷം ചൊരിയാനെത്തി ; അഞ്ജുവും ശരത്തും വിവാഹിതരായി

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Sunday, January 19, 2020

കായംകുളം : മതവ്യത്യാസങ്ങൾ മാറിനിന്നു. ജമാഅത്ത് കമ്മിറ്റി പന്തലും സദ്യയുമൊരുക്കി. നാടൊന്നായി അനുഗ്രഹവർഷം ചൊരിയാനെത്തി. അഞ്ജുവും ശരത്തും വിവാഹിതരായി.

ഞായറാഴ്ച ഉച്ചയ്ക്ക് 12.10 നു ശേഷമുള്ള മുഹൂർത്തത്തിൽ ചേരാവള്ളി അമൃതാഞ്ജലിയിൽ ബിന്ദുവിന്റെയും പരേതനായ അശോകന്റെയും മകൾ അഞ്ജുവിന് കൃഷ്ണപുരം കാപ്പിൽ കിഴക്ക് തോട്ടേതെക്കേടത്ത് തറയിൽ ശശിധരന്റെയും മിനിയുടെയും മകൻ ശരത് വരണമാല്യം ചാർത്തി. ചേരാവള്ളി മുസ്‍ലിം ജമാഅത്ത് കമ്മിറ്റിയുടെ സഹകരണത്തോടെയാണു വിവാഹച്ചടങ്ങുകൾ നടന്നത്.

അശോകൻ മരിച്ചതോടെ ജീവിതം പ്രസിസന്ധിയിലായ ബിന്ദു മകളുടെ വിവാഹം നടത്താൻ അയൽവാസിയും ജമാഅത്ത് സെക്രട്ടറിയുമായ നുജുമുദീൻ ആലുംമൂട്ടിലിന്റെ സഹായം തേടിയിരുന്നു. അങ്ങനെയാണ് ജമാഅത്ത് കമ്മിറ്റിക്കു മുന്നിൽ അഭ്യർഥനയെത്തിയത്.

ജമാഅത്ത് അംഗങ്ങൾ ഒന്നായി നിന്നു വിവാഹം നടത്താൻ തയാറ‍ായി. 2500 പേർക്കു ജമാഅത്ത് കമ്മിറ്റി ഭക്ഷണമൊരുക്കിയിരുന്നു. വിവാഹവേദിയിൽ 200 പേർക്ക് ഇരിക്കാൻ സൗകര്യമൊരുക്കി.

പുറത്തു വിശാലമായ പന്തലും കെട്ടി. നേരിട്ടു ക്ഷണിച്ചതിനെക്കാൾ ആളുകൾ നന്മയും സ്നേഹവും വിളംബരം ചെയ്യുന്ന ചടങ്ങു കേട്ടറിഞ്ഞു വിവാഹത്തിനെത്തിയിരുന്നു.

×